പെരുമ്പാവൂരില്‍ കാലുവാരിയിട്ടും സി.പി.എം നേതാക്കള്‍ക്കെതിരേ നടപടിയില്ലെന്ന് സ്ഥാനാര്‍ഥി
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ എല്‍.ഡി.എഫ് പരാജയത്തിന് ഉത്തരവാദികളായ സി.പി.എം നേതാക്കള്‍ക്കെതിരേ പാര്‍ട്ടി സ്വീകരിച്ച നടപടിയെ പരിഹസിച്ച് പെരുമ്പാവൂരില്‍ മല്‍സരിച്ച കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയും പാര്‍ട്ടി ജില്ലാ പ്രസിഡന്റുമായ ബാബു ജോസഫ്. തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്‍.സി മോഹനനെതിരായ നടപടി പാര്‍ട്ടി ശാസനയില്‍ ഒതുക്കിയതിലാണ് ബാബു ജോസഫിന്റെ പരിഹാസം. പ്രധാനപ്പെട്ട ചില നേതാക്കളുടെ ഭാഗത്ത് നിന്നു തനിക്കെതിരായ നീക്കങ്ങളുണ്ടായെന്നും അവര്‍ കാലുവാരിയതിനാലാണ് പരാജയപ്പെട്ടതെന്നും ബാബു ജോസഫ് പറഞ്ഞു. യു.ഡി.എഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന പഞ്ചായത്തുകളില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു.
എന്നാല്‍ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളായ നാല് പഞ്ചായത്തുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എല്‍ദോസ് കുന്നപ്പള്ളി ലീഡ് ചെയ്യുന്ന സാഹചര്യം ഉണ്ടായി. സി.പി.എമ്മിന്റെ ഉരുക്കുകോട്ടകളിലാണ് വോട്ട് ചോര്‍ച്ച ഉണ്ടായത്. ചില നേതാക്കളുടെ ഭാഗത്തുനിന്ന് തന്നെ തോല്‍പ്പിക്കാന്‍ കൃത്യമായ ഇടപെടലുണ്ടായി എന്നും ബാബു ജോസഫ് കുറ്റപ്പെടുത്തി.
ശാസനയാണ് പാര്‍ട്ടി നല്‍കുന്ന കഠിന തടവെങ്കില്‍ നന്ന്. ശാസന അത്ര ഗൗരവമുള്ളകാര്യമാണെന്നാണ് പലരും പറഞ്ഞത്. ഗൗരവമില്ലെങ്കില്‍ പാര്‍ട്ടി ആ നിലക്കേ കണ്ടിട്ടുള്ളൂവെന്ന് മാത്രം. എന്തായാലും തനിക്ക് പരാതിയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷി എന്ന നിലയില്‍ താന്‍ പണം ചെലവാക്കിയതല്ലാതെ മറ്റാരും സഹായിച്ചിട്ടില്ല. ഘടകകക്ഷി മത്സരിക്കുന്നിടത്തൊക്കെ സ്ഥാനാര്‍ഥി തന്നെ ചെലവ് വഹിക്കണമെന്നാണ് പറഞ്ഞത്. എന്നോട് ഇത് പറയുമ്പോഴും മറ്റ് മണ്ഡലങ്ങളില്‍ സഹായിച്ചിട്ടുണ്ട്. ഘടകകക്ഷി എന്ന നിലയില്‍ സി.പി.എമ്മാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കേണ്ടിയിരുന്നത്. തന്നെ സംരക്ഷിക്കേണ്ടത് സി.പി.എം ആയിരുന്നു. എന്നാല്‍ അത്തരത്തിലൊരു സഹകരണവും സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."