40 ലക്ഷം അഫ്ഗാനികള്‍ ഭക്ഷ്യ അടിയന്തരാവസ്ഥ നേരിടുന്നു: യു.എന്‍
3.6 കോടി ഡോളര്‍ അടിയന്തരമായി ലഭിച്ചില്ലെങ്കില്‍ ശൈത്യകാല കൃഷി താളംതെറ്റും
ന്യൂയോര്‍ക്ക്: അഫ്ഗാനിലെ ഗ്രാമങ്ങളില്‍ കഴിയുന്ന 40 ലക്ഷം പേര്‍ ഭക്ഷ്യ അടിയന്തരാവസ്ഥ നേരിടുന്നതായി യു.എന്‍. ഗ്രാമീണ പ്രദേശങ്ങളില്‍ കഴിയുന്ന ഭൂരിപക്ഷത്തിനും ഗോതമ്പ് കൃഷിക്കും കന്നുകാലികള്‍ക്ക് തീറ്റ നല്‍കാനും 3.6 കോടി ഡോളര്‍ അടിയന്തരമായി ആവശ്യമുണ്ട്. അതുപോലെ പ്രയാസപ്പെടുന്ന കുടുംബങ്ങളെയും പ്രായമായവരെയും അംഗപരിമിതരെയും സാമ്പത്തികമായി സഹായിക്കാനുമായി ഈ തുക എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് യു.എന്‍ ഭക്ഷ്യ-കൃഷി സംഘടന അടിയന്തരവിഭാഗം ഡയരക്ടര്‍ റെയിന്‍ പോള്‍സന്‍ ആവശ്യപ്പെട്ടു.
അഫ്ഗാനിലെ ജനസംഖ്യയില്‍ 70 ശതമാനവും ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. രാജ്യത്തെ 34 പ്രവിശ്യകളില്‍ 25ലും കഴിയുന്ന 73 ലക്ഷം ആളുകളെ കടുത്ത വരള്‍ച്ച ബാധിച്ചിരിക്കുകയാണ്. ഇവരെ കൊവിഡ് മഹാമാരിയും ശക്തമായി ബാധിച്ചതായി റെയിന്‍ പോള്‍സന്‍ പറഞ്ഞു.
40 ലക്ഷം അഫ്ഗാനികള്‍ ഉയര്‍ന്നതോതിലുള്ള പോഷകാഹാരക്കുറവ് നേരിടുന്നതായും ഇവരില്‍ ഉയര്‍ന്ന മരണനിരക്ക് നിലനില്‍ക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ജി.ഡി.പിയുടെ 25 ശതമാനവും കൃഷിയില്‍ നിന്നാണ്. തൊഴിലാളികളില്‍ 45 ശതമാനവും കാര്‍ഷിക ജോലികള്‍ ചെയ്യുന്നവരാണ്.
ജനസംഖ്യയിലെ 80 ശതമാനത്തിനും ജീവിതമാര്‍ഗമാണ് കൃഷി. നിര്‍ധന കുടുംബങ്ങള്‍ കന്നുകാലിവളര്‍ത്തല്‍ ഉപജീവനമാര്‍ഗമാക്കിയവരാണ്. എന്നാല്‍ കടുത്ത വരള്‍ച്ച മൂലം 30 ലക്ഷം വളര്‍ത്തുമൃഗങ്ങള്‍ക്കും ആവശ്യത്തിന് പുല്ല് ലഭ്യമല്ലാത്ത സ്ഥിതിയാണുള്ളത്.
ശൈത്യകാലത്താണ് അഫ്ഗാനില്‍ കൃഷിചെയ്യുന്നത്. എന്നാല്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നതും പണലഭ്യതയില്ലാത്തതും കാര്‍ഷികവസ്തുക്കളും വിപണിയുമില്ലാത്തതും വെല്ലുവിളിയാണ്. കര്‍ഷകര്‍ക്കു നിലമൊരുക്കാനും വിത്തുപാകാനും അടിയന്തരമായി സഹായം ലഭിക്കണം. ഒരു കര്‍ഷകന് വിത്തിനും വളത്തിനുമായി 150 ഡോളറെങ്കിലും ആവശ്യമാണ്. ഇത് ഉപയോഗിച്ച് ഏഴംഗ കുടുംബത്തിന് 12 ലക്ഷം ടണ്‍ ഗോതമ്പ് ഉല്‍പാദിപ്പിക്കാനും ഒരുവര്‍ഷം പ്രശ്‌നങ്ങളില്ലാതെ കഴിയാനും സാധിക്കും- പോള്‍സന്‍ പറഞ്ഞു.
ശൈത്യകാലത്ത് കൃഷിക്കു വേണ്ട 3.6 കോടി ഡോളര്‍ യു.എന്‍ ആവശ്യപ്പെട്ട 60.6 കോടി ഡോളറിന്റെ ഭാഗമാണ്. ജനീവയില്‍ തിങ്കളാഴ്ച നടന്ന യോഗത്തില്‍ വിവിധ രാജ്യങ്ങള്‍ 120 കോടി ഡോളര്‍ അഫ്ഗാനെ സഹായിക്കാനായി നല്‍കാമെന്നേറ്റിട്ടുണ്ട്. ഇത് യു.എന്‍ ആവശ്യപ്പെട്ടതിന്റെ ഇരട്ടിയാണ്. എന്നാല്‍ അത് വാഗ്ദാനമാണെന്നും ഇതില്‍ 3.6 കോടി ഡോളര്‍ ഉടന്‍ ലഭിച്ചെങ്കിലേ ഫലമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."