പ്രതീക്ഷകളുയര്‍ത്തി ദുബൈ എയര്‍ ഷോ
ദുബൈ: ദുബൈ എയര്‍ ഷോ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ എയര്‍പോര്‍ട്ടില്‍ നടന്നു വരുന്ന ദുബൈ എയര്‍ ഷോക്ക് അഭൂതപൂര്‍വമായ പ്രതികരണം. 95 രാജ്യങ്ങളില്‍ നിന്നുള്ള 1,400 പ്രദര്‍ശകര്‍ അണിനിരക്കുന്ന വ്യോമയാന മേഖലയിലെ ഏറ്റവും വലിയ മേളകളിലൊന്നാണിത്. ലോകോത്തര നിലവാരത്തിലുള്ള ഈ മേള ദുബൈയുടെ ചരിത്രത്തിലെ ശ്രദ്ധേയമായതാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിപ്രായപ്പെട്ടു.
ആഗോള വ്യോമയാന മേഖലയുടെ ഭാവിയെ ശോഭനമാക്കുന്ന ഈ പ്രദര്‍ശനത്തില്‍ മള്‍ട്ടി ബില്യന്‍ ഡോളറിന്റെ ഡീലുകളിലാണ് ധാരണയാവുക. ആഗോള വ്യോമയാന മേഖലയുടെ വളര്‍ച്ചയും വികാസവും ദുബൈയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഏറ്റവും പ്രധാനപ്പെട്ട ആഗോള നിക്ഷേപ അവസരങ്ങളുടെ സംഗമ ഇടമായി യുഎഇ നിലനില്‍ക്കുമെന്നും ശൈഖ് മുഹമ്മദ് എക്‌സ് പ്‌ളാറ്റ്‌ഫോമില്‍ കുറിച്ചു. കുറഞ്ഞത് 300 മുതല്‍ 400 വരെ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. മുന്‍ വര്‍ഷത്തെ 7400 കോടി ഡോളറിന്റെ ഇടപാട് മറികടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
1986ലാണ് ആദ്യ എയര്‍ ഷോ നടത്തിയത്. 'ദി ഫ്യൂച്ചര്‍ ഓഫ് ദി എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രി' എന്ന പ്രമേയത്തില്‍ 17 വരെ നീളുന്ന പ്രദര്‍ശനത്തില്‍ നവീന സൗകര്യമുള്ള പുതിയ വിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.
ലോകത്തിലെ ആദ്യ പ്രീമിയം ലീഷര്‍ എയര്‍ലൈനായ 'ബിയോണ്ട്' അത്യാധുനിക എയര്‍ബസ് എ319മായാണ് എത്തിയത്. ഇവിമാനങ്ങള്‍, ഡ്രോണ്‍ തുടങ്ങിയവരുടെ വന്‍ നിരയുമുണ്ട്. വെര്‍ട്ടികല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് സൗകര്യമുള്ളവ ഉള്‍പ്പെടെ വാണിജ്യ, സ്വകാര്യ ശേഖരത്തിലെ 180 വിമാനങ്ങളാണ് മറ്റൊരു സവിശേഷത. ലോകത്തിലെ ഏറ്റവും മികച്ച പോര്‍വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ എന്നിവയ്‌ക്കൊപ്പം അത്യാഡംബര വിമാനങ്ങളും പ്രദര്‍ശിപ്പിക്കും.
എമിറേറ്റ്‌സ് മിഷന്‍ ടു ദി ആസ്റ്ററോയ്ഡ് ബെല്‍റ്റ്, പ്‌ളാനറ്റ് എക്‌സ് ചാലഞ്ച്, സ്‌പേസ് എകണോമിക് സോണ്‍ പ്രോഗ്രാം എന്നിവ ഉള്‍പ്പെടെ നവീന പദ്ധതികളുമായി യുഎഇ സ്‌പേസ് ഏജന്‍സിയുടെ സാന്നിധ്യവുമുണ്ട്. പ്രദര്‍ശനത്തിന് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. എന്നാല്‍ ദിവസേന ഉച്ച 2ന് നടക്കുന്ന എയര്‍ ഷോ കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്.
ഇബ്ന്‍ ബത്തൂത്ത മെട്രോ സ്റ്റേഷന്‍ പരിസരത്തുനിന്ന് രാവിലെ 11 മുതല്‍ വൈകിട്ട് 7 വരെ ഷട്ടില്‍ സര്‍വീസുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."