ജില്ലാ വികസനസമിതി: കുടിവെള്ളവും തെരുവ് നായയും പ്രധാനവിഷയമായി
കൊച്ചി: ജില്ലാ വികസനസമിതി യോഗത്തില്‍ കുടിവെള്ള ക്ഷാമവും നായശല്യവും പ്രധാനവിഷയങ്ങളായി. ഇന്നലെ കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരും മറ്റ് ജനപ്രതിനിധികളും ഈ രണ്ട് വിഷയങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്. ഉദയംപേരൂര്‍, തൃപ്പൂണിത്തുറ, പശ്ചിമകൊച്ചി എന്നിവിടങ്ങളിലെ കുടിവെള്ളക്ഷാമത്തെപ്പറ്റി എം സ്വരാജ് എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാദേവി, ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ എന്നിവര്‍ പരാതികള്‍ ഉന്നയിച്ചു. ഉദയംപേരൂരില്‍ മൂന്നാഴ്ചയായി കുടിവെള്ളം മുടങ്ങിയിരിക്കുകയാണെന്ന് എം സ്വരാജ് പറഞ്ഞു. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മൂവാറ്റുപുഴയാറില്‍ സ്ഥിരം ബണ്ട് നിര്‍മ്മിക്കുന്നകാര്യം ആലോചിച്ചുവരികയാണെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു.
പി.ടി തോമസ്, വി.പി സജീന്ദ്രന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം ജോണ്‍ എന്നിവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍, വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, ജില്ലാ ആസൂത്രണ സമിതി ഓഫീസര്‍ സാലി ജോസഫ് എന്നിവരും പങ്കെടുത്തു.
മുളന്തുരുത്തി റെയില്‍വേ ഓവര്‍ബ്രിഡ്ജിനായി സ്ഥലം വിട്ടുനല്‍കുന്നതിന് 12 പേര്‍ സമ്മതപത്രം നല്‍കിയതായി ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) ജോസ് അറിയിച്ചു. ഇത് സംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. കോതമംഗലം, പെരുമ്പാവൂര്‍, കൂത്താട്ടുകുളം ഭാഗങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ആവശ്യപ്പെട്ടു. വിവിധ പാതയോരങ്ങളില്‍ നില്‍ക്കുന്ന മരങ്ങള്‍ അപകടസ്ഥിതിയിലാണോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സര്‍പ്പിക്കാന്‍ ദേശീയപാത, പി.ഡബ്‌ള്യു.ഡി അധികൃതര്‍ക്ക് ജില്ലാകലക്ടര്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഇതിന്റെ പേരില്‍ മുഴുവന്‍ മരങ്ങളും മുറിച്ച് മാറ്റുന്ന സ്ഥിതി അനുവദിക്കരുതെന്നും പി.ടി തോമസ് എം.എല്‍.എ വ്യക്തമാക്കി. ഇക്കാര്യത്തില്‍ 20 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പി.ഡബ്ല്യു.ഡിയ്ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. മണികണ്ഠന്‍ ചാലില്‍ 13 വീട്ടുകാര്‍ക്ക് വൈദ്യുതി നല്‍കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു. ഇക്കാര്യം ആന്റണി ജോണ്‍ എം.എല്‍.എ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇവിടെ വനം വകുപ്പും നാട്ടുകാരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചാല്‍ മതിയെന്നും കെ.എസ്.ഇ.ബി അധികൃതര്‍ വ്യക്തമാക്കി.
അനാഥര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന തെരുവോരം മുരുകന്റെ സ്ഥാപനത്തിന് തുടര്‍ച്ചയായി സര്‍ക്കാര്‍ സഹായം നിഷേധിക്കുന്നതിനെക്കുറിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് പി.ടി തോമസ് എം.എല്‍.എ സാമൂഹ്യനീതിവകുപ്പ് ജില്ലാ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കിയ മുച്ചക്രവാഹനങ്ങളുടേതില്‍ ചിലര്‍ക്ക് ഇതുവരെയും വാഹനരേഖ നല്‍കിയിട്ടില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളി അറിയിച്ചു. ഇത് പരിശോധിക്കാന്‍ ജില്ലാകലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
പശ്ചിമകൊച്ചിയില്‍ അടുത്ത വേനല്‍ മുന്നില്‍കണ്ട് കുടിവെള്ളം മുടങ്ങാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ നിര്‍ദേശിച്ചു. അങ്കമാലി നഗരസഭയില്‍ പുതുതായി നിര്‍മ്മിച്ച ഷോപ്പിംങ്ങ് കോംപ്ലക്‌സില്‍ മൂന്ന് നിലകളില്‍ അടിയന്തിരമായി വൈദ്യുതി നല്‍കണമെന്ന് റോജി എം ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ബ്രഹ്മപുരത്ത് തെരുവ്‌നായകളുടെ വന്ധ്യംകരണപ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ എത്ര നായ്ക്കളെ വന്ധ്യകരണം നടത്തിയെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പി.ടി തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു.
തെരുവ്‌നായ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സെപ്റ്റംബര്‍ ഒന്നിന് തദ്ദേശ സ്വയംഭരംസ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും എല്ലാവരും അതില്‍ പങ്കെടുക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് കോതമംഗലത്ത് മൃഗങ്ങള്‍ക്കായി മള്‍ട്ടിസ്‌പെഷ്യല്‍ ആശുപത്രിക്കായി രണ്ട്‌കോടി രൂപ അനുവദിച്ചിരുന്നതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. എന്നാല്‍ ഒരു നടപടിയും ആയില്ല. കൊച്ചി, തൃക്കാക്കര മേഖലകളില്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."