ഗ്രീസ്മാന്‍ ഫ്രാന്‍സിന്റെ എണ്ണയിട്ട യന്ത്രം; ദ്രോണാചാര്യനായി ദിദിയര്‍ ദെഷാംപ്‌സ്
ശാന്തവും എന്നാല്‍ അപകടകരവുമായ പാസുകള്‍, ശരവേഗത്തിലുള്ള ഓട്ടം, മര്‍മപ്രധാനമായ ടാക്കിളുകള്‍, കൃത്യമായ ഇന്റര്‍സെപ്ഷനുകള്‍...ഇതെല്ലാം ചേര്‍ന്നാല്‍ ആന്റോയിന്‍ ഗ്രീസ്മാന്‍ ആയി. ഇന്നലെ മൊറോക്കോക്കെതിരായ സെമിയില്‍ ഗ്രീസ്മാന്‍ ഇതെല്ലാം ചെയ്തപ്പോള്‍ ടീം ഫൈനലിലേക്ക് കുതിച്ചു. സൂപ്പര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സെമയ്ക്ക് പരിക്കു കാരണം ഒരു മല്‍സരത്തില്‍ പോലും കളിക്കാനായില്ലെങ്കിലും ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ ഫൈനലിലെത്തിക്കുന്നതില്‍ ഗ്രീസ്മാന്‍ വലിയ പങ്കുവഹിച്ചു. എണ്ണയിട്ട യന്ത്രം പോലെ നീങ്ങുന്ന ഗ്രീസ്മാന്റെ സാന്നിധ്യം ഇന്നലെ രണ്ട് പെനാല്‍ട്ടി ബോക്‌സുകളിലും ഉണ്ടായിരുന്നു. രണ്ടാം പകുതിയില്‍ ഗോള്‍ദാഹവുമായി ആര്‍ത്തിരമ്പിയെത്തിയ മൊറോക്കോ താരങ്ങള്‍ ഫ്രാന്‍സിനെ കടുത്ത സമ്മര്‍ദത്തിലാക്കിയപ്പോള്‍ നിറഞ്ഞുകളിച്ച ഗ്രീസ്മാന്‍ ടാക്ലിങിലൂടെയും ഹെഡറിലൂടെയും ബ്ലോക്കുകളിലൂടെയും പ്രതിരോധിച്ച് പ്രതിഭയുടെ മിന്നലാട്ടം പ്രദര്‍ശിപ്പിച്ചു. ഫിഫയുടെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഗ്രീസ്മാനു തന്നെ. ഗോളടിച്ചവരെയും എംബാപ്പയെയുമെല്ലാം അദ്ദേഹം പിന്തള്ളി.
ഈ ലോകകപ്പില്‍ 20ലേറെ ഗോളവസരങ്ങള്‍ സൃഷ്ടിച്ച ഏക താരമാണ് ഗ്രീസ്മാന്‍. ഇതില്‍ മൂന്ന് ഗോള്‍ അസിസ്റ്റുകളുമുണ്ട്. ബാഴ്‌സലോണയിലെ തന്റെ മുന്‍ സഹതാരം ലയണല്‍ മെസ്സിയുമായി ഞായറാഴ്ച ഫൈനലില്‍ മാറ്റുരയ്ക്കാന്‍ തയ്യാറെടുക്കുകയാണ് ഗ്രീസ്മാന്‍. ആദ്യ ലോകകപ്പ് കിരീടമെന്ന മെസ്സിയുടെ മോഹം തല്ലിക്കെടുത്താന്‍ പഴയ കൂട്ടുകാരനാവുമോയെന്ന് കണ്ടറിയണം.
2014 ലോകകപ്പില്‍ ഗ്രീസ്മാന്‍ വിംഗറായാണ് കളിച്ചിരുന്നത്. തുടര്‍ന്ന് 2018ലെ കിരീട വിജയത്തില്‍ ഗോള്‍വേട്ടക്കാരനായി മാറി. തലച്ചോറ് കൊണ്ട് കളിക്കുന്ന ഗ്രീസ്മാന്‍ ഇത്തവണ പുതിയ റോളിലാണ്. ഓള്‍പര്‍പ്പസ് മിഡ്ഫീല്‍ഡര്‍. ടീമംഗങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുകയും എതിര്‍ ഭീഷണികള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന ഡീപര്‍ മിഡ്ഫീല്‍ഡ് ജനറല്‍.
അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ പോള്‍ പോഗ്ബ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കുറിച്ചത് 'ഗ്രീസ്മാന്‍കാന്റെ' എന്നായിരുന്നു. ബോള്‍ റിക്കവറി സ്‌പെഷ്യലിസ്റ്റും കഴിഞ്ഞ തവണ കിരീടം നേടിയ ടീമിന്റെ മധ്യനിരയിലെ ഹൃദയവുമായിരുന്ന എന്‍ഗോലോ കാന്റെയുടെ കൂടി വിടവ് നികത്തുന്ന ഇരട്ടപ്രകടനമാണ് ഗ്രീസ്മാനില്‍ നിന്നുണ്ടായതെന്ന് സൂചിപ്പിച്ചാണ് അങ്ങനെ കുറിച്ചത്. പരുക്ക് കാരണം ഖത്തറില്‍ കാന്റെയുടെ അസാന്നിധ്യമുണ്ടായപ്പോള്‍ 31 കാരനായ ഗ്രീസ്മാന്റെ ഉത്തരവാദിത്തം വര്‍ധിച്ചിരുന്നു.
നാല് വര്‍ഷം മുമ്പ് ബെല്‍ജിയത്തെ സെമിയില്‍ 1-0ന് തോല്‍പ്പിച്ചപ്പോഴുള്ളതില്‍ നിന്ന് ഈ സെമിഫൈനല്‍ വിജയം എങ്ങനെ വ്യത്യസ്തമായി തോന്നിയെന്ന് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനു ശേഷം ചോദിച്ചപ്പോള്‍ മറുപടി രസകരമായിരുന്നു. 'ബെല്‍ജിയത്തിനെതിരേ, ഞാന്‍ കരഞ്ഞു. ഇപ്പോഴത്തെ ശ്രദ്ധമുഴുവന്‍ ഞായറാഴ്ച നടക്കുന്ന ഫൈനലിലാണ്'- ഗ്രീസ്മാന്‍ പറഞ്ഞു.
പരിശീലകനായ ദിദിയര്‍ ദെഷാംപ്‌സിന്റെ കീഴില്‍ 10 വര്‍ഷത്തിനുശേഷം ഫ്രാന്‍സ് എങ്ങനെ പരിണമിച്ചു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗ്രീസ്മാന്‍. 2014ല്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ടീം പിന്നീട് 2016ലെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്തി. 2018ല്‍ ലോകകപ്പ് കിരീടം. ഇത്തവണത്തെ പോരാട്ടം ഫൈനല്‍ വരെ എത്തിനില്‍ക്കുന്നു. ഫ്രാന്‍സിന്റെ മുന്‍ ദേശീയ താരമാണ് ദെഷാംപ്‌സ്. ലുസൈല്‍ സ്റ്റേഡിയത്തില്‍ മൂന്നാമതൊരു ലോകകിരീടത്തിനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. തകര്‍പ്പന്‍ വേഗവും ഗോളുകളുമായി കളംനിറയുന്ന എംബാപ്പെ, മികച്ച ഫോമിലുള്ള ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ്, സെന്റര്‍ ബാക്ക് റാഫേല്‍ വരാന്‍, ഗ്രീസ്മാന്‍, സ്‌ട്രൈക്കര്‍ ഒലിവിയര്‍ ജിറൂഡ് എന്നിവരിലാണ് ദെഷാംപ്‌സിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."