റോബിന്‍ ബസിനെ പിഴയില്‍ പിഴിഞ്ഞ് കേരളവും തമിഴ്‌നാടും; അടയ്‌ക്കേണ്ടി വരിക വലിയ തുക
പാലക്കാട്: കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയ റോബിന്‍ ബസിന് തമിഴ്‌നാട്ടിലും പിഴ. കേരളത്തില്‍ ഈടാക്കിയതിന്റെ ഇരട്ടിയോളമാണ് ബസുടമ അടയ്‌ക്കേണ്ടി വന്നത്. ചാവടി ചെക്ക് പോസ്റ്റിലാണ് റോബിന്‍ മോട്ടോഴ്‌സിന് 70,410 രൂപ പിഴയടക്കേണ്ടി വന്നത്. അനുമതിയില്ലാതെ സര്‍വ്വീസ് നടത്തിയതിനാണ് നടപടി. ഈ തുകയില്‍ പിഴയ്‌ക്കൊപ്പം ടാക്‌സും കൂടെയാണ് ഈടാക്കിയത്. അനധികൃതമായി സര്‍വീസ് നടത്തിയതിന് ബസ് പിടിച്ചിട്ടതോടെ, ഒരാഴ്ചത്തെ ടാക്‌സും പിഴയും അടച്ച് വാഹന ഉടമ സര്‍വീസ് തുടരുകയായിരുന്നു. ഈ തുകയടച്ചതോടെ നവംബര്‍ 24 വരെ തമിഴ്‌നാട്ടിലേക്ക് സര്‍വ്വീസ് നടത്താന്‍ സാധിക്കും.
ഇന്ന് രാവിലെ അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട റോബിന്‍ ബസ് 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപയാണ് ആദ്യം പിഴ ചുമത്തിയത്. എന്നാല്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തില്ല. തുടര്‍ന്ന് പാലായിലും അങ്കമാലിയും ബസ് തടഞ്ഞ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഈ സമയങ്ങളിലെല്ലാം എംവിഡി പിഴയും ചുമത്തി. അങ്കമാലിയിലും ബസ് പരിശോധിച്ചപ്പോള്‍, സംഘടിച്ചെത്തിയ നാട്ടുകാര്‍ എംവിഡി ഉദ്യോഗസ്ഥരെ കൂവി വിളിച്ചു. എന്നാല്‍ ആകെ 37500 രൂപ ഇതുവരെ കേരളത്തില്‍ നിന്ന് പിഴ വന്നുവെന്ന് റോബിന്‍ ബസുടമ പറഞ്ഞു.
ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞദിവസം ഉടമ ഗിരീഷ് വ്യക്തമാക്കിയിരുന്നു. നിയമലംഘനം ചൂണ്ടിക്കാട്ടി മുമ്പ് രണ്ട് തവണ ബസ് എംവിഡി പിടികൂടിയിരുന്നു. പിന്നീട് കോടതി കയറിയാണ് ബസ് പുറത്തിറക്കിയത്. എന്നാല്‍ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്.
റോബിന്‍ ബസിനെ പിഴയില്‍ പിഴിഞ്ഞ് കേരളവും തമിഴ്‌നാടും; അടയ്‌ക്കേണ്ടി വരിക വലിയ തുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."