സ ്നേഹപ്പെയ ്ത്തിൻ്റെ കോഴിക്കോടൻകുളിര ്
ജമാൽ കൊച്ചങ്ങാടി
കൊച്ചി എന്റെ പെറ്റമ്മയാണെങ്കില്‍ കോഴിക്കോട് പോറ്റമ്മയാണ്. ഞാന്‍ പിറന്നുവീഴുന്നതിന് മുമ്പുതന്നെ ഈ നഗരവുമായി ഒരു ജനിതക ബന്ധമുണ്ടായി. പൊക്കിള്‍ക്കൊടി ബന്ധം. നികാഹിന്റെ മൂന്നാം നാള്‍ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ ബാപ്പ സൈനുദ്ദീന്‍ നൈന കൊച്ചിയില്‍നിന്ന് വന്നത് കോഴിക്കോട്ടാണ്. തലയോലപ്പറമ്പില്‍നിന്ന് കോഴിക്കോട്ടെത്തിയ വൈക്കം മുഹമ്മദ് ബഷീറും ആ സമരത്തില്‍ പങ്കെടുത്തു. അവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹതടവുകാരായി. ആ സൗഹൃദത്തില്‍നിന്ന് ഒരു പത്രം ജനിച്ചു: ഉജ്ജീവനം. ബഷീര്‍ പത്രാധിപരും ബാപ്പ പ്രസാധകനും. എന്നെ കാണുമ്പോഴൊക്കെ കെ. മൊയ്തു മൗലവി വെടിപൊട്ടുന്ന ശബ്ദത്തില്‍ പറയുമായിരുന്നു: ഇവന്റെ ബാപ്പ ആരാണെന്നോ …?
എം.ഇ.എസ് ജേര്‍ണലിന് എഡിറ്ററെ വേണമെന്ന പരസ്യംകണ്ട് അഭിമുഖത്തിനാണ് ഞാനാദ്യമായി കോഴിക്കോട്ടെത്തുന്നത്. എന്നേക്കാള്‍ വളരെ സീനിയറായ ഗ്രന്ഥകാരന്‍ ഒറ്റമാളിക എസ്. മാഹിന്‍, പില്‍ക്കാലത്ത് ലീഗ് ടൈംസില്‍ സഹപ്രവര്‍ത്തകനായ പോക്കര്‍ കടലുണ്ടി തുടങ്ങി പലരും അഭിമുഖത്തിനു വന്നിരുന്നു. ആരും നിയമിക്കപ്പെട്ടില്ല. യാത്രാക്കാശ് പോയി. അന്ന് താമസിച്ചത് ഇമ്പീരിയല്‍ ഹോട്ടലില്‍. കോഴിക്കോടിന്റെ ആദ്യത്തെ വലിയ ലോഡ്ജ്.
കൊച്ചിയില്‍ നിന്നേ സുഹൃത്തായിരുന്ന സീതി കെ. വയലാര്‍ അന്ന് എം.ഇ.എസില്‍ ഉണ്ടായിരുന്നു. സീതിയോട് ആവശ്യപ്പെട്ടത് രണ്ടു കാര്യങ്ങളാണ്. ഒന്ന്: സുല്‍ത്താന്‍ വീട് നോവലില്‍ പി.എ മുഹമ്മദ്കോയ വിവരിക്കുന്നതുപോലെ ഒരു ടിപ്പിക്കല്‍ തെക്കേപ്പുറം വീട് കാണണം. ചരിത്രാധ്യാപകനായിരുന്ന എസ്.എം മുഹമ്മദ് കോയയുടെ മുഖദാറിലെ വീട്ടിലേയ്ക്കാണ് സീതി എന്നെ കൊണ്ടുപോയത്.
രണ്ടാമത് സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറിനെ നേരില്‍ കാണണം. നേരെ ബേപ്പൂരിലേയ്ക്ക് ബസു കയറി. സൈനുദ്ദീന്‍ നൈനയുടെ മകനെന്ന് പറഞ്ഞ് സീതി പരിചയപ്പെടുത്തിയപ്പോള്‍ തലയില്‍ കൈവച്ചനുഗ്രഹിച്ചു. ആ വലിയ മനുഷ്യന്റെ മരണത്തിനു ശേഷവും നീണ്ടുനിന്ന ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. പില്‍ക്കാലത്ത് കോഴിക്കോട്ട് സ്ഥിരതാമസമായപ്പോള്‍ മിക്കവാറും ബേപ്പൂരിലെ വൈലാലില്‍ വീട്ടില്‍ സ്ഥിര സന്ദര്‍ശകനായിരുന്നു. ഒരു കുടുംബാംഗത്തെ പോലെ പരിഗണന അവിടെ ലഭിച്ചു.
ഒരു കോഴിക്കോടന്‍ പുതിയാപ്ലയായിട്ടാണ് സത്യത്തിന്റെ ഈ തുറമുഖ നഗരിയിലെത്തുന്നത്. കല്യാണക്കാര്യം കൊണ്ടുവന്നത് കൊച്ചിയില്‍ ദീര്‍ഘകാല സുഹൃത്തായിരുന്ന ഇബ്രാഹിം വെങ്ങരയും ഈയിടെ അന്തരിച്ച നടന്‍ വിക്രമന്‍ നായരും. ചിത്രകാരനും നാടക നടനുമായിരുന്ന എ.എം കോയയുടെ മൂത്ത മകള്‍ ഫാത്തിമ. എന്റെ ജ്യേഷ്ഠന്റെ മകള്‍ സഈദ ഫാബിയെന്ന് വിളിച്ചതോടെ ഞങ്ങള്‍ക്ക് ഫാബിയായി. മംഗലാപുരത്ത് കുറിലേലത്തില്‍ പങ്കെടുത്ത് തിരിച്ചു വരുമ്പോഴായിരുന്നു പെണ്ണുകാണല്‍. കൂടെ സുഹൃത്ത് ഗോപിയുമുണ്ടായിരുന്നു.
വലിയങ്ങാടിയിലെ അഞ്ചു മുറിപ്പീടികയില്‍ വസ്ത്രവും പുകയിലയും ഇലക്ട്രിക്ക് ഉപകരണങ്ങളും വിറ്റിരുന്ന പി.എം അബ്ദുല്ലക്കോയയുടെ മകനാണ് എ.എം കോയ, കാലിക്കറ്റ് ഫോണ്‍ ഹൗസ് എന്ന പേരില്‍ ഗ്രാമഫോണ്‍ വില്‍പനശാലയും അവിടെ നടത്തിയിരുന്നു. ഗ്രാമഫോണില്‍ ആദ്യമായി മലയാളഗാനം പാടിയ കൊച്ചിയിലെ ഉസ്താദ് ഗുല്‍ മുഹമ്മദ് ബാവ, എസ്.എം കോയ തുടങ്ങിയ ഗായക കലാകാരന്മാര്‍ തമിഴ്‌നാട്ടിലേയ്ക്ക് റിക്കോര്‍ഡിങ്ങിന് പോകുന്നതിന് മുമ്പ് റിഹേഴ്‌സല്‍ നടത്തിയിരുന്നത് ഉപ്പാപ്പായുടെ വീട്ടിലാണ്. കലയോടുള്ള ഈ മുഹബ്ബത്തു തുടരുമ്പോഴും അഞ്ചു നേരത്തെ നിസ്‌ക്കാരത്തിന് മുടക്കം വരുത്തിയില്ല.
എന്‍.പി മുഹമ്മദുമായി ഒരു ഇന്റര്‍വ്യൂ വലിയ ആഗ്രഹമായിരുന്നു. ആദരവു കലര്‍ന്ന പേടിയും. എന്‍.പി യുടെ മുഖത്ത് ഒട്ടിച്ചുവച്ചതു പോലെ ഒരു മന്ദഹാസമുണ്ട്. അതിനൊരു പരിഹാസച്ചുവയുണ്ടോ എന്ന സംശയം. അപാര ചിന്തകന്‍, വലിയ എഴുത്തുകാരന്‍. ഇരുപത്തഞ്ചാം വയസ്സില്‍ ഉമ്മാച്ചുവിന് അവതാരിക എഴുതിയയാള്‍. അന്നദ്ദേഹം കോപറേറ്റീവ് ഹൗസിങ് ബോര്‍ഡില്‍ സെക്രട്ടറിയോ മറ്റോ ആണ്. ഏതായാലും പോയി കണ്ടു സംസാരിച്ചു. ഇനി അത് നല്ല രീതിയില്‍ അവതരിപ്പിക്കണം. അന്ന് ഓഫ്‌സെറ്റൊന്നുമില്ല. പല വലുപ്പത്തില്‍ ഫോട്ടൊ എന്‍ഗ്രേവു ചെയ്ത ബ്ലോക്കുകള്‍ വിന്യസിച്ചാണ് കവര്‍ സ്റ്റോറിക്ക് രൂപമുണ്ടാക്കിയത്.
എം.ടി.വാസുദേവന്‍ നായരുമായി ഒരു അഭിമുഖം നടത്തിയാലോ ? എം.ടി.യെ വിളിച്ചപ്പോള്‍ പറഞ്ഞു: ഞാന്‍ അങ്ങോട്ടേയ്ക്ക് വരാം. പറഞ്ഞതു പോലെ എം.ടി. ഗള്‍ഫ് വോയ്‌സില്‍ വന്നു. ഇന്റര്‍വ്യൂ ചെയ്തു. അപൂര്‍വ്വമായി ആ ബന്ധം പുതുക്കിക്കൊണ്ടിരുന്നു.
കെ.ടി. മുഹമ്മദ്, വിക്രമന്‍ നായര്‍, വില്‍സണ്‍ സാമുവല്‍, എ.എം. കോയ തുടങ്ങി പത്തുപേര്‍ ചേര്‍ന്ന് തുടങ്ങിയ സംരംഭമാണ് സംഗമം തിയേറ്റേഴ്‌സ്. കെ.ടി.യുടെ സൃഷ്ടി, സ്ഥിതി, സംഹാരം, സാക്ഷാല്‍ക്കാരം, സന്നാഹം തുടങ്ങിയ സകാരനാടകങ്ങള്‍ക്ക് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും വലിയ സ്വീകരണമാണ് ലഭിച്ചത്. പ്രൊഫഷണല്‍ നാടക വേദിയില്‍ അവ വിപ്ലവം സൃഷ്ടിച്ചു. സൃഷ്ടിയില്‍ ഗോപി എന്ന, വിശപ്പിനെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എ.എം. കോയ. മികച്ച സ്റ്റേജ് നടനും ചിത്രകാരനുമായിരുന്നു ഉപ്പ.
കെ.ടി. മുഹമ്മദ് കലിംഗ എന്ന ട്രൂപ്പുണ്ടാക്കിയപ്പോള്‍ സംഗമക്കാര്‍ എം.ടി.വാസുദേവന്‍ നായരെക്കൊണ്ട് ഒരു നാടകം എഴുതിച്ചു - ഗോപുരനടയില്‍. അതു കഴിഞ്ഞ് തിക്കോടിയന്റെ മഹാഭാരതം. പിന്നെയും വേണമല്ലൊ നാടകം. വിക്രമന്‍ നായരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഞാനൊരു നാടകമെഴുതി: ഇനിയും ഉണരാത്തവര്‍. വിശുദ്ധ ഖുര്‍ആനിലെ ഗുഹാവാസികള്‍ എന്ന കഥയ്ക്ക് ഇന്ത്യന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ മറ്റൊരു ഭാഷ്യമായിരുന്നു അത്. ആ നാടകവും നന്നായി കളിച്ചു. വിക്രമന്‍ നായര്‍ സ്റ്റേജിന്ത്യാ എന്റര്‍ടൈനേഴ്‌സ് ആരംഭിച്ചപ്പോള്‍ അതിന് പേരിട്ടതും ആദ്യ നാടകമെഴുതിയതും ഞാനാണ്: ക്ഷുഭിതരുടെ ആശംസകള്‍.
എണ്‍പതുകളില്‍ പാളയത്തുള്ള എന്‍.ബി.എസ്. പുസ്തകശാലയായിരുന്നു കോഴിക്കോട്ടെ എഴുത്തുകാരുടെയും പത്രപ്രവര്‍ത്തകരുടെയും സങ്കേതം. മാനേജര്‍ ശ്രീധരന്‍ എല്ലാവര്‍ക്കും പ്രിയങ്കരനും. വൈകുന്നേരത്തിലെ വെടി പറച്ചിലില്‍ എന്‍.പി. മുഹമ്മദും തിക്കോടിയനും യു.എ. ഖാദറും കെ.പി. കുഞ്ഞിമ്മൂസയുമെല്ലാമുണ്ടാകും. ചായ കൂടിച്ചാണ് പിരിയുക. സുഹൃത്തുക്കള്‍ കണ്ടുമുട്ടുന്ന മറ്റൊരു ഇടം മിഠായിത്തെരുവിലെ സാഹിബിന്റെ ന്യൂസ് സ്റ്റാന്റായിരുന്നു. (ഇന്നതില്ല) പ്രിയപ്പെട്ടവര്‍ കൊടു എന്ന് വിളിക്കുന്ന കൊടുങ്ങല്ലൂര്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ആനുകാലികങ്ങള്‍ സാഹിബിന്റെ കടയില്‍ നിന്നു വാങ്ങി ചുരുട്ടി കക്ഷത്ത് തിരുകി സിഗററ്റിന് തീ കൊളുത്തും. അപ്പോഴേയ്ക്ക് ഉപഗ്രഹങ്ങള്‍ എത്തിയിരിക്കും. രാധാ തിയേറ്ററിന് തെക്കുള്ള ആര്യഭവന്‍ ഹോട്ടലില്‍ നിന്ന് ചായയും വടയും കഴിച്ച് നാട്ടുകാര്യങ്ങള്‍ സംസാരിച്ചല്ലാതെ അവര്‍ പിരിഞ്ഞു പോവുകയില്ല.
തൊട്ടടുത്ത ആര്യഭവന്‍ ലോഡ്ജിലെ രണ്ടു മുറികളിലാണ് ഷെല്‍വിയുടെ മള്‍ബറി ബുക്‌സ് പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തിലെ പ്രസാധന രംഗത്ത് സര്‍ഗ്ഗാത്മകമായ ഇടപെടലുകള്‍ നടത്തിയ ഷെല്‍വി അടിസ്ഥാനപരമായി കവിയായിരുന്നു. അത് തന്നെയായിരിക്കാം അയാളുടെ ദുരന്തത്തിന് കാരണവും.
എറണാകുളം മുതല്‍ കോഴിക്കോട് വരെ ഒരു ബസ്സില്‍ സഞ്ചരിച്ചിട്ടും സ്റ്റാന്റിലെത്തിയപ്പോള്‍ മാത്രമാണ് വടേരി ഹസ്സനുമായി പരിചയപ്പെടുന്നത്. അതൊരു ആത്മബന്ധമായി വികസിച്ചു. വെറുമൊരു മരക്കച്ചവടക്കാരനായിരുന്നില്ല ഹസ്സനിക്ക. പരിസ്ഥിതിപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മരം എന്ന ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ എഡിറ്റിങ് ജോലി പലപ്പോഴും എന്റെ ചുമതലയായി തീര്‍ന്നു. ജാലകം എന്നൊരു സാംസ്‌കാരിക വേദിയുണ്ടായിരുന്നു ഹസനിക്കയ്ക്ക്. അതിന് വേറാരുടെയും സഹായം വേണ്ടിയിരുന്നില്ല. ഒരിക്കല്‍ ഹസനിക്ക പറഞ്ഞു: ബാബുരാജിന്റെ സുവനീര്‍ നമുക്കിറക്കണം. എം.ടിയും എന്‍.പിയും കെ.ടി.യും തുടങ്ങി ബാബുരാജുമായി ബന്ധപ്പെട്ട എല്ലാവരുടെയും ഓര്‍മക്കുറിപ്പുകള്‍ ശേഖരിച്ച് ഒരു സമാഹാരമിറക്കുക എളുപ്പമായിരുന്നില്ല. ആദ്യത്തെ ബാബുരാജ് ഗ്രന്ഥം.
കോഴിക്കോട് റയില്‍വേ സ്റ്റേഷന്ന് മുന്നിലൂടെ പോകുമ്പോഴാണ് യു.എ ഖാദറെ കണ്ടുമുട്ടുന്നത്. അടുത്ത ഹോട്ടലില്‍ പോയി ചായ കുടിച്ചുകൊണ്ടാരംഭിച്ച സൗഹൃദം കുടുംബ ബന്ധമായി മാറുമെന്നാരോര്‍ത്തു ! തൃക്കോട്ടൂര്‍ കഥകള്‍ വന്നു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു. അതിനകം ചങ്ങലയും ഖുറൈശിക്കൂട്ടവും പോലുള്ള നിരവധി നോവലുകള്‍ എഴുതിയിരുന്നെങ്കിലും സാഹിത്യത്തിന്റെ പൊതുധാരയില്‍ ഖാദര്‍ക്കയ്ക്ക് ഇടം കിട്ടിയത് തൃക്കോട്ടുര്‍ കഥകളോടെയാണ്.
വടകരക്കാരനെങ്കിലും കോഴിക്കോട്ടെ നിത്യസാന്നിധ്യമായിരുന്നു കുഞ്ഞീക്ക എന്ന് എല്ലാവരും വിളിച്ചിരുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള. അദ്ദേഹവുമായും ആത്മബന്ധം പുലര്‍ത്തി.
മറക്കാനാവാത്ത വേറൊരു എഴുത്തുകാരന്‍ തൃശൂരിലെ കാട്ടൂരില്‍നിന്നു വന്ന് മൂഴിക്കലില്‍ എന്റെ അയല്‍ക്കാരനായി ജീവിച്ച കഥാകൃത്ത് ടി.വി കൊച്ചുബാവയായിരുന്നു.
കോഴിക്കോട് കമ്മത്തിലൈനില്‍ പാരിബാസ് എന്ന ഒരു ഹോട്ടല്‍ ഗായകന്‍ നജ്മല്‍ ബാബുവുവിന്റെ ഭാര്യാ സഹോദരന്‍ നിസ്താര്‍ നടത്തിയിരുന്നു. വാരാന്ത്യങ്ങളില്‍ അവിടെ നടന്നിരുന്ന ഗസല്‍ മെഹ്ഫിലുകളിലാണ് മെഹ്ദി ഹസന്റെയും ഗുലാം അലിയുടെയും മറ്റും ഗസലുകള്‍ ആദ്യമായി കേള്‍ക്കുന്നത്. ഡോ. മുഹമ്മദ് ഷക്കീലാണ് കേരളത്തില്‍ എണ്‍പതുകളില്‍ അത്തരം ഗസലുകള്‍ പ്രചരിപ്പിച്ച മറ്റൊരു ഗായകന്‍. അവരൊക്കെയുമായുള്ള സൗഹൃദം എന്റെ സംഗീതാഭിരുചി നവീകരിക്കാന്‍ സഹായകമായി. നഗരത്തിലെ സംഗീതജ്ഞരില്‍ പലരുമായും ബന്ധപ്പെടാന്‍ കഴിഞ്ഞു.
സെക്കന്തറാബാദിലേയ്ക്ക് ക്ഷണിച്ചു കൊണ്ട് ഒ.വി. വിജയന്‍ പറഞ്ഞതു ഓര്‍ക്കുന്നു: കോഴിക്കോടന്‍ ഹലുവ കൊണ്ടുവരണെ. ഹലുവയും ബനാനാ ചിപ്‌സും തന്നെയാണ് കോഴിക്കോടിന്റെ ഐഡന്റിറ്റി. ഹലുവ പോലെ മാധുര്യമുള്ള പെരുമാറ്റം നാട്ടുകാരുടെ പ്രത്യേകതയും.
ഏതാണ്ട് ഒരു പതിറ്റാണ്ടുകാലത്തോളം ഫാബിയുടെ ഡയാലിസിസിനും എന്റെ ബൈപ്പാസിനുമൊക്കെയായി ഉണ്ടായിരുന്നതെല്ലാം മിംസ് ആശുപത്രിയില്‍ ചെലവാക്കേണ്ടി വന്നു. ബന്ധുക്കള്‍ കുറെയൊക്കെ സഹായിച്ചു. പായ്യാരങ്ങള്‍ ആരേയും അറിയിച്ചില്ല. എങ്കിലും സാമ്പത്തിക വിഷമതകള്‍ എങ്ങനെയൊ മണത്തറിഞ്ഞ സുഹൃത്തുക്കള്‍ ഞാന്‍ പോലുമറിയാതെ സൗഹൃദ സമിതികളുണ്ടാക്കി രണ്ടു തവണ ഓരോ ലക്ഷം രൂപയുടെ പുരസ്‌ക്കാരങ്ങള്‍ തന്നു. സാമ്പത്തിക സഹായം എന്റെ അഭിമാനത്തെ വ്രണപ്പെടുത്തിയേക്കുമെന്നതിന്റെ കരുതലാണ് അവാര്‍ഡായി മാറിയതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. മറ്റേത് നഗരത്തില്‍ നിന്ന് ഈ സ്‌നേഹം ലഭിക്കും?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."