പച്ചനിറമുള്ള ഈച്ചകള്‍
മഹ്മൂദ് ദര്‍വീഷ്
രംഗം അതുതന്നെ,
വേനലും വിയര്‍പ്പും
ചക്രവാളത്തിനപ്പുറം കാണാന്‍
കഴിയാത്ത ഭാവനയും.
ഇന്ന് നാളെയേക്കാള്‍ മികച്ചതാണ്.
എന്നാലും കൊല്ലപ്പെട്ടവര്‍,
അവരെത്ര സ്വയം പുതുക്കിക്കൊണ്ടിരിക്കുന്നവര്‍.
എല്ലാ ദിനങ്ങളിലും അവര്‍ ജനിക്കുന്നു.
അവര്‍ ഉറങ്ങാന്‍ ശ്രമിക്കുമ്പോള്‍
കൊലപാതകം അവരെ
പാതിയുറക്കത്തില്‍നിന്ന്
സ്വപ്നരഹിതമായ നിത്യനിദ്രയിലേക്ക്
കൂട്ടിക്കൊണ്ടുപോകുന്നു.
എണ്ണത്തിനു വിലയില്ല,
ആരും ആരുടെയും സഹായം തേടുന്നുമില്ല.
മനുഷ്യര്‍ക്കിടയില്‍ വാക്കുകള്‍
അന്വേഷിക്കുന്ന സ്വരങ്ങള്‍;
തിരിച്ചുകിട്ടുന്നത് വ്യക്തവും
മുറിവേല്‍പ്പിക്കുന്നതുമായ
പ്രതിധ്വനി മാത്രം: ആരുമില്ല
എന്നാലും അവിടവിടെ ചിലര്‍ വാദിക്കുന്നു;
കൊല്ലുക എന്ന ജന്മ വാസനയെ
സംരക്ഷിക്കാന്‍ ഘാതകനുള്ള
അവകാശത്തെക്കുറിച്ച്.
വൈകിയാണെങ്കിലും കൊല്ലപ്പെട്ടവരും
ശബ്ദമുയര്‍ത്തുന്നു,
കൊല്ലപ്പെടുമ്പോള്‍ നിലവിളിക്കാന്‍
ഇരകള്‍ക്കുള്ള അവകാശത്തിനു വേണ്ടി.
നിസ്‌കാര വേളകളില്‍ അറിയിപ്പുകള്‍ ഉയരുന്നു.
സാമ്യതയുള്ള ജനാസ നിസ്‌കാരങ്ങള്‍ക്കു വേണ്ടി.
ധൃതിയില്‍ ഉയര്‍ത്തപ്പെടുന്ന ശവപ്പെട്ടികള്‍,
അതേ ധൃതിയില്‍ അവ മറവുചെയ്യപ്പെടുന്നു,
ആചാര പൂര്‍ത്തീകരണത്തിനു സമയമില്ല,
കൊല്ലപ്പെട്ടവര്‍ വന്നുകൊണ്ടേയിരിക്കുന്നു,
വേറെ വേറെ ആക്രമണങ്ങളില്‍
ഒറ്റയായോ സംഘമായോ
എത്തിക്കൊണ്ടേയിരിക്കുന്നു
അല്ലെങ്കില്‍ അനാഥരായും സന്തപ്തരായും
ഒരാളെയും ബാക്കിവയ്ക്കാതെ
ഒരു കുടുംബം ഒന്നടങ്കം വന്നുചേരുന്നു
ആകാശം വെടിപ്പുകയാല്‍ ചാരനിറം
സമുദ്രം ചാരം കലര്‍ന്ന നീലനിറം
പക്ഷേ, രക്തത്തിന്റെ നിറമോ,
കാമറയില്‍നിന്ന് അതിനെ മറച്ചുവയ്ക്കുന്നു
പച്ചനിറമുള്ള ഒരുകൂട്ടം ഈച്ചകള്‍.
വിവര്‍ത്തനം: ഡോ. പി.ടി സൈനുദ്ദീന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."