വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: പാലാ ബിഷപ്പ് ഉന്നയിച്ച നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തിന്‍മേലുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എല്ലാ മതവിശ്വാസികളും സമുദായങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്നതാണ് നമ്മുടെ പാരമ്പര്യമെന്നും അതിനു ഒരുവിധത്തിലും കോട്ടംതട്ടാന്‍ നാം അനുവദിക്കരുതെന്നും കര്‍ദിനാള്‍ പറഞ്ഞു. സമൂഹത്തില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും അവയുടെ യഥാര്‍ഥ ലക്ഷ്യത്തില്‍നിന്നു മാറ്റിനിര്‍ത്തി വ്യാഖ്യാനിക്കുന്നതു തെറ്റിദ്ധാരണകള്‍ക്കും ഭിന്നതകള്‍ക്കും വഴിതെളിക്കും. ഇത്തരം പ്രവണതകള്‍ക്കെതിരേ എല്ലാവരും ജാഗ്രത പുലര്‍ത്തണം.
ഇപ്പോഴുണ്ടായ കലുഷിത സാഹചര്യത്തില്‍നിന്നു സമാധാനപരമായ സൗഹൃദത്തിലേയ്ക്ക് ഏവരും തിരികെ വരികയെന്നതാണു സുപ്രധാനം. സമൂഹത്തില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ക്രൈസ്തവ സഭകളോ സഭാ ശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല. ഈ നിലപാടില്‍ നിന്ന് മാറാതിരിക്കാന്‍ സഭാംഗങ്ങള്‍ ശ്രദ്ധിക്കണം. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍, എല്ലാ വിവാദങ്ങളും അവസാനിപ്പിച്ച് പരസ്പര സ്‌നേഹത്തിലും സാഹോദര്യത്തിലും മുന്നേറാന്‍ നമുക്കു പരിശ്രമിക്കാം. ഇതിനായി മതാചാര്യരും രാഷ്ട്രീയനേതാക്കളും സമുദായശ്രേഷ്ഠരും നടത്തുന്ന പരിശ്രമങ്ങളോടു സഹകരിക്കണമെന്നും കര്‍ദിനാള്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."