നമ്മുടെ കൈകളിലുംചോരത്തുള്ളികള്‍
പികെ പാറക്കടവ്
നമ്മുടെ കൈകളിലും
ചോരത്തുള്ളികള്‍
ആരുടെ കബന്ധമിത്
ആരുടെ കടുംചുവപ്പ് മൂടുപടം
ആരുടെ കീറിയ കഞ്ചുകം
ആരുടെ ഉടഞ്ഞുപോയ ശബ്ദം?
ഭൂമിയെ അരുണവര്‍ണമാക്കുന്ന
ഈ ചോര ആരുടേത്?
ആരുടെ ക്രൂരമായ ആലിംഗനമാണ്
ശവപ്പെട്ടിയുടെ രൂപം കൈക്കൊള്ളുന്നത്?
അഗ്നിയുടെ വരിയില്‍ നില്‍ക്കുന്ന
ഈ ചെറുപ്പക്കാരാരാണ്
ഇവരേത് നഗരത്തില്‍ നിന്ന്?
ശത്രുക്കളുടെ വാളുകളാല്‍
കൊയ്തിട്ടത് പോലെ
ചിതറിക്കിടക്കുന്ന
ഈ നിസ്സഹായരാരാണ്?
ചുണ്ടുകളിലും കണ്ണുകളിലും
മുത്തുകള്‍ പോലെ ശോഭിക്കുന്ന
ചോരത്തുള്ളികളുമായി
ആരുടെ മുഖങ്ങളിത്?
തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ സ്വന്തം കുഞ്ഞിനെ തിരയുന്ന ഈ അമ്മയാര്?
ഭയങ്കരമായ ആരവങ്ങളില്‍ തന്റെ ശബ്ദം നഷ്ടപ്പെട്ട ഈ അച്ഛനാര്?
ഇരുണ്ട കൊടുങ്കാറ്റ് കെടുത്തിക്കളയുന്ന വിളക്കുകള്‍ പോലെ
ഈ നിരപരാധികള്‍ ആരാണ്?
മരിക്കാന്‍ തയാറായ ഈ ധീരര്‍
ഏത് ഗോത്രത്തെയാണുണ്ടാക്കുന്നത്?
അരമനകളില്‍
ഭാഗ്യവാന്മാരായ ഷെയ്ക്കുമാര്‍ നിശബ്ദരാണ്;
രാജാക്കന്മാര്‍ നിശബ്ദരാണ്;
വിശ്വാസത്തിന്റെ രക്ഷകര്‍,
ലോകത്തിന്റെ ഭരണാധികാരികള്‍
എല്ലാവരും നിശബ്ദരാണ്.
എല്ലാ കപട നാട്യക്കാരും
നിശബ്ദരാണ്.
(അഹമ്മദ് ഫറാസിന്റെ ബൈറൂത്ത് എന്ന കവിത.
മൊഴിമാറ്റം: പി.കെ പാറക്കടവ്)
യഥാര്‍ഥത്തില്‍ ഗസ്സയില്‍ ഇസ്റാഈല്‍ നടത്തുന്നത് സാധാരണ അര്‍ത്ഥത്തിലുള്ള ഒരു യുദ്ധത്തിനപ്പുറം 23 ലക്ഷം ജനങ്ങളെ ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനുള്ള വംശീയ ഉന്മൂലനമാണ്.
സാധാരണ യുദ്ധങ്ങളില്‍ കുഞ്ഞുങ്ങളെയും വൃദ്ധരെയും സ്ത്രീകളെയും നേരിട്ട് ചെന്ന് വെടിവച്ചു കൊല്ലുന്നത് കാണാറില്ല. ഗസ്സയില്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടത് കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ശിഫയില്‍ ഇരച്ചുകയറി സൈന്യം ഡോക്ടര്‍മാരെയും രോഗികളെയും വെടിവച്ചു കൊല്ലുന്നു. മരുന്ന്, ശസ്ത്രക്രിയാവിഭാഗം, സി.ടി സ്‌കാന്‍, എം.ആര്‍.ഐ സ്‌കാനര്‍ തുടങ്ങി എല്ലാ സംവിധാനങ്ങളെയും തകര്‍ക്കുന്നു. ലോകം മുഴുവന്‍ ഒരേ സ്വരത്തില്‍ പറഞ്ഞിട്ടും ലോകത്തിലെ ഏറ്റവും വലിയ ഭീകരരാഷ്ട്രം ഇസ്റാഈല്‍ അത് കേള്‍ക്കുന്നില്ല. ഇന്ന് ജീവിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഭീകരന്‍ ഇസ്റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ആണ്.
ലോകത്തിന് മുന്നില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് ഇസ്റാഈൽ. തെരുവില്‍ ഒരു ഫലസ്തീന്‍ വയോധികനെ ഇസ്റാഈൽ സൈനികന്‍ നടക്കാന്‍ സഹായിക്കുന്നത് വിഡിയോ എടുത്തു പ്രചരിപ്പിക്കുന്നു.
'ഫലസ്തീന്‍ വയോധികനെ സഹായിക്കുന്ന ഇസ്റാഈൽ സൈനികന്‍' എന്ന തരത്തില്‍ ചിത്രം പ്രചരിപ്പിക്കുന്നു. പിന്നീട് ഈ വയോധികന്റെ ശരീരത്തില്‍ ഒന്നിലധികം വെടിയുണ്ട തുളച്ചുകയറി മരിച്ചുവീഴുന്നത് ആരും കാണുന്നില്ല.
ഗസ്സയിലെ ആശുപത്രികളെ കുഞ്ഞുങ്ങളുടെയും രോഗികളുടെയും നിലവിളി കേള്‍ക്കാത്തവരെ 'മനുഷ്യര്‍' എന്ന് വിളിക്കാന്‍ അര്‍ഹതയില്ല. ഫലസ്തീനിനെതിരേ കള്ളപ്രചാരണത്തിലേര്‍പ്പെടുന്ന ഇസ്റാഈലിനോട് മൃദുസമീപനം ഉള്‍ക്കൊള്ളുന്ന നമ്മുടെ നാട്ടിലെ തീവ്രവലതുപക്ഷ ചിന്താഗതിക്കാരുടെയും കൈകളില്‍ അവിടെ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ ചോരത്തുള്ളികളുണ്ട്.
സംഘികളും ക്രിസംഘികളും സയണിസ്റ്റുകളുടെ കപടചരിത്രപാഠങ്ങളെ ആധാരമാക്കി വസ്തുതാബന്ധമില്ലാത്ത പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതിനെക്കുറിച്ച് ഇടതുപക്ഷ ചിന്തകനായ കെ.ടി കുഞ്ഞിക്കണ്ണന്‍ 'രാജ്യം അപഹരിക്കപ്പെട്ട ജനത' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. 'ചരിത്രവും വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത പ്രചാരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെയവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കടുത്ത മുസ്‌ലിം വിരുദ്ധ വിദ്വേഷപ്രചാരണമാണിക്കൂട്ടര്‍ അഴിച്ചുവിടുന്നത്. ഫലസ്തീന്‍ ജനതയെന്നത് അറബ് മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരുമെല്ലാം ഉള്‍പ്പെട്ട ജനസമൂഹമാണ്. അറബ് സംസ്‌കൃതിയെ പിന്‍പറ്റുന്ന ജനങ്ങളാണ് ഫലസ്തീനികള്‍.'
കളമശ്ശേരി യഹോവാ സാക്ഷികളുടെ പ്രാര്‍ഥനാ യോഗത്തിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ഭീകരമായ തോതിലുള്ള വിദ്വേഷപ്രചാരണങ്ങള്‍ നാം കണ്ടതാണ്. കേരളത്തില്‍ നടക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ കാംപയിനുകളെയും അക്രമിക്കാനുള്ള അവസരമായി അതിനെ ഉപയോഗപ്പെടുത്തിയ ചാനലുകളെക്കുറിച്ചും മാധ്യമങ്ങളെക്കുറിച്ചും ഇന്ന് നമുക്ക് ബോധ്യമുണ്ട്. മുന്‍വിധിയോടുകൂടി സംഘ്പരിവാര്‍ മനസ്സുള്ളവര്‍ വിദ്വേഷ കാംപയിന്‍ സംഘടിപ്പിക്കുമ്പോള്‍ അതിന് എണ്ണയൊഴിച്ച് ആളിക്കത്തിക്കാനാണ് പലപ്പോഴും നമ്മുടെ ചില ചാനലുകളെങ്കിലും ശ്രമിക്കാറുള്ളത് എന്നത് ഒരു സത്യമാണ്.
ഓര്‍ക്കുക:
ഇസ്റാഈൽ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന, ഒന്നുമെ മിണ്ടാതനങ്ങാതെ ഇതൊന്നും നമ്മളെ ബാധിക്കുന്നതല്ല എന്ന് കരുതുന്ന നമ്മുടെ കൈകളിലും ഗസ്സയില്‍ പിടഞ്ഞുമരിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ ചോരക്കറയുണ്ട്.
കഥയും കാര്യവും
ഒരു പൂവിലൊളിച്ചൊരു
കാട്ടുമൃഗമാണ് ഈ നൂറ്റാണ്ടെന്ന്
പ്രശസ്ത സിറിയന്‍ കവി
അഡോണിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."