ചട്ട ലംഘനം; 12 പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി
കൊച്ചി: ചട്ടം ലംഘിച്ച് നിയമിക്കപ്പെട്ട 12 കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കി. യു ജി സി ചട്ടങ്ങള്‍ ലംഘിച്ചാണ് നിയമനമെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നിയമനം ലഭിച്ച 12 പ്രിന്‍സിപ്പല്‍മാരുടെ നിയമനമാണ് റദ്ദാക്കിയത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അസോസിയേറ്റ് പ്രഫസറായിരുന്ന ഡോ. എസ് ബാബു നല്‍കിയ ഹരജിയിലാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി.
2010ലെ യു.ജി സി ചട്ടം 4.2 പ്രകാരം 15 വര്‍ഷത്തെ അധ്യാപന പരിചയം, ഗവേഷണ ബിരുദം, 400 എ പി ഐ സ്‌കോര്‍ എന്നിവ നിയമിക്കപ്പെടുന്നവര്‍ക്ക് ഉണ്ടായിരിക്കണം. കൂടാതെ നാലംഗങ്ങള്‍ ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചാകണം പ്രിന്‍സിപ്പല്‍മാരെ തെരഞ്ഞെടുക്കേണ്ടത്. എന്നാല്‍ വേണ്ട യോഗ്യതകള്‍ ഇല്ലാത്തവര്‍ക്കാണ് നിയമനം നല്‍കിയതെന്ന് ട്രൈബ്യൂണല്‍ വിലയിരുത്തി.
കൃത്യമായ സെലക്ഷന്‍ കമ്മിറ്റി മുഖേനയല്ല പ്രിന്‍സിപ്പല്‍മാരെ കണ്ടെത്തിയതെന്നും വിധിയില്‍ പറയുന്നു. ഇടത് അധ്യാപക സംഘടനയായ എ കെ ജി സി ടി എ മുന്‍ ജനറല്‍ സെക്രട്ടറി ഡോ. കെ കെ ദാമോദരനടക്കമുള്ള ഇടത് സംഘടനാനേതാക്കള്‍ പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നു. തനിക്ക് ലഭിക്കേണ്ട നിയമനം നഷ്ടമായതില്‍ പ്രതിഷേധിച്ചാണ് നിയമപോരാട്ടം നടത്തിയതെന്ന് പരാതിക്കാരനായ ഡോ എസ് ബാബു പറഞ്ഞു.
പുറത്താക്കപ്പെട്ടവരില്‍ കെ കെ ദാമോദരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ നിലവില്‍ പ്രിന്‍സിപ്പല്‍മാരായി ജോലി ചെയ്യുന്നുണ്ട്. ബാക്കി ഒന്‍പത് പേര്‍ വിരമിച്ചവരാണ്. റിട്ടയര്‍ ചെയ്തവര്‍ക്കും വിധി തിരിച്ചടിയാകും. പ്രിന്‍സിപ്പല്‍ എന്ന നിലക്ക് കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ മടക്കി നല്‍കണം. പരാതിക്കാരന് ചട്ടപ്രകാരമുള്ള യോഗ്യതയുണ്ടെങ്കില്‍ മൂന്ന് മാസത്തിനകം പ്രിന്‍സിപ്പല്‍ പദവിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിച്ച് നല്‍കാനും വിധിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."