ഭാഷ കൊണ്ടൊരു നാട്
പുസ്തകപ്പാത
വി. മുസഫര്‍ അഹമ്മദ്
കവി സുകുമാരൻ ചാലിഗദ്ധയുടെ ആത്മകഥ ‘ബേത്തിമാരൻ’ (പ്രസാധനം: ഒലിവ് ബുക്സ്) സമീപകാലത്ത് നമ്മുടെ ഭാഷയിൽ വന്ന ഏറ്റവും പ്രധാനപ്പെട്ട പുസ്തകമാണ്. 80 പേജുകൾ മാത്രമുള്ള ഈ ചെറിയ പുസ്തകം ആദിവാസി ജീവിതത്തിന്റെ സർഗാത്മകയുടെ പല അടരുകളെ വെളിച്ചത്തിലേക്ക് നിർത്തുന്നു.
പുസ്തകത്തിന്റെ ആമുഖത്തിൽ സുകുമാരൻ എഴുതുന്നു: ഞങ്ങളുടെ ജനസംഖ്യ ദിനംപ്രതി കൊറഞ്ഞുവരികയാണ്. ആദിവാസി വംശത്തിന് നാശം സംഭവിക്കുന്നതുപോലെത്തന്നെയാണ് ഞങ്ങടെ ഭാഷക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്. മലയാള ഭാഷക്ക് മേലെ ഇംഗ്ലീഷ് അധിനിവേശം നടത്തുന്നതിനെപ്പറ്റി വിലപിക്കുന്നുണ്ടല്ലോ. അതുപോലെ മലയാളം, കന്നട,തമിഴ് തുടങ്ങിയ അധീശ ഭാഷകളുടെ പിടിയിൽ പെട്ട് ഞെരിഞ്ഞമരുകയാണ് പല ഗോത്ര ഭാഷകളും. മ്യൂസിയം പീസായി ഞങ്ങളെയും ഞങ്ങടെ ഭാഷകളെയും കാണുന്ന പൊതുബോധത്തോട് കലഹിക്കേണ്ടിവരുന്നത് ഒലിച്ചു പോകുന്ന മണ്ണിൽ ചുവടുറച്ചു നിൽക്കാൻ വേണ്ടിയാണ്:
ഗോത്ര ജനതയെ മ്യൂസിയം പീസ് മാത്രമാക്കാനുള്ള (80തുകളിൽ ഡൽഹി പ്രഗതി മൈതാനത്ത് നടന്ന ഒരു പ്രദർശനത്തിൽ ആദിവാസി ദമ്പതികളെ കൂട്ടിലടച്ച് പ്രദർശിപ്പിച്ച സംഭവം ഓർക്കുക) എല്ലാ നീക്കങ്ങളെയും നേരിടുന്ന കവിയുടെ നിലപാട് ഈ വാക്കുകളിലൂടെ വ്യക്തമാകുന്നു. ആദിവാസികളെ തങ്ങൾക്കൊപ്പം ജീവിക്കുന്ന സമകാലികരായി കാണാൻ തയാറാകാത്ത പൊതുബോധത്തെ ‘ബേത്തിമാരൻ’ ചോദ്യ ചെയ്യുന്നു.
സുകുമാരൻ ഇങ്ങനെ തുടരുന്നു: ആദിവാസിയുടെ ദാരിദ്ര്യത്തെക്കുറിച്ചോ ഇല്ലായ്മയെക്കുറിച്ചോ ഒന്നുമല്ല ഇത്രയും കാലം ഞാൻ കവിതയിലൂടെ പറയാൻ ഉദ്ദേശിച്ചിട്ടുള്ളത്. അതുപോലെത്തന്നെ ഈ പുസ്തകത്തിലൂടേയും പറയാൻ ആഗ്രഹിക്കുന്നത് സാംസ്ക്കാരികമായി സമ്പന്നമായതും അനുഭവങ്ങളിലൂടെ പ്രതിരോധിച്ചതുമായ ഗോത്ര ജീവിതത്തിന്റെ അകക്കാഴ്ച്ചകളാണ്:
ആദിവാസി ജീവിതത്തിന്റെ സാംസ്ക്കാരിക സമ്പന്നതയുടെ നിരവധി ചിത്രങ്ങൾ സുകുമാരൻ അവതരിപ്പിക്കുന്നു. അതിലൊന്ന് പാട്ടിനെക്കുറിച്ചുള്ളതാണ്: ആരടേം കീഴില്‍ ആദിവാസികള്‍ പാട്ടു പഠിക്കാൻ പോയിട്ടില്ല. ഞങ്ങള്‍ സ്വയം ഗായകരായതാണ്. ആരടേം ശബ്ദം മോശമാണെന്ന് പറയാൻ പറ്റില്ല. എല്ലാരടേം പല തരത്തിലുള്ള ശബ്ദങ്ങളാണ്. എല്ലാരെയും സ്വീകരിക്കുന്നുണ്ട്. ആരോടും നിന്റെ പാട്ടു കൊള്ളൂല, നിന്റെ ശബ്ദം ശരിയല്ല, നീയിനി പാട്ട് പാടേണ്ട എന്നൊന്നും ആരും പറയില്ല. അവരൊരു പാട്ട് പാടിക്കഴിഞ്ഞാല്‍ എല്ലാവരും അതിനോട് ചേർന്നലിയുകയാണ്: ഗോത്ര സാംസ്ക്കാരിക സ്വത്വത്തെ ഇങ്ങനെ സുകുമാരൻ അവതരിപ്പിക്കുന്നു.
ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത് കുടകിൽ പണിക്കുപോയിരുന്ന എന്റെ ഇത്തിയമ്മമാർക്കും അച്ചപ്പൻമാർക്കും... എന്നാണ്. വയനാട്ടിലെ ആദിവാസികൾ കുടകിൽ ഇഞ്ചിപ്പണി ചെയ്യാൻ പോയി അനുഭവിച്ച ദുരിത കാണ്ഡം സുകുമാരൻ അവതരിപ്പിക്കുന്നു. കുടകിൽ കൊല്ലപ്പെടുകയും മരിക്കുകയും ചെയ്തവരെ അടയാളപ്പെടുത്തുന്നു. ഈ മനുഷ്യരെ പൊതുസമൂഹം അറിയുക പോലുമില്ല. ഓ, ആദിവാസികളല്ലേ എന്ന സമീപനം ഇന്നും തുടരുകയാണ്. 2008ൽ ചില സംഘടനകളുടെ ഇടപെടൽ കുടകിലെ പീഡനങ്ങൾക്ക് തടയിട്ടതായി പുസ്തകത്തിൽ കാണാം.
ഈ പുസ്തകത്തിൽ മനുഷ്യരക്തം പടരുന്നത് ആദിവാസികളുടെ കുടക് ജീവിതത്തെക്കുറിച്ച് പറയുന്ന താളുകളിൽ തന്നെയാണ്. കങ്കാണിമാരും ദല്ലാളൻമാരും വയനാട്ടിൽ നിന്ന് ആദിവാസികളെ കുടകിൽ പണിക്കു കൊണ്ടുപോകുന്നതും അവിടെ പാർപ്പിക്കുന്നതും പണിയെടുപ്പിക്കുന്നതുമെല്ലാം അടിമസമ്പ്രദായത്തിൽ തന്നെയെന്ന് സുകുമാരന്റെ എഴുത്ത് സാക്ഷ്യപ്പെടുത്തുന്നു. സുകുമാരനും കുറച്ചു നാൾ ഇതേ ജീവിതത്തിലൂടെ കടന്നു പോയിട്ടുമുണ്ട്. ആ ഓർമ്മകൾ പങ്കുവയ്ക്കുമ്പോൾ അദ്ദേഹം പറയുന്നു, ആ കുടക് കാലത്തും ഞങ്ങൾ പാട്ടു പാടിയിരുന്നു എന്ന്. സാംസ്ക്കാരികമായ ജീവിതം, ഊന്നൽ അതിലൂടെയുള്ള ഗോത്രജീവിതത്തിന്റെ നേർക്കാഴ്ച്ചയുടെ അവതരണം ഇതാണ് ഈ പുസ്തകത്തിന്റെ വായനാനുഭവം.
കുടക് കാലം അദ്ദേഹം ഇങ്ങനെ വിശദമാക്കുന്നു: കുടകിലേക്ക് പൊയ്ക്കൊണ്ടിരുന്ന ആൾക്കാരിൽ ചിലരൊക്കെ ഇന്നും ജീവിക്കുന്നുണ്ട്. അവരടെയൊക്കെ ശരീരത്തില്‍ അതിന്റെ അടയാളങ്ങളും ബാക്കിയുണ്ട്. പതിനഞ്ച് വയസ്സ് വരെ ഞാൻ ഇഞ്ചിപ്പണിക്കു പോയി. അത് ഉൻസൂർ എന്നു പറയുന്ന സ്ഥലത്തായിരുന്നു. അന്ന് ഞാൻ പത്താം ക്ലാസില്‍ പഠിക്കാ. പിന്നെ നിർത്തി. ഞാൻ ഏറ്റോം അവസാനം ഇഞ്ചിപ്പണിക്കല്ലാതെ അടിമപ്പണിക്ക് പോയത് ‘ശനിവാരശന്തേ’ എന്നു പറയുന്ന സ്ഥലത്തായിരുന്നു. നാഗർഹോള ഏരിയയിലാണ്. കപ്പക്കൃഷിക്ക് കാവലിന് പോയതാ. പന്നിയോ ആനയോ പോലുള്ള മൃഗങ്ങള്‍ തോട്ടങ്ങളിലെത്തിയാ അവയെ ഓടിക്കലാ പണി. അടിമയാണ്. നമ്മള് സംസാരിക്കുന്നില്ല. അവര്‍ പറയുന്നത് കേട്ടിരിക്കണം. അനുസരിക്കണം. ചെലപ്പോ അവര്‍ തല്ലും, തെറി പറയും:
ആരാണ് ബേത്തിമാരൻ? മാതാപിതാക്കൾ ഇട്ട ഈ പേര് പിന്നീട് സ്കൂളിൽ മാഷ് തിരുത്തി സുകുമാരൻ എന്നാക്കി. തന്റെ പേര് മാറ്റിയതിൽ അന്നേ അദ്ദേഹം പ്രതിഷേധിക്കുന്നുണ്ട്. ഈ പേരുമാറ്റം പൊതുബോധവും വിദ്യാഭ്യാസ സമ്പ്രദായവും എങ്ങനെ ഗോത്ര മനുഷ്യരെ കണ്ടു എന്നതിന്റെ ഏറ്റവും ശക്തമായ ഉദാഹരണമാണ്. ആദിവാസികളെ സംബന്ധിച്ച് മലയാളം മീഡിയത്തിലുള്ള പഠനം മാതൃഭാഷയിലുള്ള പഠനമല്ലെന്നും ഇക്കാലമത്രയായിട്ടും കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന് മനസ്സിലായിട്ടില്ല. ആ സങ്കീർണത അഭിസംബോധന ചെയ്യപ്പെട്ടിട്ടുമില്ല. ക്ലാസിൽ വേലിതത്ത എന്നു പഠിപ്പിച്ചത് തനിക്ക് ആദ്യം മനസ്സിലായിരുന്നില്ല എന്ന് സുകുമാരൻ പറയുന്നു. ഗോത്രഭാഷയിൽ ‘പൊലുമ്പെ’ എന്നാണ് ഈ പക്ഷിയെ വിളിക്കുക. പക്ഷേ ക്ലാസ് മുറിയിൽ ആ വാക്കിന് നിരോധനമായിരുന്നു. അരിപ്രാവ് ഗോത്രഭാഷയിൽ ‘തോരെ’യാണ്. പക്ഷേ ആ വാക്കും സ്കൂളിൽ നിരോധിക്കപ്പെട്ടു. ഇത്തരത്തിലുള്ള ഉദാഹരണങ്ങളിലൂടെ, അനുഭവങ്ങളിലൂടെ സുകുമാരൻ ഇങ്ങനെ പറയുന്നു: വയനാട്ടിലെ കുറുവ ദ്വീപിനടുത്ത് കബനിപ്പുഴയുടെ ഓരം ചേർന്നാണ് ചാലിഗദ്ധ. വനപ്രദേശമായ അവിടെ ഊരുകളിലായി ആദിവാസി സമുദായത്തിലെ റാവുളക്കാരായ ഞങ്ങള്‍ കൊറച്ച് മനുഷ്യര്‍ ജീവിക്കുന്നുണ്ട്. കാടും കാന്താരിയും മൃഗങ്ങളുമായി കഴിയുന്ന ഞങ്ങൾക്ക് സ്വന്തമായി ഭാഷയുമുണ്ട്: ആ ഭാഷയെ സ്കൂളുകൾ എങ്ങനെ കൈകാര്യം ചെയ്തുവെന്നതിന്റെ അനുഭവമാണ് മുമ്പ് ഉദാഹരിച്ചത്. മാതൃഭാഷ സംസ്ക്കാരത്തിന്റെ അടിപ്പടവാണെന്ന ഉറച്ച ബോധ്യം സുകുമാരനുണ്ട്. അതദ്ദേഹം ആവർത്തിച്ച് ഊന്നിപ്പറയുന്നുണ്ട്.
ആദിവാസി ഭക്ഷണത്തെക്കുറിച്ച് സുകുമാരൻ എഴുതുന്നു: കേരളത്തിലെ ആദിവാസികള്‍ നല്ല വൃത്തിയുള്ള ഭക്ഷണം കഴിക്കുന്നവരാണ്. ഇലക്കറികള്‍, പുഴയിൽ നിന്ന് പിടിക്കുന്ന മീനുകൾ, ഞണ്ട്, കാട്ടുചേമ്പ്, പുഴടെ ഉള്ളിലെ താള്, കാട്ടുപഴങ്ങള്‍, മുളക്കൂമ്പ് ഇതൊക്കെ നല്ല പോഷകമുള്ള ആഹാരങ്ങളാണ്. ഇപ്പോ ആഗ്രഹിക്കുന്ന മൃഗങ്ങളെ ഞാൻ കവിതയിലൂടെ മാത്രമാണ് തിന്നുന്നത്. അല്ലാതെയാണെങ്കി പോലീസ് കേസാവും. പഴയ ആദിവാസി ജീവിതം കവിതയിലൂടെ വീണ്ടെടുക്കാനെ പറ്റൂ. ഇത്രയും വാക്കുകൾ ഭക്ഷണത്തെക്കുറിച്ചുള്ള ഒരു കാലത്തെ സ്വയം പര്യാപ്തതയിലേക്ക് വിരൽ ചൂണ്ടുന്നു. ഒപ്പം ഇതിൽ നിന്നും പുറത്താക്കപ്പെടുമ്പോൾ ആ ഭക്ഷണം നഷ്ടമാകുന്നതിനെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നു.
കവിയായി രൂപാന്തരപ്പെട്ട തന്റെ ജീവിതത്തെക്കുറിച്ച് എത്രയും ആഹ്ളാദത്തോടെ, ആഘോഷപൂർവം സുകുമാരൻ എഴുതുന്നു. സ്കൂളിൽ നോട്ടുബുക്കിൽ എഴുതിത്തുടങ്ങിയ കവിതകൾ പിന്നീട് പിന്നീട് തനിക്ക് എങ്ങനെ ആത്മവിശ്വാസം പകർന്നു എന്നും കവിതയിലൂടെയാണ് താൻ വിമോചിപ്പിക്കപ്പെടുന്നതെന്നും സുകുമാരൻ വ്യക്തമാക്കുന്നു.
കവിയായതിനോടുള്ള പല പ്രതികരണങ്ങളെ അദ്ദേഹം ഇങ്ങനെ അവതരിപ്പിച്ചിട്ടുണ്ട്: ട്രൈബലായത് കൊണ്ട് നിങ്ങക്കൊക്കെ വേഗം എഴുതാൻ കിട്ടും എന്നൊക്കെ പലരും പറയും. അതുപോലെ ‘നീയൊക്കെ ആദിവാസിയായത് കൊണ്ടല്ലേ കേരള സാഹിത്യത്തില്‍ കേറാൻ പറ്റിയത് ’എന്ന് പറയുന്നുവരുമുണ്ട്. സാഹിത്യത്തിലെവിടാ സംവരണം ഉള്ളേ? എന്നാ പിന്നെ ഞങ്ങൾക്കെല്ലാവർക്കും എഴുതിക്കൂടെ? എഴുത്ത് നല്ലതാണെങ്കി നമ്മെ സ്വീകരിക്കും. ഞാൻ പണ്ടു മുതലെ ഇതൊന്നും നോക്കാൻ പോകാറില്ല. ‘നിന്റെ കവിത ശരിയല്ല’, ‘ഇത് എഴുതിയാ നിനക്ക് എന്തു കിട്ടും’ എന്നൊക്കെ തളർത്തുന്നവരുണ്ട്. ഞാൻ പറയും ‘എനിക്ക് സുഖം കിട്ടുന്നുണ്ട് ’ എന്ന്. എന്നേക്കാൾ മുന്നേയുള്ള എഴുത്തുകാർ എത്ര കഷ്ടപ്പെട്ടിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെ വിദ്യാസമ്പന്നർ ഉണ്ടല്ലോ ജാതിവാല് കൊണ്ട് വലിയവരാണെന്നു വിചാരിക്കുന്നവർ, അവർക്കാണ് ഏറ്റവും കൂടുതൽ കളിയാക്കുന്നതിന്റെ സുഖം കിട്ടുന്നത്. വീടിന്റെ തിണ്ണയിൽ വന്നിരുന്നു വരെ കളിയാക്കിയിട്ടുണ്ട്. പിന്നെ ചില സ്ഥലങ്ങളിലൊക്കെ പരിപാടിക്ക് പോവുമ്പോ വേർതിരിച്ച് കാണുന്ന പോലെ തോന്നാറുണ്ട്. എന്തൊക്കെയാലും ഇനിയും എഴുതിക്കൊണ്ടിരിക്കും: എഴുതുക, എഴുത്തുകാരനായിരിക്കുക എന്ന ഉറപ്പിലാണ് സുകുമാരൻ ചാലിഗദ്ധയുടെ ഓരോ നിമിഷവും കടന്നുപോകുന്നത്. അതുകൊണ്ടാണ് ഈ പുസ്തകം സർഗാത്മകതയുടെ ആഘോഷത്തെ പലയിടങ്ങളിലായി പങ്കുവയ്ക്കുന്നതും.
പുസ്തകത്തിന്റെ ആമുഖത്തിൽ സുകുമാരൻ കവിതയെ പി. രാമൻ ഇങ്ങനെ നിരീക്ഷിക്കുന്നു: ആദിവാസി ഗോത്രത്തിൽ നിന്നുള്ള ഒരു കവി ഇങ്ങനെയെല്ലാമാണ് എഴുതേണ്ടത് എന്നതിനെപ്പറ്റി പുറത്തുനിന്നുള്ളവർക്ക് ചില മുൻധാരണകളുണ്ട്. ഈ മുൻധാരണകളെയെല്ലാം തകർക്കുന്നവയാണ് പൊതുവേ ഗോത്ര ഭാഷാ കവിതകൾ, സുകുമാരന്റേത് വിശേഷിച്ചുമതെ. സാംസ്ക്കാരികവും സാമ്പത്തികവും പാരിസ്ഥിതികവുമായ അപചയങ്ങളെപ്പറ്റി സുകുമാരൻ ധാരാളമായി തന്റെ കവിതകളിലെഴുതുന്നുണ്ട്. എന്നാൽ അതങ്ങനെയായിരിക്കുമ്പോഴും
പുറംലോകം പ്രതീക്ഷിക്കുന്ന തരത്തിൽ ഒരു പ്രതിഷേധ മുദ്രാവാക്യമാകുന്നില്ല ഈ കവിയുടെ എഴുത്ത്. അടിമുടി സൗന്ദര്യാത്മകമാണത്, ആനന്ദാത്മകവുമാണ്. സ്വതന്ത്ര ജീവിതത്തിന്റെ കുളിർകാറ്റ് ഈ കവിതകളിൽ വീശിപ്പടരുന്നുണ്ട്. നഗരത്തിലെത്തിയാലും സുകുമാരൻ ഭാഷ കൊണ്ടൊരു കാടൊരുക്കും:
കവിത തോട്ടമല്ല, കാടാണെന്ന ആറ്റൂർ രവിവർമയുടെ അഭിപ്രായത്തോട് കൂട്ടിവായിക്കുമ്പോൾ സുകുമാരൻ ഭാഷ കൊണ്ടുണ്ടാക്കുന്ന കാടിന്റെ വൈപുല്യം കൂടുതൽ ആഴത്തിൽ അനുഭവിച്ചറിയാൻ സാധിച്ചേക്കും. കവിതയിലും എഴുത്തിലും ചിന്തയിലും ജീവിതത്തിലും മറ്റ് ഏജൻസികളും സഹായികളുമില്ലാതെ സ്വയം ഉറച്ചുനിൽക്കാൻ ഗോത്ര ജനതക്ക് എങ്ങനെ കഴിയണമെന്നു കൂടി അങ്ങേയറ്റം വ്യക്തതയോടെ പ്രതിപാദിക്കുന്ന പുസ്തകം കൂടിയാണ് ‘ബേത്തിമാരൻ’. അങ്ങനെ സാംസ്ക്കാരിക ചരിത്രത്തിൽ ഏറ്റവും തെളിച്ചം നൽകുന്ന അധ്യായമായി ഈ പുസ്തകം പ്രവർത്തിക്കുന്നു. എഡിറ്റിങും ട്രാൻസ്ക്രിപ്ഷനും നിർവഹിച്ച ശ്രുതി ടി.എ ആ ജോലി ഭംഗിയാക്കിയിട്ടുണ്ട്. ആത്മകഥകളുടെ ചരിത്രത്തിലേക്ക് പുതിയ സംവാദച്ചുവടുകളുമായി ഈ പുസ്തകം നടന്നു കയറും എന്നുറപ്പിക്കാം.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."