പന്തോളം
കവിത
അബ്ബാസ് കെ.കെ
ലോകം മുഴുവൻ
കണ്ണുകൾ
പണയംവച്ചിരിപ്പാണ്.
ഭാഗ്യംകിട്ടിയ രാജ്യങ്ങളിലെ
കാലുകൾ
ഒരു ഗാലറിയിൽ
ഈ പ്രപഞ്ചത്തെ തളച്ചിട്ട്
ഉന്മാദത്തിന്റെ
കെട്ടു പൊട്ടിക്കുകയാണ്.
ഒരു പന്തോളമെങ്കിലും
വളരാനായെങ്കിലെന്നു
കളിക്കാരന്റെ കുപ്പായമിട്ട
നാൽക്കവലയിലെ കുട്ടികളും
വീരസ്യം പറയുന്നുണ്ട്.
രണ്ടു കാലുകൾക്കിടയിലൂടെ
വലകുലുക്കുകയെന്ന
പന്തിന്റെ മോഹത്തിനു
ബൂട്ടണിഞ്ഞ
കാലുകൾ
നിമിത്തമാകുന്നുണ്ട്.
കറുത്തവനും
വെളുത്തവനും
ഇരുനിറക്കാരനും
നിറുത്താതെയോടുമ്പോൾ
കാഴ്ചക്കാരിൽ
ജേഴ്സിനിറമില്ലാതെ
ആരവങ്ങളുടെ
വേലിയേറ്റമുണ്ടാകുന്നുണ്ട്.
രാജ്യാതിർത്തികളല്ല,
തൊലിനിറമല്ല,
പന്തിനായി കാത്തിരിക്കുന്ന
വലയുടെ പ്രതീക്ഷയാണ്
കവിതയാകുന്നത്.
ലോകത്തെ മുഴുവൻ
കൈപിടിയിലൊതുക്കിയ
പന്തിനെയുള്ളംകൈയാൽ
പിടിച്ചുനിറുത്താൻ
ഗോളിയെന്ന
മാന്ത്രികന്റെ ശ്രമങ്ങളാണ്
പലപ്പോഴും
ക്രോസ്ബാറിൽത്തട്ടി
തിരികെപ്പോകുന്നത്.
പന്തെന്നത്
കളിയല്ലെന്നും
ഭൂമിയെപ്പോലെ
ഉരുണ്ടിരിക്കുന്നത്
കോടാനുകോടികളുടെ നിശ്വാസം
അടക്കംചെയ്തതിനാലാണെന്നും
ആർക്കാണറിയാത്തത്.
കാൽപന്തെന്നത്
വെറുംകളിയല്ല,
ലോകത്തെ മുഴുവൻ
നിറഭേദങ്ങളില്ലാതെ,
ജാതിവെറിയില്ലാതെ,
കൂട്ടിക്കെട്ടാൻ
പാകത്തിനുരുട്ടിയെടുത്തൊരു
സ്നേഹായുധമാണ്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."