അടിപൊളിയാണ് അറ്റോ
വീൽ
വിനീഷ്
ഫുൾ ചാർജിൽ ഒാടുന്ന ദൂരം 521 കി.മീ ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇനി ഇവിടുത്തെ റോഡുകളിൽ എത്ര കിട്ടും റേഞ്ച് എന്നതാണ് ചോദ്യമെങ്കിൽ, കാര്യമായ കുറവൊന്നും ഉണ്ടാകില്ലെന്നായിരിക്കും ഉത്തരം. പറഞ്ഞു വരുന്നത് അറ്റോ 3യെക്കുറിച്ചാണ്, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ബി.വൈ.ഡി(ബിൽഡ് യുവർ ഡ്രീംസ് )യുടെ പുതിയ ഇലക്ട്രിക് എസ്.യു.വി. ഫുൾ ചാർജിൽ ഒരു വിധം ശ്രദ്ധിച്ച് ഒാടിച്ചാൽ 500 കി.മീഅടുത്ത് റേഞ്ച് അറ്റോയ്ക്ക് ലഭിക്കുന്നതിന് കാരണം ബി.വൈ.ഡിയുടെ ബ്ലേഡ് ബാറ്ററി ടെക്നോളജിയാണ്. ഇൗ സാങ്കേതിക മികവാണ് ടെസ്ലയെപ്പോലും കടത്തിവെട്ടി ഇലക്ട്രിക് വാഹന രംഗത്ത് വെന്നിക്കൊടി പാറിക്കാൻ ബി.വൈ.ഡിയെ പ്രാപ്തരാക്കിയതും. ബ്ളേഡ് പോലെ സെല്ലുകൾ അടുക്കിയിരിക്കുന്നതിനാൽ കുറഞ്ഞ സ്ഥലം മാത്രമേ ആവശ്യമുള്ളൂ. അതായത് കുറഞ്ഞ സ്ഥലത്ത് കൂടുതൽ ശേഷിയുള്ള ബാറ്ററി വയ്ക്കാം. ഇതുതന്നെയാണ് ബ്ലേഡ് ബാറ്ററികൾ കൂടുതൽ കാര്യക്ഷമതയുള്ളതാകാൻ കാരണവും. ഇത്തരം ബാറ്ററികളിൽ അഗ്നിബാധയ്ക്കുള്ള സാധ്യത ഇല്ലെന്നാണ് മറ്റൊരു സവിശേഷത.
ഇന്നോവയ്ക്ക് സമാനമായ വലിപ്പമുള്ള e6 എന്ന ഫൈവ് സീറ്റർ എം.പി.വിയ്ക്ക് ശേഷമാണ് അറ്റോ 3 എന്ന എസ്.യു.വിയെ ബി.വൈ.ഡി ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. 33.99 ലക്ഷം ആണ് എക്സ് ഷോറൂം വില.
ഹ്യുണ്ടായിയുടെ കോനയും എം.ജിയുടെ ZSഇ.വിയുമാണ് നിവലിൽ22-30 ലക്ഷം രൂപയിൽ ഇവിടെ ലഭ്യമായ ഇലക്ട്രിക് എസ്.യു.വികൾ. ഇവയേക്കാൾ വലുതാണ് അറ്റോ. 4,455 mm നീളവും 1,865 mm വീതിയും 1,615 mm ഉയരവും ഉള്ള അറ്റോ 3 യുടെ വീൽബേസ് 2,720 മീറ്ററും ഗ്രൗണ്ട് ക്ലിയറൻസ് 175 മില്ലീമീറ്ററുമാണ്.
മുന്നിൽ നിന്ന് നോക്കുമ്പോൾ വളരെ ആകർഷകമാണ് ഡിസൈൻ. ത്രികോണാകൃതിയിലുള്ള ക്രിസ്റ്റൽ എൽ.ഇ.ഡി ഹെഡ്ലാമ്പുകളെ 'BYD' എന്ന വാക്കുകൾ എംബോസ് ചെയ്തിരിക്കുന്ന കട്ടിയുള്ള ക്രോം ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നതും കാണാം.
വലിയ 18 ഇഞ്ച് വീലുകൾ ആണ് ഇൗ ഫൈവ് സീറ്റർ എസ്.യു.വിക്കുള്ളത്. കൂടാതെ മുൻ വശത്തെ വീൽ ആർച്ചിനോട് ചേർന്നാണ് ചാർജിങ് പോർട്ട് സ്ഥിതിചെയ്യുന്നത്.
440 ലിറ്റർ ആണ് ബൂട്ട് സ്പേസ്. കൂടൂതൽ സാധനങ്ങൾ വയ്ക്കാൻ പിറകിലെ സീറ്റ് 60:40 സപ്ലിറ്റായി ക്രമീകരിക്കാനും സാധിക്കും. ഇലക്ട്രിക്കാണ് പിന്നിലെ ടെയിൽ ഗേറ്റ് ആഥവാ ഡിക്കി ഡോർ. വാഹനങ്ങളുടെ അകവശത്തെക്കുറിച്ച് നമുക്കുള്ള പരമ്പരാഗത സങ്കൽപ്പമെല്ലാം തിരുത്തിക്കുറിക്കുന്നതാണ് അറ്റോയുടെ ഇന്റീരിയർ. ഡാഷ് ബോർഡിലെ ബ്ലൂ ഫിനിഷും ഒപ്പം നൽകിയ അലുമിനിയും സ്ട്രിപ്പുകളും മനോഹരമാണ്. ഇതിൽ എടുത്തു പറയേണ്ട ഒന്നാണ് വലിയ 12.8 ഇഞ്ച് സ്ക്രീൻ. ഇത് സൗകര്യത്തിനനുസരിച്ച് ഇത് റൊട്ടേറ്റ് ചെയ്യാം എന്ന സവിശേഷതയും ഉണ്ട്. എ.സി വെന്റുകളും കൗതുകം ജനിപ്പിക്കുന്നതാണ്. വിമാന കോക്പിറ്റിൽ കാണുന്ന പോലെയാണ് ഗിയർ സെലക്ടർ ലിവർ. ഡോർ പാഡിൻ്റെ താഴെ ഭാഗത്ത് ഗിറ്റാർ സ്ട്രിംഗുകൾ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ നൽകിയിരിക്കുന്ന മൂന്ന് നാല് കമ്പികൾ എല്ലാ ഡോറിലുമുണ്ട്. ഇതും കൗതുകമുണർത്തുന്ന സവിശേഷതയാണ്.
സീറ്റുകൾ നല്ല വലിപ്പമുള്ളതും വിശാലവുമാണ്. ഇലക്ട്രിക് അഡ്ജസ്റ്റ്മെൻ്റാണ് മുന്നിലെ സീറ്റുകൾക്ക് നൽകിയിരിക്കുന്നത്. പിൻസീറ്റിൽ മൂന്നുപേർക്ക് സുഖമായി ഇരിക്കാം. നടുക്ക് ട്രാൻസ്മിഷൻ ടണൽ ഇല്ലാത്തതിനാൽ പിറകിലെ ഫ്ലോർ ഫ്ളാറ്റാണ്. വാഹനത്തിനൊപ്പമുള്ള സ്മാർട്ട്കാർഡ് ഉപയോഗിച്ച് അൺലോക്ക് ചെയ്യാം എന്ന സവിശേഷതയുമുണ്ട്. ഡ്രൈവർ സൈഡിലെ മിററിന് സമീപം ഇൗ കാർഡ് കാണിച്ചാൽ ഡോർ അൺലോക്ക് ആകും. താക്കോൽ കൈവശം വയ്ക്കേണ്ട ആവശ്യം ഇല്ല. ഏഴ് എയർബാഗുകൾ, 360-ഡിഗ്രി കാമറ, എ.ബി.എസ്, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സവിശേഷതകളും ഇലക്ട്രിക് എസ്.യു.വിയിൽ ലഭ്യമാണ്. ഇതിന് പുറമെ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ഫ്രണ്ട് ആൻഡ് റിയർ കൊളീഷൻ വാണിങ് തുടങ്ങി. ADAS( അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സവിശേഷതകളും അറ്റോ 3യിൽ ഒരുക്കിയിട്ടുണ്ട്.
ഡിസ്ക് ബ്രേക്കിങ് സംവിധാനമാണ് നാല് വീലുകളിലും ബ്രേക്ക് പെഡലുകളുടെ ഫീൽ പോലും ഇലക്ട്രിക്കായി അഡ്ജസ്റ്റ് ചെയ്യാം. കംഫർട്ട്, സ്പോർട്ടി എന്നീ മോഡുകൾ ഇതിനായി നൽകിയിട്ടുണ്ട്.
60.48 കിലോ വാട്ട് ബാറ്ററി പാക്കുമായി എത്തുന്ന അറ്റോ 3 ഡി.സി ഫാസ്റ്റ് ചാർജറിൽ 50 മിനിട്ടുകൊണ്ട് 80 ശതമാനം ചാർജ് ്ആകും. സാധാരണ എ.സി ചാർജറിൽ 10 മണിക്കൂർ സമയം വേണം ഫുൾ ചാർജിന്. 1,60,000 കി.മീ ബാറ്ററിക്ക് വാറൻഡിയും ഉണ്ട്. 201 ബി.എച്ച്.പി യാണ് മോട്ടോറിന്റെ പവർ.7.3 സെക്കൻഡ് കൊണ്ട് 100 കി.മീ വേഗത കൈവരിക്കും. ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിങ് മോഡുകളും അറ്റോയ്ക്ക് ഉണ്ട്.
കേരളത്തിൽ കൊച്ചിയിൽ ബി.വൈ.ഡി ഡീലർഷിപ്പും ആരംഭിച്ചിട്ടുണ്ട്. ബുക്കിങ് ഇതിനകം നടത്തിയവർക്ക് ജനുവരി മുതൽ ഡെലിവറിയും ആരംഭിക്കും.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."