ശാസ്ത്രീയ നിർമാണം കാലാവസ്ഥയെ അതിജീവിക്കും
കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികൾ അനുഭവിച്ചു തുടങ്ങിയ കേരളം നിർമാണ രീതികളിലും മാറ്റംവരുത്തുന്നു എന്നത് സ്വാഗതാർഹമാണ്. വരാനിരിക്കുന്ന 20 വർഷമെങ്കിലും മുന്നിൽക്കണ്ടാവണം റോഡുകളും പാലങ്ങളും ആസൂത്രണം ചെയ്യേണ്ടതെന്നാണ് സാധാരണ നഗരാസൂത്രണ രീതി. നിർഭാഗ്യവശാൽ അത്രയൊന്നും പ്ലാനിങ് കേരളത്തിൽ നടക്കാറില്ല. ഫണ്ടിന്റെ അപര്യാപ്തതയോ മറ്റോ ആകാം കാരണം.
ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് ശാസ്ത്രീയ രീതിയിൽ നിർമാണപ്രവർത്തനങ്ങൾ നടത്തേണ്ടതിൽ സമയം അതിക്രമിച്ചെന്നു പറയാം. മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെങ്കിലും ഇനിയെങ്കിലും മുന്നൊരുക്കത്തോടെ പ്രവർത്തിക്കാൻ പൊതുമരാമത്ത് വകുപ്പിന് കഴിയട്ടെ എന്നാശംസിക്കാം. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കാലാവസ്ഥാവ്യതിയാനത്തിനും ഭൂപ്രകൃതിക്കും അനുസരിച്ച് നിർമാണ രീതിയിൽ പ്രാദേശികമായി മാറ്റംവരുത്താനുള്ള പഠനമാണ് നടക്കുന്നത്. കാലാവസ്ഥയെ പ്രതിരോധിക്കുന്ന റോഡുകളും കെട്ടിടങ്ങളും ഇല്ലെങ്കിൽ മുന്നോട്ടുപോകുക പ്രയാസമാണ്. റോഡുകൾ അറ്റകുറ്റപ്പണി നടത്തി ഏതാനും ദിവസം മഴ പെയ്യുമ്പോഴേക്കും കുണ്ടും കുഴിയും നിറഞ്ഞതാകുന്നത് കേരളത്തിൽ പതിവാണ്. കാലാവസ്ഥയ്ക്ക് അനുയോജ്യ രീതിയിലുള്ള നിർമാണ രീതിയല്ലാത്തതാണ് കാരണം. ഇൗ റോഡ് വീണ്ടും അറ്റകുറ്റപ്പണി നടത്താൻ വൻതുക നികുതിദായകരായ പൊതുജനം നൽകണം. കുഴിയടച്ചില്ലെങ്കിലോ വാഹനങ്ങളുടെ അറ്റക്കുറ്റപ്പണിയും ഇന്ധനനഷ്ടവുമായി ആ ഭാരവും പൊതുജനം തന്നെ വഹിക്കണം. അപകടങ്ങളും ജീവൻ നഷ്ടവുംവരെ ഉണ്ടാവാം. ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമാണ് ശാസ്ത്രീയ റോഡു നിർമാണം. ഈടുറ്റ റോഡുകൾ ഖജനാവിനും സാധാരണക്കാരന്റെ പോക്കറ്റിലും ചോർച്ചയുണ്ടാക്കില്ല. ഇതിനുള്ള പഠനമാണ് ഇപ്പോൾ നടക്കുന്നത്.
വൈകിയെങ്കിലും കാലാവസ്ഥ തകിടം മറിഞ്ഞുവെന്നും കേരളത്തിൽ എപ്പോൾ വേണമെങ്കിലും പ്രളയവും വരൾച്ചയും ഉണ്ടാകാമെന്നുമുള്ള തിരിച്ചറിവ് സർക്കാരിനുണ്ട്. 1924 കഴിഞ്ഞ് നീണ്ട ഇടവേളക്കു ശേഷം 1961 ലാണ് കേരളത്തിൽ രണ്ടാമത്തെ വലിയ പ്രളയമുണ്ടായത്. എന്നാൽ 2018 ലും 2019 ലും കേരളത്തിൽ പ്രളയമുണ്ടായി. 2021ലും പ്രാദേശിക വെള്ളക്കെട്ടുകളും മറ്റും നഗരങ്ങളെ നിശ്ചലമാക്കി. പ്രളയങ്ങൾക്കിടയിലുള്ള ആവൃത്തി കുറഞ്ഞു, കാലാവസ്ഥാവ്യതിയാനം രൂക്ഷമായി എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഒരു ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് കേരളത്തിൽ 859 പേർ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. 38,863 ചതുരശ്ര കി.മീ ആണ് കേരളത്തിന്റെ വിസ്തൃതി. കേരളത്തിന്റെ പരമാവധി വീതി 120 കി.മീ ആണ്. സമുദ്രനിരപ്പിൽ നിന്ന് 120 കി.മീ കിഴക്കോട്ട് സഞ്ചരിക്കുമ്പോഴേക്കും 2,695 മീറ്റർ വരെ ഉയരത്തിലെത്തുന്നു. ശരിക്കും ഒരു മലഞ്ചെരുവ് പോലെയാണ് സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ്. ചെറിയ സംസ്ഥാനമാണെങ്കിലും ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ ഘടന അത്ഭുതകരവും കാലാവസ്ഥാപരമായി സങ്കീർണവുമാണ്. ജനസാന്ദ്രതയുള്ള സംസ്ഥാനമെന്ന നിലയ്ക്ക് കേരളത്തിൽ റോഡുകളിൽ തിരക്കും കൂടും. മറ്റു സംസ്ഥാനങ്ങളിലെ റോഡുകളിൽ മണിക്കൂറിൽ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണമാകില്ല കേരളത്തിലേത്. അതിനാൽ റോഡുകൾ ഉന്നത നിലവാരത്തിലല്ലെങ്കിൽ പെട്ടെന്ന് തകരും എന്നതാണ് സ്ഥിതി. ഒപ്പം വർഷത്തിൽ എട്ടു മാസത്തോളം മഴ ലഭിക്കുന്ന സംസ്ഥാനവും കൂടിയാണ് കേരളം. പ്ലാസ്റ്റിക് റോഡുകളും മറ്റുമാണ് കേരളത്തിന് കൂടുതൽ അനുയോജ്യരീതി. റബർ ടാറിങ്ങിൽ നിന്ന് ബിറ്റുമിൻ മെക്കാഡത്തിലേക്ക് മാറിയിട്ടുണ്ടെങ്കിലും കനത്ത മഴയിൽ റോഡുകൾ പൊളിയുകയാണ്.
സാധാരണ ബിറ്റുമിനു പകരം പെർഫോമൻസ് ഗ്രേഡ് ബിറ്റുമിൻ ഉൾപ്പെടുത്തിയ സൂപ്പർ പേവ് മിക്‌സ് ഉപയോഗിക്കാനാണ് ഇപ്പോഴത്തെ ധാരണ. 41 നദികളും 58 ഡാമുകളുമുള്ള കേരളത്തിൽ 300 സെ.മീ ൽ കൂടുതൽ മഴ പ്രതിവർഷം ലഭിക്കുന്നുണ്ട്. ഈ സംസ്ഥാനത്താണ് ഇത്രയും കാലം നാം പഴയ രീതികളനുസരിച്ച് റോഡുകളും തോടുകളും പാലങ്ങളും ഓടകളും നിർമിച്ചത്. പലയിടത്തും പുഴ കരകവിഞ്ഞാൽ റോഡ് വെള്ളത്തിലാണ്. നഗരങ്ങളിലാകട്ടെ ചെറിയ മഴയെ പോലും താങ്ങാനുള്ള ശേഷി നഗരപാതകയോരത്തെ ഓടകൾക്കില്ല.
കേരളത്തിൽ 3,31,904 കി.മീ റോഡുകളുണ്ട്. അഞ്ചു മീറ്റർ വീതിയിലുള്ള ഈ റോഡുകൾ കൈയടക്കുന്ന ഭൂമി ഏകദേശം 1,65,952 ഹെക്ടർ വരും. അതുപോലെ 78 ലക്ഷം വീടുകളും കേരളത്തിലുണ്ട്. അഞ്ചു സെന്റിൽ ഒരു വീട് എന്നു കണക്കാക്കിയാൽ പോലും 1,57,827 ഹെക്ടർ ഭൂമിയിലാണ് വീടുകളുള്ളത്. ഇതിലേറെയും കോൺക്രീറ്റ് നിർമിതികളാണ്. മിക്കതിലും കേരളത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസരിച്ചല്ല നിർമാണ സാമഗ്രികൾ ഉപയോഗിച്ചത്. തീരദേശത്തെ നിർമിതികളിൽ ഉപയോഗിക്കുന്ന സിമന്റ് ഉപ്പുസാന്നിധ്യമുള്ള കാറ്റിൽ പെട്ടെന്ന് ദുർബലപ്പെടുന്നു. ഇതിനെല്ലാം പരിഹാരമാകും പുതിയ പഠനവും നിർമാണ രീതിയിലെ മാറ്റങ്ങളും.
മലയോര പാതകളിലും ആവശ്യമായ മാറ്റങ്ങൾ കേരളത്തിന് വേണം. തീവ്രമഴക്ക് പലപ്പോഴും സാക്ഷിയാകുന്നത് മലയോരമേഖലകളാണ്. ഇവിടത്തെ റോഡുകളും മലവെള്ളപ്പാച്ചിൽ നേരിടാനുള്ള കലുങ്കുകളും ഓടകളും ശാസ്ത്രീയമായി നിർമിക്കേണ്ടതുണ്ട്. ചുരം പാതകൾ ബലപ്പെടുത്താൻ ഭിത്തികളും വേണം. ചെലവു കൂടുമെങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് ലാഭകരമാകും ശാസ്ത്രീയമായ റോഡു നിർമാണ രീതികൾ. ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നതുപോലെ ലഭ്യമായ ഫണ്ടിന് അനുസരിച്ച് ചെറിയ പദ്ധതികളിലൂടെ മുന്നോട്ടുപോകുന്നതിന് പകരം ആവശ്യമായ പ്ലാനിങ്ങോടെ നിശ്ചിത ദൂരം ഒറ്റത്തവണ നിർമിക്കുന്ന രീതിയാകും നല്ലത്. പ്രകൃതി ദുരന്തങ്ങളെ നേരിടാൻ മുതൽക്കൂട്ടാകുക ശാസ്ത്രീയ രീതികളാണ്. വിദേശ രാജ്യങ്ങൾ അവരുടെ ഭൂപ്രകൃതിക്ക് അനുസരിച്ച് തയാറാക്കുന്നതല്ല കേരളത്തിനാവശ്യം. കാലാവസ്ഥയും ഭൂപ്രകൃതിയും അനുസരിച്ച് വിദഗ്ധരുടെ നിപുണതയിലൂടെ ചെയ്യാവുന്നതേ ഉള്ളൂ. വിദേശയാത്രകളേക്കാൾ ഇത്തരം പദ്ധതികാളാണ് നമുക്കാവശ്യം. നല്ല നാളേക്കായി നല്ല പദ്ധതികൾ വരട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."