രണ്ടു വയസുകാരന് ക്ഷേത്രത്തില്‍ പ്രവേശിച്ചു; ദലിത് കുടുംബത്തിന് 23,000 രൂപ പിഴ!
ബംഗളൂരു: കര്‍ണാടകയില്‍ ദലിത് കുടുംബാംഗമായ രണ്ടു വയസുകാരന് ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് മാതാപിതാക്കള്‍ക്ക് 23,000 രൂപ പിഴ. കൊപ്പല്‍ ജില്ലയിലെ മിയാപുര ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ ജന്മദിനമായതിനാല്‍ പിതാവ് കുട്ടിയുമായി ഹനുമാന് ക്ഷേത്രത്തിനു പുറത്തെത്തി പ്രാര്‍ഥന നടത്തിയിരുന്നു. ഇവിടെ ദലിതുകള്‍ക്ക് ഈ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനമില്ല. അവര്‍ പുറത്തുനിന്നാണ് ദര്‍ശനം നടത്താറുള്ളത്. ഇങ്ങനെ പ്രാര്‍ഥിക്കുന്നതിനിടെ കുട്ടി ക്ഷേത്രത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ഈ മാസം നാലിനു നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് കുടുംബത്തിന് പിഴ ചുമത്തിയത്.
സംഭവം വിവാദമായതിനു പിന്നാലെ പൊലിസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ഉയര്‍ന്ന ജാതിയില്‍പെട്ട ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ പിന്നീട് താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തു.
താന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയെന്നും പിഴയീടാക്കാന്‍ ശ്രമിച്ച ഉയര്‍ന്ന ജാതിക്കാര്‍ വിഷയത്തില്‍ ദലിത് കുടുംബത്തോട് മാപ്പുപറഞ്ഞതായും വ്യക്തമാക്കിയ ജില്ലാ പൊലിസ് മേധാവി ടി. ശ്രീധര്‍, പരാതി നല്കാന് ദലിത് കുടുംബത്തോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ പരാതിയില്ലെന്നു പ്രതികരിച്ചതായും അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."