ബഫര്‍സോണ്‍ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം; മന്ത്രിമാര്‍ കര്‍ദിനാള്‍ ക്ലീമിസിനെ കണ്ടു
തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ പ്രതിഷേധം തണുപ്പിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍. മന്ത്രിമാരായ റോഷി അഗസ്റ്റിനും ആന്റണി രാജുവും മലങ്കര കത്തോലിക്കാ സഭാ അധ്യക്ഷന്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം പട്ടത്തെ ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
ബഫര്‍സോണില്‍ സര്‍ക്കാറിന് ഒരു ആശങ്കയുമില്ലെന്ന് കൂടിക്കാഴ്ചക്കു ശേഷം മന്ത്രിമാര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കൂടിക്കാഴ്ച ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ടതായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ബഫര്‍സോണില്‍ കര്‍ഷകരുടെ ആശങ്കള്‍ പരിഹരിക്കും. ആശങ്കകള്‍ വേണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ജാഗ്രതയോടെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയാണ്. കാര്യങ്ങള്‍ മനസ്സിലാകുമ്പോള്‍ പ്രശ്‌നങ്ങള്‍ അവസാനിക്കും. ഉപഗ്രഹഹ സര്‍വ്വേയിലെ അപാകതകള്‍ പരിഹരിക്കും. ഫീല്‍ഡ് സര്‍വ്വേ തീരുമാനിച്ചിട്ടുണ്ട്. ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം. സുപ്രിം കോടതിയില്‍ വിഷയം വന്നപ്പോള്‍ റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിച്ച ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രിമാര്‍ അവകാശപ്പെട്ടു.
അതേസമയം ബഫര്‍സോണുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിര്‍ണായക യോഗങ്ങള്‍ ഇന്ന് നടക്കും. രാവിലെ വിദഗ്ധ സമതിയോഗവും ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗവുമാണ് ചേരുന്നത്. ഫീല്‍ഡ് സര്‍വേക്കായി കാലാവധി നീട്ടിനല്‍കാന്‍ വിദഗ്ധസമിതി സര്‍ക്കാറിനോട് ആവശ്യപ്പെടും. ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ടിനെതിരായ പരാതികള്‍ നല്‍കാനുള്ള തീയതിയും നീട്ടിയേക്കും.
ജനുവരി ആദ്യവാരമാണ് ബഫര്‍സോണ്‍ കേസ് സുപ്രിംകോടതി പരിഗണിക്കുന്നത്. ജൂണ്‍ മൂന്നിലെ ഉത്തരവ് പ്രകാരം ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ട് നല്‍കാനുളള സമയപരിധി ഈ മാസം തീരുകയാണ്. സര്‍വേ റിപ്പോര്‍ട്ട് തയ്യാറാണെങ്കിലും കനത്ത പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ ആ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് മുഖ്യമന്ത്രി വരെ പറഞ്ഞു കഴിഞ്ഞു. പ്രതിപക്ഷവും വിവിധ സംഘടനകളും സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചത്. വൈകിട്ട് നടക്കുന്ന യോഗത്തില്‍ വനം, റവന്യു, തദ്ദേശ മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരും പങ്കെടുക്കും.
സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍ തയ്യാറാക്കിയ ഉപഗ്രഹ സര്‍വ്വ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ഒരു സത്യവാങ് മൂലം കൂടി സുപ്രിംകോടതിയില്‍ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഉപഗ്രഹസര്‍വേ ബഫര്‍സോണ്‍ മേഖലയെകുറിച്ചുള്ള ആകാശ ദൃശ്യങ്ങള്‍ മാത്രമാണെന്ന് പറഞ്ഞ് നേരിട്ടു പരിശോധിച്ചുള്ള വ്യക്തിഗത റിപ്പോര്‍ട്ട് അനുബന്ധമായി സമര്‍പ്പിക്കാന്‍ അനുവാദം തേടാനാണ് ശ്രമം. ഇത് യോഗം ചര്‍ച്ച ചെയ്യും.
ഉപഗ്രഹസര്‍വേക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെ നേരിട്ടുള്ള സര്‍വേക്ക് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. വനംവകുപ്പും തദ്ദേശവകുപ്പും കുടുംബശ്രീയുടെ സഹായത്തോടെയാണ് പരാതികളില്‍ ഫീല്‍ഡ് സര്‍വേ നടത്താന്‍ ആലോചിക്കുന്നത്. ഫീല്‍ഡ് സര്‍വേക്കായി കാലാവധി നീട്ടിനല്‍കാന്‍ വിദഗ്ധസമിതി സര്‍ക്കാറിനോട് ആവശ്യപ്പെടും. ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ടിനെതിരായ പരാതികള്‍ നല്‍കാനുള്ള തിയ്യതി 23 ന് തീരാനിരിക്കെ സമയപരിധി നീട്ടാനും സമതി ശിപാര്‍ശ ചെയ്യും. രണ്ടും സര്‍ക്കാര്‍ അംഗീകരിക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."