താലിബാനെ അഫ്ഗാന്‍ പ്രതിനിധിയാക്കണമെന്ന് പാകിസ്താന്‍; സാര്‍ക്ക് സമ്മേളനം റദ്ദാക്കി
ന്യൂഡല്‍ഹി: ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനെ തുടര്‍ന്നാണിത് എന്നാണ് സൂചന.
ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും ഈ യോഗം നടക്കാറുണ്ട്.
താലിബാനെ ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. കൂടാതെ പല ലോകരാജ്യങ്ങളും താലിബാനെ അംഗീകരിച്ചിട്ടില്ല. മാത്രമല്ല, അഫ്ഗാനിലെ പല കാബിനറ്റ് മന്ത്രിമാരും യു.എന്നിന്റെ കരിമ്പട്ടികയില്‍ പേരുള്ളവരാണ്.
അഫ്ഗാനിസ്ഥാനിലെ താലിബാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രിയാണ് അമീര്‍ ഖാന്‍ മുത്തഖി, യുഎന്നിലും അനുബന്ധ യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കാന്‍ സാധ്യതയില്ല.
കഴിഞ്ഞയാഴ്ച നടന്ന ഷാന്‍ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തിന്റെ കാര്യം പ്രതിപാദിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ഭരണത്തെ അംഗീകരിക്കുന്നതിന് മുമ്പ് ലോകം ചിന്തിക്കണമെന്നും കാബൂളിലെ സര്‍ക്കാരില്‍ സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രാതിനിധ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലിദ്വീപ്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ ദക്ഷിണേഷ്യയിലെ എട്ട് രാജ്യങ്ങളുടെ പ്രാദേശിക അന്തര്‍ ഗവണ്‍മെന്റ് സംഘടനയാണ് സാര്‍ക്ക്. സാര്‍ക്ക് സമ്മേളനത്തില്‍ അഫ്ഗാന്‍ പ്രതിനിധിയുടെ കസേര ഒഴിച്ചിടണമെന്നാണ് ഭൂരിഭാഗം അംഗരാജ്യങ്ങളും ആവശ്യപ്പെട്ടത്. എന്നാല്‍ പാകിസ്താന്‍ ഇതിനോട് യോജിച്ചില്ല. അംഗരാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവച്ചതെന്ന് സാര്‍ക്ക് സെക്രട്ടേറിയറ്റ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."