പ്ലസ് വണ്‍ പ്രവേശനം: അറിയേണ്ടതെല്ലാം
തിരുവനന്തപുരം: പ്ലസ് വണ്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ 'ഫസ്റ്റ് അലോട്ട്‌മെന്റ് റിസള്‍ട്ട് ' എന്ന ലിങ്കില്‍നിന്ന് ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററില്‍ രേഖപ്പെടുത്തിയ തീയതിയും സമയവും പാലിച്ച് രക്ഷിതാവിനൊപ്പം സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂളില്‍ ഹാജരാകണം.
അലോട്ട്‌മെന്റ് ലെറ്ററിന്റെ ഒന്നാമത്തെ പേജില്‍ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങളും പഠനത്തിനായി തിരഞ്ഞെടുക്കുന്ന രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാര്‍ഥിയും രക്ഷിതാവും ഒപ്പുവയ്ക്കണം. ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം.
മറ്റ് ഓപ്ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് സ്ഥിരപ്രവേശനമോ താല്‍കാലിക പ്രവേശനമോ നേടാം. താല്‍കാലിക പ്രവേശനത്തിന് ഫീസ് അടക്കേണ്ടതില്ല.
താല്‍കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ റദ്ദാക്കാന്‍ സൗകര്യമുണ്ട്.
അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍കാലിക പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. അനുവദിക്കപ്പെട്ട സമയത്ത് പ്രവേശനത്തിന് ഹാജരാകാന്‍ പറ്റാത്തവര്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനുവദിക്കുന്ന മറ്റൊരു സമയത്ത് പ്രവേശനം നേടാം.
വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ നിര്‍ബന്ധമായും പ്രവേശന സമയത്ത് ഹാജരാക്കണം.
ഇതുവരെ പ്ലസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് രണ്ടാമത്തെ അലോട്ട്‌മെന്റിനു ശേഷമുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പുതുതായി അപേക്ഷിക്കാം. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാല്‍ ആദ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ അപേക്ഷിക്കാം.
പ്രവേശന നടപടികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രിന്‍സിപ്പല്‍മാര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു വിദ്യാര്‍ഥിക്ക് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 15 മിനുട്ട് ലഭിക്കുന്നുവെന്ന് ഉറപ്പാക്കും.
അലോട്ട്‌മെന്റ് ലെറ്ററിന്റെ പകര്‍പ്പ് കുട്ടികള്‍ക്ക് പ്രവേശനം ലഭിച്ച സ്‌കൂളില്‍നിന്ന് നല്‍കും. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്കും കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്കും കാന്‍ഡിഡേറ്റ് ലോഗിനിലെ 'ഓണ്‍ലൈന്‍ ജോയിനിങ് ' എന്ന് ലിങ്ക് വഴി പ്രവേശനം നേടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."