യുവതീ യുവാക്കള്‍ തീവ്രവാദ സംഘടനകളിലെത്താതിരിക്കാന്‍ ഇടപെടല്‍; സ്‌പെഷല്‍ ബ്രാഞ്ച് ഡീ റാഡിക്കലൈസേഷന്‍ പരിപാടി ശക്തമാക്കും
തിരുവനന്തപുരം: യുവതീ യുവാക്കള്‍ മതതീവ്ര നിലപാടുകളില്‍ ആകൃഷ്ടരായി തീവ്രവാദ സംഘടനകളിലും മറ്റും എത്തിപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി.
ഇതിനായി സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് മുന്‍കൈയെടുത്ത് 2018 മുതല്‍ ഡീ റാഡിക്കലൈസേഷന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നു. തെറ്റായ നിലപാടുകളില്‍ നിന്ന് പിന്തിരിപ്പിച്ചു അവരെ സാധാരണ മനോനിലയിലെത്തിക്കാനുള്ള ശ്രമമാണ് ഇങ്ങനെ തുടര്‍ച്ചയായി നടത്തുന്നത്.
തീവ്രമതനിലപാടുകളിലൂടെ ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി യുവാക്കള്‍ വഴി തെറ്റാതിരിക്കാന്‍ വിവിധ ജില്ലകളിലെ മഹല്ലുകളിലെ പണ്ഡിതന്‍മാരെയും മഹല്ല് ഭാരവാഹികളെയും ഉള്‍പ്പെടുത്തി കൗണ്ടര്‍ റാഡിക്കലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീവ്ര മതനിലപാടുകള്‍ സ്വീകരിക്കുകയും ഐ.എസ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്യുന്നതായി കണ്ട യുവാക്കളെ ഈ പരിപാടികളില്‍ പങ്കെടുപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്.
ചിട്ടയായും ഫലപ്രാപ്തിയോടെയും നടത്തി വന്ന ഈ പരിപാടികള്‍ കൊവിഡ് പശ്ചാത്തലത്തില്‍ 2020 മുതല്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. അത് പുനരാരംഭിയ്ക്കും. വെള്ളം കലക്കി മീന്‍പിടിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തുക തന്നെ വേണം. സാമുദായിക സ്പര്‍ധയ്ക്കു കാരണമാകും വിധം വിദ്വേഷ പ്രചാരണം നടത്തുന്നവരെയും അതിന് സൗകര്യവും പിന്തുണയും നല്‍കുന്നവരെയും തുറന്നുകാട്ടാന്‍ സമൂഹം ഒന്നാകെ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."