'ഞാന്‍ നിങ്ങളുടെ വേലക്കാരിയല്ല' സാന്‍ഡ്‌വിച്ചിനെ ചൊല്ലി തന്നോട് മോശമായി സംസാരിച്ച ആളോട് പൊട്ടിത്തെറിച്ച് ഇന്‍ഡിഗോ ജീവനക്കാരി
ന്യൂഡല്‍ഹി: വിമാനത്തില്‍ സാന്‍വിച്ച് വിതരണം ചെയ്തപ്പോള്‍ അപമര്യാദയായി സംസാരിച്ചയാളോട് പൊട്ടിത്തെറിച്ച് എയര്‍ഹോസ്റ്റസ്. ഞാന്‍ നിങ്ങളുടെ വേലക്കാരിയല്ലെന്നും വിമാനത്തിലെ ജീവനക്കാരിയാണെന്നും എയര്‍ഹോസ്റ്റസ് പറയുന്ന വീഡിയോ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി.
ഡിസംബര്‍ 16 ന് ഇസ്താംബൂളില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ 6E 12 വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
എയര്‍ഹോസ്റ്റസും യാത്രക്കാരനുംതമ്മിലുള്ള രൂക്ഷമായ വാക്കുതര്‍ക്കമാണ് വിഡിയോയിലുള്ളത്. യാത്രക്കാരന്‍ ജീവനക്കാരോട് പരുഷമായി സംസാരിച്ചുവെന്നും ഇത് ഒരു എയര്‍ഹോസ്റ്റസിനെ കരയിച്ചുവെന്നും ക്രൂ അംഗം വിഡിയോയില്‍ പറയുന്നുണ്ട്. 'നിങ്ങള്‍ എനിക്ക് നേരെ വിരല്‍ ചൂണ്ടി എന്നോട് ആക്രോശിക്കുന്നു. നിങ്ങള്‍ കാരണം എന്റെ കൂടെയുള്ള ജോലിക്കാര്‍ കരഞ്ഞു. ദയവായി മനസിലാക്കുക, ഇവിടെ നിങ്ങള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മാത്രമേ ലഭ്യമാകൂ.. അത് മാത്രമേ ഞങ്ങള്‍ക്ക് വിളമ്പാന്‍ കഴിയൂ...' എന്ന് എയര്‍ഹോസ്റ്റസ് പറഞ്ഞുതീരുംമുമ്പ് യാത്രക്കാരന്‍ വീണ്ടും അവള്‍ക്കെതിരെ ദേഷ്യപ്പെട്ട് സംസാരിച്ചു. 'നീ എന്തിനാണ് അലറുന്നത്?' എന്നായിരുന്നു അയാളുടെ ചോദ്യം. നിങ്ങള്‍ ഞങ്ങളോട് ആക്രോശിക്കുന്നതിനാലാണെന്ന് എയര്‍ഹോസ്റ്റസ് മറുപടി പറയുന്നുണ്ട്. ഇതിനിടെ സഹപ്രവര്‍ത്തക ഇടപെട്ട് എയര്‍ഹോസ്റ്റസിനെ ശാന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യാത്രക്കാരനും എയര്‍ഹോസ്റ്റസും പരസ്പരം വാഗ്വാദം തുടര്‍ന്നു.
'ക്ഷമിക്കണം, ജോലിക്കാരോട് ഇങ്ങനെ സംസാരിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. നിങ്ങള്‍ പറഞ്ഞതെല്ലാം ഞാന്‍ ആദരവോടെയും ശാന്തമായും കേട്ടിരുന്നു. തിരിച്ച് നിങ്ങളും ജോലിക്കാരോട് ബഹുമാനം കാണിക്കണം' എന്ന് എയര്‍ഹോസ്റ്റസ് പറഞ്ഞു. 'എവിടെയാണ് ഞാന്‍ ജോലിക്കാരെ അനാദരിച്ചത്?' എന്നായി യാത്രക്കാരന്‍.
'പിന്നെ താന്‍ ആക്രോശിച്ചതും വിരല്‍ചൂണ്ടിയതും എന്താണെന്ന്' എയര്‍ഹോസ്റ്റസ് ചോദിച്ചപ്പോള്‍ 'നീയാണ് ആക്രോശിച്ചത്. വായടക്കൂ' എന്നായിരുന്നു അയാളുടെ മറുപടി. 'നീ വായടക്കൂ, ഞാന്‍ കമ്പനിയിലെ ജീവനക്കാരിയാണ്. തനിക്ക് ഇങ്ങനെ സംസാരിക്കാന്‍ അര്‍ഹതയില്ല' എന്ന് ജീവനക്കാരി തിരിച്ചടിച്ചു. 'നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമേ വിളമ്പാന്‍ പറ്റൂ. നിങ്ങളുടെ ബോര്‍ഡിങ് പാസില്‍ സാന്‍വിച്ചാണ് ഓര്‍ഡര്‍ ചെയ്തതായി കാണുന്നത്' എന്ന് എയര്‍ ഹോസ്റ്റസ് പറഞ്ഞു. നിങ്ങള്‍ ഞങ്ങളുടെ വേലക്കാരാണ് എന്നായിരുന്നു ഇതിന് യാത്രക്കാരനെറ മറുപടി. ഇതോടെ കൂടുതല്‍ പ്രകോപിതയായ ജീവനക്കാരി 'ഞാന്‍ കമ്പനിയിലെ ജോലിക്കാരിയാണ്, നിങ്ങളുടെ വേലക്കാരിയല്ല' എന്ന് പറഞ്ഞു. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഘട്ടം എത്തിയതോടെ സഹജീവനക്കാരി ഈ എയര്‍ഹോസ്റ്റസിനെ വിമാനത്തിന്റെ കാബിനിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
As I had said earlier, crew are human too. It must have taken a lot to get her to breaking point. Over the years I have seen crew slapped and abused on board flights, called "servant" and worse. Hope she is fine despite the pressure she must be under. https://t.co/cSPI0jQBZl
— Sanjiv Kapoor (@TheSanjivKapoor) December 21, 2022
മുന്‍കൂട്ടി ഭക്ഷണം ബുക്ക് ചെയ്ത യാത്രക്കാരന് സാന്‍വിച്ച് ലഭിച്ചപ്പോള്‍ അത് തണുത്തതാണെന്നും മാറ്റിത്തരണമെന്നും ആവശ്യപ്പെട്ട് ബഹളം വെച്ചതാണ് സംഭവത്തിന് കാരണമായതെന്ന് വിമാനത്തില്‍ സഹയാത്രികനായിരുന്നയാള്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചതായി 'മിന്റ്' റിപ്പോര്‍ട്ട് ചെയ്തു. എന്താണ് സംഭവിച്ചതെന്നന് പരിശോധന നടത്തുമെന്ന് ഇന്‍ഡിഗോയും പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."