മൂക്കിലൂടെ നല്‍കാവുന്ന വാക്‌സീന്‍ അടുത്തയാഴ്ച ; കൊവിഡ് പ്രതിരോധങ്ങള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മാസ്‌കുള്‍പ്പടെയുള്ള കൊവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശവുമായി പ്രധാനമന്ത്രി. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ച് ചേര്‍ത്ത ഉന്നത തലയോഗത്തിലായിരുന്നു നിര്‍ദ്ദേശം. രാജ്യത്തെ ആശുപത്രികളെ സജ്ജമാക്കാനും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മൂക്കിലൂടെ നല്‍കാവുന്ന വാക്‌സീന്‍ അടുത്തയാഴ്ച വിതരണത്തിനെത്തുമെന്നും അദ്ദേഹം അറിയിച്ചു.
ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വിസുകള്‍ തത്ക്കാലം റദ്ദാക്കില്ല. എന്നാല്‍ രണ്ട് ശതമാനം യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കും. ഒരാഴ്ച്ച നിരീക്ഷിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. വരും ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്കെല്ലാം പരിശോധന നിര്‍ബന്ധമാക്കുമെന്നും ആരോഗ്യമന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
ചൈനയിലെ കൊവിഡ് വകഭേദം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത കൂട്ടണം. ഉത്സവ കാലങ്ങളിലുള്‍പ്പടെ മാസ്‌ക് ധരിക്കുന്നത് കര്‍ശനമാക്കണം, കൊവിഡ് പരിശോധനയും ജനിതക ശ്രേണീകരണ നിരക്കും കൂട്ടണം. വാക്‌സിനേഷന്റെ മുന്‍കരുതല്‍ ഡോസ് വിതരണം ഊര്‍ജ്ജിതമാക്കണം, സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ പ്ലാന്റുകളും വെന്റിലേറ്ററുകളും അടക്കം ആശുപത്രി സൗകര്യങ്ങള്‍ സജ്ജമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ മാസ്‌കുള്‍പ്പടെയുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."