നിദ ഫാത്തിമയുടെ മരണം: കോടതിയലക്ഷ്യ ഹരജിക്ക് അനുമതി
കൊച്ചി: സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ ഹരജിക്ക് ഹൈക്കോടതി അനുമതി. കോടതി ഉത്തരവോടെ എത്തിയിട്ടും നിദ ഫാത്തിമക്ക് വെള്ളവും ഭക്ഷണവും സംഘാടകര്‍ നല്‍കിയില്ലെന്ന് അഭിഭാഷകര്‍ വാദിച്ചു. ഇക്കാര്യത്തില്‍ കര്‍ശന നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്നാണ് ജസ്റ്റിസ് വി.ജി അരുണ്‍ കോടതിയലക്ഷ്യ ഹരജിക്ക് അനുമതി നല്‍കിയത്. ഇന്ന് തന്നെ കോടതി ഹരജി പരിഗണിക്കും. നിദയുടെ മരണത്തില്‍ കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ദേശീയ ഫെഡറേഷനെതിരെയാണ് ഹരജി നല്‍കുക.
നിദഫാത്തിമയുടെ മരണത്തില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിനും നോട്ടിസ് നല്‍കിയിട്ടുണ്ട്. എ.എം.ആരിഫ് എം.പിയാണ് നോട്ടിസ് നല്‍കിയത്.
അതേസമയം നിദ ഫാത്തിമയുടെ പോസ്റ്റ്മാര്‍ട്ടം ഇന്ന് നടക്കും. ഇതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരു. കഴിഞ്ഞ ദിവസമാണ് ആലപ്പുഴ അമ്പലപ്പുഴ കക്കഴം സ്വദേശിനി നിദ ഫാത്തിമ (10) നാഗ്പൂരില്‍ മരിച്ചത്. ദേശീയ സബ് ജൂനിയര്‍ സൈക്കിള്‍ പോളോയില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 20നാണ് നിദയടങ്ങിയ സംഘം നാഗ്പൂരിലെത്തിയത്. ബുധനാഴ്ച രാത്രി ഛര്‍ദിച്ച് കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം.
നാഷനല്‍ സബ് ജൂനിയര്‍ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്ന് രണ്ട് അസോസിയേഷനുകളുടെ ടീമുകളാണ് പോയത്. ഇതില്‍ കേരള സൈക്കിള്‍ പോളോ അസോസിയേഷന്റെ ടീം അംഗമായിരുന്നു നിദ.
സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയാണെങ്കിലും കോടതി ഉത്തരവിലൂടെയാണ് നിദ ഫാത്തിമ ഉള്‍പ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാല്‍, ഇവര്‍ക്ക് താമസ, ഭക്ഷണ സൗകര്യങ്ങള്‍ ദേശീയ ഫെഡറേഷന്‍ നല്‍കിയില്ലെന്ന് ആരോപണമുണ്ട്. മത്സരിക്കാന്‍ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റു സൗകര്യങ്ങള്‍ നല്‍കില്ലെന്നുമായിരുന്നു ഫെഡറേഷന്റെ നിലപാടെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."