ദുബൈ മെട്രോ ബ്‌ളൂ ലൈന്‍ പദ്ധതിക്ക് അംഗീകാരം; 2029ല്‍ സര്‍വീസുകള്‍ക്ക് തുടക്കമാകും
18 ബില്യണ്‍ ദിര്‍ഹം ചെലവ്.
30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ പകുതിയും ഭൂമിക്കടിയില്‍.
യാത്രാ സമയം 10 മിനിറ്റ് മുതല്‍ 25 മിനിറ്റ് വരെ.
ദുബൈ: ദുബൈ മെട്രോയുടെ ബ്‌ളൂ ലൈനിലെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. 2029ല്‍ ഔദ്യോഗികമായി തുറക്കുന്ന എമിറേറ്റിന്റെ പൊതുഗതാഗത മേഖലയിലെ ഏറ്റവും വലിയ ഈ പുതിയ പദ്ധതി 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ മെട്രോ ലൈനാണ്.
ഇതിന് 18 ബില്യണ്‍ ദിര്‍ഹം (4.9 ബില്യണ്‍ ഡോളര്‍) ചെലവ് വരുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. 30 കിലോമീറ്റര്‍ നീളത്തില്‍ 70 മീറ്റര്‍ വരെ ഭൂമിക്കടിയിലൂടെ ലൈന്‍ കടന്നു പോകും. 18 ബില്യണ്‍ ദിര്‍ഹം ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ ക്രീക്ക് ഹാര്‍ബര്‍, ഫെസ്റ്റിവല്‍ സിറ്റി, ഗ്‌ളോബല്‍ വില്ലേജ്, റാഷിദിയ, വര്‍ഖ, മിര്‍ദിഫ് എന്നിങ്ങനെ പത്തു ലക്ഷം ജനസംഖ്യയുള്ള പ്രദേശങ്ങളും; സിലികണ്‍ ഒയാസിസ്, അക്കാദമിക് സിറ്റി തുടങ്ങിയ നഗര പ്രദേശങ്ങളും ഇതുള്‍ക്കൊള്ളുന്നു.
ഒമ്പത് എലിവേറ്റഡ് സ്റ്റേഷനുകളും അഞ്ച് ഭൂഗര്‍ഭ സ്റ്റേഷനുകളും അടങ്ങുന്നതാണ് ബ്‌ളൂ ലൈന്‍. ഒമ്പത് പ്രദേശങ്ങള്‍ തമ്മില്‍ നേരിട്ടുള്ള കണക്ഷന്‍ ഇതു വഴി വാഗ്ദാനം ചെയ്യുന്നു.
ഈ ലക്ഷ്യ സ്ഥാനങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം 10 മിനിറ്റ് മുതല്‍ 25 മിനിറ്റ് വരെയാണ് പ്രതീക്ഷിക്കുന്നത്. 2030ഓടെ പ്രതിദിനം ഏകദേശം 200,000 യാത്രക്കാര്‍ക്ക് സേവനം നല്‍കാനാണ് ബ്‌ളൂ ലൈന്‍ ലക്ഷ്യമിടുന്നത്. ഇത് 2040ഓടെ 320,000 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
2029ഓടെ അക്കാദമിക് സിറ്റിയില്‍ നിന്നുള്ള 50,000 യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ ഈ സേവനം ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
''ശ്രദ്ധേയമായ നേട്ടങ്ങള്‍ ആകസ്മികമായി സംഭവിക്കുന്നതല്ല; മറിച്ച്, ബോധപൂര്‍വമായ ആസൂത്രണം, ക്രിയാത്മകമായ ചിന്ത, നേതൃത്വത്തിന്റെ ഉയര്‍ന്ന തലത്തിലെത്താനുള്ള പ്രതിബദ്ധത എന്നിവയില്‍ നിന്നാണ് അവ ഉണ്ടാകുന്നത്. നേട്ടത്തിന്റെ യഥാര്‍ത്ഥ അളവുകോല്‍ അത് സമൂഹത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നു''വെന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ പാതയ്ക്ക് പ്രതിദിനം 320,000 യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയും. റെഡ് ലൈനിലും (റാഷിദിയ ഏരിയ), ഗ്രീന്‍ ലൈനിലും (അല്‍ ഖോര്‍ ഏരിയ) നിലവിലെ മെട്രോ നെറ്റ്‌വര്‍ക്ക് ബന്ധിതമാകും.
മൂന്ന് പ്രധാന ഇന്റര്‍ചേഞ്ച് സ്റ്റേഷനുകള്‍ ഉണ്ടാകും: ക്രീക്ക്, സെന്റര്‍ പോയിന്റ്, ഇന്റര്‍നാഷണല്‍ സിറ്റി. കൂടാതെ ദുബായ് ക്രീക്ക് ഹാര്‍ബറില്‍ ഒരു ഐകണിക് സ്റ്റേഷനുമുണ്ടാകും. 44,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ദുബൈ മെട്രോ ശൃംഖലയിലെ ഏറ്റവും വലിയ ട്രാന്‍സിഷണല്‍ സ്റ്റേഷന്‍ ഇന്റര്‍നാഷണല്‍ സിറ്റിയായിരിക്കും.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ മൊത്തം ശൃംഖല 78 സ്റ്റേഷനുകളും 168 ട്രെയ്‌നുകളും ഉള്‍പ്പെടെ 131 കിലോമീറ്റര്‍ സഞ്ചരിക്കും.
വെള്ളിയാഴ്ച ദുബൈ ക്രീക്ക് ഹാര്‍ബറില്‍ നടന്ന ചടങ്ങില്‍ ദുബൈ ഒന്നാം ഉപ ഭരണാധികാരിയും യുഎഇ ഉപ പ്രധാനമന്ത്രിയും ധന കാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
നഗരത്തിന്റെ ആഗോള നിലവാരം ഉയര്‍ത്തുക മാത്രമല്ല, എമിറേറ്റിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഉയര്‍ന്ന തലത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ അതിന്റെ നേതൃത്വം വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്ന ലോകോത്തര പദ്ധതികള്‍ സൃഷ്ടിക്കാന്‍ ദുബൈ പ്രതിജ്ഞാബദ്ധമാണെന്ന് ശൈഖ് മക്തൂം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."