രാജസ്ഥാനിൽ ഇന്ന് ജനവിധി; അഞ്ച് കോടിയിലേറെ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്
രാജസ്ഥാനിൽ ഇന്ന് ജനവിധി; അഞ്ച് കോടിയിലേറെ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്
ജയ്‌പൂർ: രാജസ്ഥാൻ നിയമസഭാ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. അഞ്ച് കോടിയലധികം വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. ആകെ 1875 സ്ഥാനാർഥികൾ ജനവിധി തേടും. ആകെയുള്ള 200 മണ്ഡലങ്ങളില്‍ 199 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. കരണ്‍പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥി മരിച്ചതിനാല്‍ പോളിംഗ് പിന്നീടാകും നടക്കുക.
51,756 പോളിംഗ് ബൂത്തുകളാണ് രാജസ്ഥാനിൽ വോട്ടര്‍മാര്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. 5,25,38,105 പേർക്കാണ് വോട്ടവകാശം ഉള്ളത്. ഇതിൽ 17,241 പേർ 100 വയസ് പിന്നിട്ടവരാണ്. വോട്ടർമാരിൽ 2.73 കോടി പേർ പുരുഷന്മാരും 2.52 കോടി പേർ സ്ത്രീകളുമാണ്. വോട്ടർപട്ടികയിൽ പുരുഷന്മാരാണ് കൂടുതലെങ്കിലും കഴിഞ്ഞ തവണ വോട്ടുചെയ്തവരിൽ കൂടുതൽ സ്ത്രീകളായിരുന്നു.
കോൺഗ്രസ് - ബിജെപി നേരിട്ട് ഏറ്റുമുട്ടുന്ന രാജസ്ഥാനിൽ കോൺഗ്രസ് മുന്നേറ്റം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഭരണവിരുദ്ധ വികാരമില്ലെന്ന് പറയുന്ന കോൺഗ്രസ് തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. മികച്ച ഭൂരിപക്ഷത്തിൽ കോൺഗ്രസിന് ഭരണത്തുടർച്ച ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി അശോക് ഗലോട്ട് പറയുന്നു. ജോധ് പൂരിലെ സര്‍ദാര്‍ പുരയിലാണ് ഗലോട്ട് ജനവിധി തേടുന്നത്. ഭരണകാലയളവിൽ നടപ്പാക്കിയ ക്ഷേമപദ്ധതികളും അതിന്റെ തുടർച്ചയെന്ന നിലയിൽ പ്രഖ്യാപിച്ച 7 ഗാരന്റികളും മുൻനിർത്തിയാണ് കോൺഗ്രസിന്റെ പ്രചാരണം.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തിയാണ് ബിജെപി പ്രചാരണം നടത്തിയത്. മുന്‍കാലങ്ങളിലേത് പോലെ തരംഗമില്ലെങ്കിലും മോദി മുഖമായ തെരഞ്ഞെടുപ്പിലൂടെ ഭരണമാറ്റത്തിനാണ് ബിജെപിയുടെ ശ്രമം. മോദി മുന്നില്‍ നിന്ന് നയിക്കുന്നതിനാൽ ജയം ഉണ്ടാകുമെന്നാണ് ബിജെപി പ്രതീക്ഷ. ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്മൃതി ഇറാനി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ തുടങ്ങിയ താരനിര തന്നെ പ്രചാരണത്തിന് എത്തിയതിന്റെ ഗുണം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."