വെടിയേറ്റ് വീണയാള്‍ക്കു മേല്‍ ഫോട്ടോഗ്രാഫറുടെ ആനന്ദനൃത്തം, പൊലിസിന്റെ ലാത്തിയടി; സംഘ് സര്‍ക്കാര്‍ നയിക്കുന്ന അസമില്‍ നിന്നുള്ള ദൃശ്യങ്ങള്‍
ഗുവാഹത്തി: മരിച്ചു കിടക്കുന്നയാള്‍ക്കു മേല്‍ നൃത്തമാടുന്ന ഫോട്ടോഗ്രാഫര്‍. അത് കണ്ട് വന്ന് അയാളെ തടയുന്നതിന് പകരം മരിച്ചു കിടക്കുന്നയാള്‍ക്കു മേല്‍ ലാത്തികൊണ്ട് ആഞ്ഞടിക്കുന്ന പൊലിസ്. അസമില്‍ സംഘ് സര്‍ക്കാറിന്റെ പൊലിസ് കാട്ടിക്കൂട്ടിയ പേക്കൂത്തുകളായിരുന്നു ഇത്. ധരാങ് ജില്ലാ അഡ്മിനിസ്ട്രഷന് ഫോട്ടോഗ്രാഫര്‍ ബിജയ് ഷങ്കര്‍ ബനിയയാണ് ആനന്ദനൃത്തം ചവിട്ടിയ ഫോട്ടാഗ്രാഫര്‍. സംഭവത്തിന്റെ വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. തുതുരാ വെടിവെക്കുന്നതും വെടിയേറ്റ വീണയാള്‍ക്കു മേല്‍ ലാത്തിയുമായി പൊലിസ് കൂട്ടത്തോടെ ചാടിവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. പൊലിസിന്റെ കൂട്ടപ്പെരുമാറ്റം കഴിഞ്ഞ ശേഷമാണ് ബനിയയുടെ താണ്ഡവ നൃത്തം. അതിനിടക്ക് വീണ്ടും പൊലിസ് വന്ന് ലാത്തികൊണ്ട് മൃതദേഹത്തെ അടിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയ വെടിവെപ്പുണ്ടായത്. കയ്യേറ്റമൊഴിപ്പിക്കാനെന്ന് പേരില്‍ സ്ഥലത്തെത്തിയ പൊലിസ് പ്രതിഷേധക്കാര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. തീര്‍ത്തും നിരായുധരെന്നു പറയാവുന്നവര്ക്കു നേരെയായിരുന്നു പൊലിസിന്റെ നിറയൊഴിപ്പ്. 800 ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. യാതൊരു ദാക്ഷിണ്യവുമില്ലാതെ പൊലിസുകാര്‍ നാട്ടുകാര്‍ക്കു നേരെ വെടിയുതിര്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. വെറും വടി മാത്രമായിരുന്നു ഗ്രമീണരുടെ കയ്യിലെ ആയുധം.
അതിനിടെ ഫോട്ടോഗ്രാഫറെ പൊലിസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. പൊലിസ് ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടിട്ടുണ്ട്. വിമര്‍ശനം രൂക്ഷമായതോടെ സംഭവത്തില്‍ അസം സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."