ചിരപ്രതിസന്ധി ആരുടെ?
ദാമോദർ പ്രസാദ്
2022 അവസാനിക്കുന്നത് മഹാമാരി ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല എന്ന തിരിച്ചറിവിന്റെ ആന്തലോടെയാണ്. ചൈനയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇത് മഹാമാരിയുടെ വ്യാപനത്തെക്കുറിച്ചുള്ള ആശങ്കയുയർത്തുന്നു. വൈറസിന്റെ ഉത്ഭവകേന്ദ്രവും ചൈനയാണെന്നുള്ളതും ഈ ആശങ്കയ്ക്ക് ഹേതുവാണ്. മഹാമാരി വ്യാപനത്തിന്റെ വർഷങ്ങൾ നമ്മുടെ പദകോശത്തിലേക്ക് സംഭാവന ചെയ്ത വാക്കാണ്: നവ സാധാരണം (ന്യു നോർമൽ). പലതരം നിയന്ത്രണങ്ങൾക്ക് വിധേയമാക്കിയും പൂർണമായും അടച്ചുപൂട്ടിയും പകുതി തുറന്നും മുഖം മൂടി ധരിപ്പിച്ചും പൊതുജീവിതക്രമത്തെ മാറ്റിമറിച്ചും പൊതുജനക്ഷേമത്തെ മുൻനിർത്തി ഭരണാധികാരം ജനജീവിതവ്യവസ്ഥയെ ക്രമീകൃതപ്പെടുത്തി നിർത്തുകയായിരുന്നു.
അവസാനിക്കാൻ പോകുന്ന വർഷത്തിൽ നവസാധാരണതയിൽ നിന്ന് ഒരുവിധം സാധാരണതയിലേക്ക് തിരിച്ചുവന്നതായിരുന്നു പൊതുജീവിതം. മഹാമാരിവ്യാപനത്തിന്റെ കടുത്ത രണ്ടു വർഷങ്ങൾക്കു ശേഷം പ്രത്യേകിച്ചൊരു സാമൂഹിക നവീകരണമൊന്നും പ്രകടിപ്പിക്കാതെ പഴയ ലോകത്തിലേക്ക് തിരികെപോവുകയായിരുന്നു. സാങ്കേതികമായ ചില നവീകരണപ്രവണതകൾ ജീവിതശീലങ്ങളിൽ മാറ്റംവരുത്തിയിരുന്നുവെങ്കിലും ലോകം പഴയതുപോലെ യഥാസ്ഥിതികമാണ്. ഭരണസർവാധികാരികളെ സമ്മതിക്കണം, നവീകരണത്തിന്റെ ഒരു നുറുങ്ങു സാധ്യതയ്ക്ക് പോലും അവസരം തരാതെ ലോകത്തെ കൂടുതൽ പഴക്കമുള്ളതാക്കിയതിൽ. അല്ലെങ്കിൽ തന്നെ, അധികാരത്തിന്റെ സാമ്പ്രദായികത നമുക്കും ഏറെ ആശ്വാസദായകമാണല്ലോ. നവീകരിക്കപ്പെട്ടിരുന്ന ലോകം കൂടുതൽ ഭാവനാത്മകമായ പ്രവർത്തനങ്ങൾ മനുഷ്യരിൽനിന്ന് തേടും. ഈ നൂറ്റാണ്ടിന്റെ ആരംഭദശകത്തിൽ വസന്തവിപ്ലവങ്ങളിലൂടെ പ്രത്യക്ഷോത്ഭവിച്ചിരുന്ന മാറ്റങ്ങളെയെല്ലാം എത്ര ഉദാരതയോടെയാണ് ലോകം റദ്ദു ചെയ്തുകളഞ്ഞത്.
2022ൽ ലോകം വീണ്ടും പൊതുജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോൾ യുദ്ധത്തിന്റെ ആദ്യ വെടി പൊട്ടിയത് യൂറോപ്പിന്റെ അതിരുകളിൽ നിന്നാണ്. ആ പഴയ ലോകം മടങ്ങിയെത്തിയതിന്റെ വെടിമുഴക്കവുമായിരുന്നു അത്. മഹാമാരിയുടെ വ്യാപനം അടങ്ങാൻ കാത്തിരുന്നത് പോലെയാണ് 2022 ഫെബ്രുവരിയോടെ ഉക്രൈനിലേക്കുള്ള റഷ്യൻ അധിനിവേശമാരംഭിക്കുന്നത്. യുദ്ധത്തിനു കാരണമായ ഘടകങ്ങൾ പലപ്പോഴായി ചർച്ചചെയ്തിട്ടുള്ളതും പൊതുമണ്ഡലത്തിൽ ഇതിനെ സംബന്ധിച്ചുള്ള നിരവധി വിവരങ്ങൾ ലഭ്യവുമായതിനാൽ അതിലേക്ക് പോകുന്നില്ല. ഏതു യുദ്ധത്തെക്കുറിച്ചും മഹാനായ സി.ജെ തോമസ് പറഞ്ഞ അഭിപ്രായമാണ് എന്നും പ്രസക്തം. സി.ജെ പറഞ്ഞു: 'മനുഷ്യർക്ക് യുദ്ധത്തെപ്പറ്റി ഭയമല്ല വേണ്ടത്, ലജ്ജയാണ്. യുദ്ധം ചെയ്യുക എന്നത് നാണിക്കേണ്ട അവമതിയാണ്'. പക്ഷേ ഗതികേട് എന്തെന്നാൽ സി.ജെ സൂചിപ്പിക്കുന്ന പോലെ: 'യുദ്ധത്തെ വെറുത്ത ഒരൊറ്റ രാഷ്ട്രീയ നേതാവുപോലും ലോക ചരിത്രത്തിലുണ്ടായിട്ടില്ല. ആ തൊഴിലിന്റെ നൈസർഗിക സ്വഭാവം തന്നെ യുദ്ധത്തിന് പ്രേരകമാണ്'. അതിർത്തിത്തർക്കത്തിൽ തുടങ്ങി അധിനിവേശത്തിലേക്കും മനുഷ്യരുടെ കൂട്ടകുരുതിയിലേക്കും നീങ്ങുന്ന യുദ്ധത്തെ വെറുക്കാനല്ല വരവേൽക്കാനാണ് ജനതയെ അനുശീലിപ്പിക്കേണ്ടതെന്നാണ് ഭരണാധികാരത്തിന്റെ പ്രത്യയശാസ്ത്രം. ആധുനിക യുദ്ധങ്ങളുടെ സവിശേഷത ഭരണാധികാരികൾ യുദ്ധത്തെ കണക്കാക്കിയ അപകടസാധ്യതയായി (calculated risk) കാണുന്നു എന്നുള്ളതാണ്. രാഷ്ട്രത്തിന്റെ അഖണ്ഡതയെ മുൻനിർത്തിയുള്ള ഏതു നീക്കവും രാഷ്ട്രത്തിനുമേലുള്ള സ്വേച്ഛാധികാരത്തെ കൂടുതൽ ശക്തിപ്പെടുത്തുകയേയുള്ളൂ. വ്‌ലാദിമിർ പുടിൻ നടത്തിയ നീക്കം ഒറ്റയടിക്ക് എല്ലാ പ്രതിപക്ഷ ശബ്ദങ്ങളെയും ഇല്ലാതാക്കാൻ സഹായകമായി. ഉക്രൈൻ പ്രസിഡന്റ് സിലിൻസ്‌കിക്ക് തങ്ങൾ പ്രതിനിധാനം ചെയ്യുന്ന ഉക്രൈൻ വലതുപക്ഷ ദേശീയതയുടെ റഷ്യാഫോബിക് വംശീയരാഷ്ട്രീയത്തിനു സാധൂകരണവുമായി റഷ്യൻ ആക്രമണം. ഉക്രൈനിലെ റഷ്യൻഭാഷ സംസാരിക്കുന്ന ജനത കടുത്ത യാതനകളിലൂടെയാണ് ഇന്നു കടന്നുപോകുന്നത്. ഒരാളുടെ മരണം ദുരന്തമാണെങ്കിൽ, കൂട്ട മരണങ്ങൾ സ്ഥിതിവിവരം മാത്രമാണെന്ന് പറഞ്ഞത് സ്റ്റാലിനാണ്. റഷ്യയുടെ ഉക്രൈൻ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടവർ അമ്പതിനായിരത്തിനടുത്താണ്.
കൂട്ടമരണങ്ങളും യുദ്ധക്കെടുതികളുമായി മഹാമാരിക്കു ശേഷവും ദുരന്തം പിൻവാങ്ങാത്ത ലോകത്തെ വിവരിക്കാൻ പര്യാപ്തമാണ് കോളിൻസ് ഡിക്ഷണറി 2022 ലെ വാക്കായി തിരഞ്ഞെടുത്ത 'പെർമക്രൈസിസ്' (permacrisis). മലയാളത്തിലേക്ക് ഇതിനെ 'ചിരപ്രതിസന്ധി' എന്ന് മൊഴിമാറ്റാം. അതിർത്തിത്തർക്കങ്ങൾ യുദ്ധഭീഷണിയായി ഓരോ ദേശീയ ജനതയ്ക്കുംമേൽ വാളോങ്ങി നിൽക്കുന്നുണ്ട്. യുദ്ധം ജീവിതവ്യവസ്ഥകളെ തകിടംമറിക്കും. മഹാമാരി പോലെ പൊടുന്നനെയുള്ള അരക്ഷിതാവസ്ഥയിലേക്കാണ് ഏതു യുദ്ധവും മനുഷ്യരെ തള്ളിയിടുക. ചിരപ്രതിസന്ധി എന്ന വാക്ക് മനുഷ്യവംശം മാത്രമല്ല ഇതര ചരാചരങ്ങളും പ്രപഞ്ചം തന്നെയും കടന്നുപോകുന്ന ദീർഘകാല വിഷമസന്ധികളെ ദ്യോതിപ്പിക്കുന്നു. മഹാമാരി, കാലാവസ്ഥാ ദുരന്തങ്ങൾ, രാഷ്ട്രീയ അസ്ഥിരത, ആഗോള അരക്ഷിതാവസ്ഥ - ഇതെല്ലാം വ്യത്യസ്തമായ കാര്യങ്ങളാണെങ്കിലും പരസ്പരം ബന്ധപ്പെട്ടതാണ്. ഇതിനെയെല്ലാം പരസ്പരം ബന്ധപ്പെടുന്നത് മുതലാളിത്തവും സാമ്രാജ്യത്വവുമാണ്. ഇവയ്ക്ക് മഹാമാരിയുമായി എന്ത് ബന്ധമെന്ന് ചോദിക്കാം. മഹാമാരിയുടെ വ്യാപനം മുതൽ ആരോഗ്യസുരക്ഷയും വാക്‌സിനേഷൻ വരെയുള്ള കാര്യങ്ങളിൽ സാമൂഹികവും സാമ്പത്തികവുമായ അന്തരവും അസമത്വവും പ്രകടമായ ിരുന്നു. ചിരപ്രതിസന്ധിയുടെ ദുരിതം എല്ലാവരും ഒരേപോലെ അനുഭവിക്കേണ്ടിവരുമെങ്കിലും സാമ്പത്തിക ശ്രേണിയുടെ മുകൾതട്ടിലുള്ള ലോകജനസംഖ്യയുടെ ഒരു ശതമാനം വരുന്ന അതിസമ്പന്നരും അവർക്ക് ആശ്രിതരായിരിക്കുന്ന ഭരണവംശവും ബയോ ബബളിൽ സുരക്ഷിതരാണ്.
പെർമക്രൈസിസ് 2022 ലെ പുതിയ വാക്കായിരിക്കാം. എന്നാൽ ചിരപ്രതിസന്ധി എന്നുള്ളത് പുതിയ ആശയമല്ല. 19ാം നൂറ്റാണ്ടിലെ ഫാക്ടറി അടിസ്ഥാനമാക്കിയുള്ള ബഹുജനങ്ങളെ (Mass) ലക്ഷ്യംവച്ച വ്യവസായിക മുതലാളിത്തത്തിന്റെ ആവിർഭാവവും വ്യാപനവും അടിക്കടിയുള്ള പ്രതിസന്ധികളെ സൃഷ്ടിക്കുമെന്ന് വ്യക്തതയോടെ മാർക്‌സ് രേഖപ്പെടുത്തിയിട്ടുണ്ട്. വ്യവസായികമായി വികസിത യൂറോപ്പിലെ രാജ്യങ്ങളിലെയും അമേരിക്കയെയും ആഭ്യന്തരമായ പൊട്ടിത്തെറിയിൽ നിന്ന് രക്ഷിച്ചതും കടുത്ത പ്രതിസന്ധികളെ അതിജീവിക്കാൻ ഒരുപരിധിവരെ സഹായിച്ചതും ചൂഷണ വ്യവസ്ഥകളെന്ന നിലയിൽ കോളനി ഭരണവും പിന്നീട് സാമ്രാജ്യത്വവുമാണ്. യുദ്ധത്തെ അനിവാര്യമാക്കുന്നതാണ് സാമ്രാജ്യത്വ താൽപര്യങ്ങൾ. സാമ്രാജ്യത്വത്തിന്റെ ഫലമായ യുദ്ധങ്ങളും അത് സൃഷ്ടിച്ച പലായനവും കുടിയേറ്റവും തുടരെത്തുടരെ മുതലാളിതത്തിൽ നിന്നുത്ഭുതമാകുന്ന പ്രതിസന്ധികളെയും അഭിമുഖീകരിക്കാൻ 'വികസിത' മുതലാളിത്തത്തിന്റെ പുകൾപെറ്റ നൈസർഗികശേഷി (spontaneity) അതിദുർബലപ്പെട്ടുപോയിരിക്കുന്നു. പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് കരണംമറിഞ്ഞുപോകുന്ന യൂറോ-അമേരിക്കൻ സാമ്പത്തികവ്യവസ്ഥയെ തൽസ്ഥിതിയെ അടയാളപ്പെടുത്താൻ 'പെർമക്രൈസിസ്' എന്നതിലും മികച്ച വാക്കുണ്ടാക്കാൻ കഴിയുകയില്ല.
ചിരപ്രതിസന്ധി സൃഷ്ടിക്കുന്ന തുടരാഘാതങ്ങൾ ഭരണവർഗങ്ങളെ കടപുഴക്കിയെറിയുംവിധമുള്ള പൊട്ടിത്തെറിയിലേക്ക് നയിക്കുമെന്നതിനാലാണ് പൊതുബോധത്തെ മെരുക്കിയും മാനിപുലേറ്റ് ചെയ്തും വ്യാജ വാർത്തകളും അർധസത്യങ്ങളും വംശീയ വിദ്വേഷവുമൊക്കെ പ്രചരിപ്പിക്കപ്പെടുന്നത്. ക്രിസ് ഹെഡ്ജസിന്റെ പ്രസിദ്ധമായ ഒരു ലേഖനമുണ്ട്. പെർമെനെന്റ് ലയ് (permanent lie) എന്ന പേരിൽ. ക്രിസ് ഹെഡ്ജസ് പറയുന്നു: 'നാം ഇന്ന് അഭിമുഖീരിക്കുന്ന നമ്മെ ഏറ്റവുമധികം ഭയപ്പെടുത്തേണ്ട അപകടം ഉരുവംകൊള്ളുന്നത് അത്യധികം വിലമതിക്കുന്ന സ്ഥാപനങ്ങളുടെ പാർശ്വവൽക്കരണത്തിലും നശീകരണത്തിലും നിന്നാണ്. പൊതുഭാഷണവും വ്യവഹാരങ്ങളും യാഥാർഥ്യത്തിലും വസ്തുതയിലും വേരൂന്നിയതാണെന്ന് ഒരിക്കൽ ഉറപ്പുവരുത്തിയിരുന്ന കോടതികൾ, അക്കാദമികൾ, നിയമനിർമ്മാണ സ്ഥാപനങ്ങൾ, സാംസ്‌കാരിക സംഘടനകൾ, പത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളാണ് ഇത്. സത്യത്തിൽ നിന്ന് നുണകളെ വേർതിരിച്ചറിയാനും നമുക്കെല്ലാം നീതി സുഗമമാക്കുകയും ചെയ്തിരുന്നതാണ് ഈ സ്ഥാപനങ്ങൾ'. ഈ സ്ഥാപനങ്ങളാണ് നാശോന്മുഖമാക്കപ്പെട്ടിരിക്കുന്നത്. പെർമക്രൈസിസ്, അതായത്, ചിരപ്രതിസന്ധി മറികടക്കാൻ നേരായ മാർഗം അവലംബിക്കുന്നതിനു പകരം ചിരവ്യാജവഴി ഉപയോഗിച്ചു രക്ഷപ്പെടാനാണ് ശ്രമം. സ്ഥായിയായ നുണപ്രചാരണത്തിന്റെ ലക്ഷ്യമെന്താണെന്നു ക്രിസ് ഹെഡ്ജസ് ഉദാഹരണസഹിതം വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: 'രണ്ട് ദശലക്ഷം ഏക്കർ പൊതുഭൂമി ഖനനത്തിനും ഫോസിൽ ഇന്ധന വ്യവസായത്തിനും കൈമാറുമ്പോൾ ഈ കൈമാറ്റം 'പൊതുഭൂമികൾ വീണ്ടും പൊതു ഉപയോഗത്തിനുള്ളതായിരിക്കും' എന്നാണ് നൽകപ്പെടുന്ന വ്യാജവിശദീകരണം. പരിസ്ഥിതിവാദികൾ പൊതുവിഭവത്തിന്റെ കൈമാറ്റം മോഷണമാണെന്ന് അപലപിക്കുമ്പോൾ വിമർശനത്തെ 'വ്യാജ ആഖ്യാനം' എന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്'.
വികസനത്തെക്കുറിച്ചുള്ള ഭരണവർഗ നുണകൾ യാഥാർഥ്യത്തെ അട്ടിമറിക്കുന്നുവെന്നു മാത്രമല്ല സത്യത്തെ വ്യാജമായി ചിത്രീകരിച്ചുകൊണ്ടു പൊതുബോധത്തെയും മാനിപുലേറ്റ് ചെയ്യുന്നു.
നുണകളുടെ ചിരസ്ഥിതമായ പ്രചാരണത്തിന്റെ അർഥംകൂടിയുൾക്കൊള്ളുന്നതാണ് 2022 ലെ ഏറ്റവുമധികം ആളുകൾ തിരഞ്ഞ വാക്കായി 'ഗ്യാസ്ലൈറ്റിങ്ങിനെ' മിറിയം വെബ്സ്റ്റർ ഡിക്ഷണറി കണ്ടെത്തിയിരിക്കുന്നത്. 'ഗ്യാസ്ലൈറ്റിങ്' (gaslighting) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വ്യക്തിയുടെ യാഥാർഥ്യബോധത്തെയും ചിന്താശേഷിയെയും പതിയെ ദ്രവിപ്പിച്ചു പരിപൂർണമായും വിധേയപ്പെടുത്തുക എന്നതാണ്. 'വാതകജ്വലനം' എന്ന മൊഴിമാറ്റം ഇതിനെ ദ്യോതിപ്പിക്കാൻ ഉതകുമോ എന്നറിയില്ല. എന്തായാലും അയുക്തിയുടെ പുകമറ സൃഷ്ടിച്ചാണ് മനുഷ്യരുടെ ആലോചനശേഷിയെ ഇല്ലാതാക്കുന്നത്. നമ്മുടെ മതേതര രാഷ്ട്രീയ ബോധമായിരുന്നു വംശീയവും സ്വേച്ഛാധിപത്യപരവുമായ വൈറസിനെതിരേയുള്ള ഏറ്റവും വലിയ പ്രതിരോധം. 2016 ലെ വാക്കായിരുന്നു 'സത്യാനന്തരം'. ആറുവർഷങ്ങൾക്കിപ്പുറം 'ഗ്യാസ്ലൈറ്റിങ്' എന്ന പുതിയ പ്രയോഗത്തിലൂടെ ഇത് തിരിച്ചുവരികയാണ്. ഒരുതരത്തിലുള്ള നവീകരണവും അനുവദിക്കാത്ത ആ പഴയ ലോകം തന്നെയാണ് നമുക്ക് വീണ്ടും സിദ്ധമായിരിക്കുന്നത്. ലോകം മാറുകയുമില്ല; മാറാൻ സമ്മതിക്കുകയുമില്ല. കാരണം, മാനവീകരണത്തിന്റെ എല്ലാ ഘട്ടങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ടു വംശീയതയുടെയും ദേശീയതയുടെയും മറ്റെന്തിന്റെയുമൊക്കെ പേരിൽ യുദ്ധപ്രഭുക്കൾ നടത്തുന്ന ചിരയുദ്ധമുണ്ടല്ലോ (permanent war), അതാണ് മനുഷ്യവംശത്തിന്റെ അതിപ്രാചീനമായ സാധാരണത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."