ഗുണ്ടാ ആക്രമണത്തിന് ഇരയായ കാസര്‍കോട് സ്വദേശി മുംബൈയില്‍ മരിച്ചു
മുംബൈ: ഹോട്ടല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ കാസര്‍കോട് സ്വദേശി മുംബൈയില്‍ മരിച്ചു. ഈ മാസം ആറാം തീയതി മര്‍ദ്ദനമേറ്റ ഹനീഫ മൂന്നാഴ്ച കാലത്തോളം ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങിയ ഹനീഫ ഇന്ന് രാവിലെ കുഴഞ്ഞുവീഴുകയായിരുന്നു.
മലബാര്‍ റെസിഡന്‍സി എന്ന പേരില്‍ കഴിഞ്ഞ 13 വര്‍ഷമായി മുംബൈയില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു. ഹോട്ടല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിലെത്തിച്ചത്. കെട്ടിടം ഒഴിയണമെന്ന ഉടമയുടെ ആവശ്യത്തിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങവെയാണ് ആക്രമണം.
മര്‍ദ്ദിച്ചതായി പരാതി നല്‍കിയിട്ടും പൊലിസ് ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. പ്രതികള്‍ക്കൊപ്പം നിന്ന് എം.ആര്‍.ഐ മാര്‍ഗ് പോലിസ് കേസ് ഒതുക്കിയെന്ന് മുംബൈയിലെ ഹനീഫയുടെ സുഹൃത്തുക്കള്‍ ആരോപിക്കുന്നു.
25 ലക്ഷം രൂപ നിക്ഷേപം നല്‍കിയാണ് മാസവാടകയ്ക്ക് കെട്ടിടമെടുക്കുന്നത്. ഭീമമായ തുക ചിലവിട്ടാണ് ഫര്‍ണിച്ചറുകളടക്കം വാങ്ങി ഹോട്ടല്‍ സജ്ജീകരിച്ചത്. കൊവിഡ് രൂക്ഷമായപ്പോള്‍ കെട്ടിടമൊഴിയണമെന്ന് ഉടമയായ നൂറുല്‍ ഇസ്‌ലാം ഷെയ്ഖ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിക്ഷേപ തുക മടക്കി നല്‍കാന്‍ കെട്ടിട ഉടമ തയ്യാറായതുമില്ല. ഇതിനിടെയാണ് ഗുണ്ടാ സംഘം ഹോട്ടലിലെത്തി ഹനീഫയെ മര്‍ദ്ദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."