കുസാറ്റ് അപകടം: നവകേരള സദസിലെ ആഘോഷപരിപാടികള്‍ റദ്ദാക്കി
കോഴിക്കോട്: കളമശ്ശേരി കുസാറ്റ് ക്യാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് മന്ത്രിമാര്‍. സംഭവത്തില്‍ മന്ത്രിമാര്‍ അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലായിരുന്നു മന്ത്രിമാരുടെ അടിയന്തരയോഗം ചേര്‍ന്നത്. ദുഃഖ സൂചകമായി ഞായറാഴ്ച നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി.
അപകടത്തില്‍ 72 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ട് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം കളമേശരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. മരിച്ച രണ്ടു വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞു. നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ഡ്രിറ്റ, കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി എന്നിവരെയാണു തിരിച്ചറിഞ്ഞത്. രണ്ടാം വര്‍ഷ ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ഥിനിയാണ് ആന്‍ഡ്രിറ്റ. സിവില്‍ വിഭാഗത്തിലെ രണ്ടാം വര്‍ഷം വിദ്യാര്‍ഥിയാണ് അതുല്‍. പരുക്കേറ്റ 46 പേര്‍ കളമശേരി മെഡിക്കല്‍ ആശുപത്രിയിലും 18 പേര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. രണ്ടു പേരു നില അതീവഗുരുതരമാണ്. വൈകിട്ട് ഏഴു മണിയോടെ ക്യാംപസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം.
അതേസമയം വ്യവസായ മന്ത്രി പി രാജീവിനെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിനെയും കളമശ്ശേരിയിലേക്ക് കോഴിക്കോട് നിന്ന് പുറപ്പെട്ടു. അവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ചികിത്സ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കും. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
അല്‍പ്പം മുമ്പാണ് കളമശ്ശേരി കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് നാലു വിദ്യാര്‍ഥികള്‍ മരിച്ചത്. മഴ പെയ്തപ്പോള്‍ വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലാണുള്ളത്.
കനത്ത മഴ പെയ്തതോടെ പുറത്തുണ്ടായിരുന്നവര്‍കൂടി ഓഡിറ്റോറിയത്തിനുള്ളിലേക്ക് തള്ളിക്കയറുകയായിരുന്നു. തിരക്കിനിടെ കുട്ടികള്‍ ശ്വാസം കിട്ടാതെ തലകറങ്ങി വീഴുകയായിരുന്നു. 15 വിദ്യാര്‍ഥികളെയാണ് ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയത്. ഇവിടെവച്ചാണ് നാല് കുട്ടികള്‍ മരിച്ചത്.
കുസാറ്റ് അപകടം: നവകേരള സദസിലെ ആഘോഷപരിപാടികള്‍ റദ്ദാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."