HOME
DETAILS

അസമില്‍ സംഭവിക്കുന്നതെന്ത്?

  
backup
September 24 2021 | 19:09 PM

4634563562-2111

എ.പി കുഞ്ഞാമു


അസമിലെ ദരംഗ് ജില്ലയിലെ ധോല്‍പൂര്‍ ഗ്രാമത്തില്‍ നടന്ന പൊലിസ് വെടിവയ്പ്പില്‍ ഇതെഴുതുമ്പോള്‍ രണ്ടുപേരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റവരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ മരണസംഖ്യ കൂടാനാണ് സാധ്യത. ഔദ്യോഗിക ഭാഷ്യമനുസരിച്ച് അനധികൃതമായി കൈയേറിയ സര്‍ക്കാര്‍ ഭൂമി ഒഴിപ്പിക്കാനുള്ള നടപടികളെ കൈയേറ്റക്കാര്‍ എതിര്‍ത്തു. അവര്‍ ഉദ്യോഗസ്ഥരെയും പൊലിസുകാരെയും അക്രമിച്ചു. വെടിവയ്പ്പില്‍ മരണമുണ്ടായി. പക്ഷേ സര്‍ക്കാര്‍ പിന്നോട്ടുപോവുകയില്ല. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രതികരണങ്ങളില്‍ പ്രകടമാവുന്ന കരളുറപ്പ് ഒരു സൂചകമായി എണ്ണാമെങ്കില്‍ എന്തു വിലകൊടുത്തും സര്‍ക്കാര്‍ ലക്ഷ്യംനേടുക തന്നെ ചെയ്യും. ഒരുപക്ഷേ മുഖ്യമന്ത്രിക്ക് ഇതൊരു പ്രസ്റ്റീജ് പ്രശ്‌നമാവാം. കാരണം അദ്ദേഹത്തിന്റെ അനിയനാണ് ഓപറേഷന്റെ ചുമതല വഹിക്കുന്ന ദരംഗ് ജില്ലാ പൊലിസ് സൂപ്രണ്ട് സുശാന്ത് ബിശ്വ ശര്‍മ്മ. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വെടിയേറ്റ് മരിച്ചുവീഴുന്ന മിയാ മുസ്‌ലിംകളുടെ ജീവന്‍ കാനേഷുമാരിക്കണക്കിലെ സംഖ്യ മാത്രം.


പക്ഷേ ഈ വെടിവയ്പ്പിന്റെയും അതുമായി ബന്ധപ്പെട്ട സംഭവപരമ്പരകളുടെയും പിന്നാമ്പുറങ്ങളില്‍ അവയിലെ രാഷ്ട്രീയത്തിന്റെയും വംശീയതയുടെയും വിഷയങ്ങള്‍ക്കപ്പുറത്ത് ചില മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കൂടി അടങ്ങിയിട്ടുണ്ട് എന്നത് ഗൗരവമായി പരിശോധിക്കപ്പെടുന്നില്ല. സി.പി.ഐ (മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ) നേതാവ് കവിതാ കൃഷ്ണന്‍ ഈ പ്രശ്‌നം ഉന്നയിക്കുകയുണ്ടായി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത് അസമിലേത് സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് വെടിവയ്പ്പാണെന്നാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന അതിര്‍ത്തിരക്ഷാസേനയുടെയും പൊലിസിന്റെയും പതിവ് അതിക്രമങ്ങളുടെയും ക്രൂരതയുടെയും ടിപ്പിക്കല്‍ മാതൃകയാണ് ധോല്‍പൂരില്‍ അരങ്ങേറിയതും. വെടിവയ്പ്പിനോടനുബന്ധിച്ചു പുറത്തുവന്ന് വൈറലായ ഒരു വിഡിയോ ദൃശ്യമുണ്ട്. നെഞ്ചത്ത് വെടിയേറ്റു മരിച്ച ലുങ്കിയുടുത്ത ഒരു മനുഷ്യനെ ബിജയ് ശങ്കര്‍ബനിയ എന്ന പൊലിസ് ഫോട്ടോഗ്രാഫര്‍ വീണ്ടും വീണ്ടും തൊഴിക്കുന്ന ദൃശ്യം. ഇത്തരം മനുഷ്യാവകാശ വിരുദ്ധ മാതൃകയാണ് വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ഭരണകൂടം അനുവര്‍ത്തിച്ചുവരുന്നതെന്ന് വ്യക്തം. അസമിലെ മുസ്‌ലിംവിരുദ്ധ വികാര തരംഗങ്ങളെ പരിപോഷിപ്പിക്കുന്ന ഭരണകൂട ഭീകരതക്കെതിരായുള്ള എല്ലാ നീക്കങ്ങളെയും ദേശവിരുദ്ധമായി മുദ്രകുത്തുകയാണ് എന്നതാണ് സങ്കടകരം. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ദേശവിരുദ്ധ ശക്തികളെ സഹായിക്കുന്നു എന്നു പ്രസ്താവനയിറക്കുന്നതോടെ അവസാനിക്കുന്നു മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം.

വെറുപ്പിന്റെ രാഷ്ട്രീയം


കൂട്ടത്തില്‍ മുഖ്യമന്ത്രി മറ്റൊരു കാര്യംകൂടി പറഞ്ഞു. അസമില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന്. ഇന്ത്യയില്‍ ഏറ്റവുമധികം മുസ്‌ലിം ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനമാണ് അത്. ചരിത്രപരമായ കാരണങ്ങളാലാണ് അസമില്‍ മുസ്‌ലിം ജനസംഖ്യ ഗണനീയമായി ഉയര്‍ന്നത്. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ അവിടെ ഇസ്‌ലാം പ്രചരിച്ചു. മുഗളരടക്കം ചില മുസ്‌ലിം രാജവംശങ്ങളുടെ അധിനിവേശശ്രമങ്ങള്‍ അതിനു കാരണമായിട്ടുണ്ട്. അതിലേറെ പ്രബലമായ കാരണം പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗിയാസുദ്ദീന്‍ ഔലിയ എന്ന സൂഫിവര്യന്‍ ജനങ്ങള്‍ക്കിടയില്‍ ചെലുത്തിയ സ്വാധീനമാണ്. അദ്ദേഹം ഒരു ഖാന്‍ ഗാഹ് സ്ഥാപിച്ചു. പിന്നീട് സൂഫി പരമ്പരകളിലൂടെ ഇസ്‌ലാം പടര്‍ന്നുപന്തലിച്ചു. അതോടൊപ്പം അസമിലെ ചായത്തോട്ടങ്ങളില്‍ പണിയെടുക്കുവാന്‍ ബ്രിട്ടീഷുകാരും മാര്‍വാഡികളും കിഴക്കന്‍ ബംഗാളില്‍ നിന്നു കൂട്ടത്തോടെ തൊഴിലാളികളെ കൊണ്ടുവന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അസമിലേക്ക് ഇങ്ങനെ ആളുകള്‍ ഒഴുകിയിട്ടുണ്ട് (വൈലോപ്പിള്ളിയുടെ ആസ്സാം പണിക്കാര്‍ എന്ന കവിത ഓര്‍ക്കുക). ഇങ്ങനെ ഒഴുകിയെത്തിയ ആളുകളാണ് അസമിനെ ഒരു മുസ്‌ലിം സെറ്റില്‍മെന്റാക്കിയത്. ഇവര്‍ മിയാ മുസ്‌ലിംകള്‍ എന്നറിയപ്പെട്ടു. അവര്‍ക്ക് അറബി-മലയാളം പോലെ ബംഗാളി കലര്‍ന്ന സ്വന്തമായ ഭാഷയുണ്ട്. ആ ഭാഷയില്‍ കഥയും കവിതയും സാഹിത്യവുമുണ്ട്. തികച്ചും അസമിയ സംസ്‌കാരത്തോട് ഉദ്ഗ്രഥിക്കപ്പെട്ടവരാണ് ഈ ജനവിഭാഗം. അവര്‍ക്ക് പുറമെ ദേശി, മാരിയ, ഗൗരിയ, സയ്യിദ് തുടങ്ങിയ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഇസ്‌ലാം മതം സ്വീകരിച്ച തദ്ദേശീയരുടെ പിന്‍മുറക്കാരുണ്ട്. ഇന്ത്യാ വിഭജനത്തോടെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളുടെ ഒരു ഭാഗം പാകിസ്താനിലേക്കു പോയി. ഇന്ത്യയില്‍ തന്നെ അവശേഷിച്ച മുസ്‌ലിംകളെയാണ് ഇപ്പോള്‍ വിദേശികളെന്ന മുദ്രകുത്തി അടിച്ചിറക്കുന്നത്. തികച്ചും വെറുപ്പിന്റെ രാഷ്ട്രീയമെന്ന് വിളിക്കാവുന്ന മാനസികാവസ്ഥയുടെ സൂചകങ്ങള്‍ ധോല്‍പൂരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പിന്നിലുമുണ്ടെന്ന് വ്യക്തം


കോണ്‍ഗ്രസ്സില്‍ നിന്നു ബി.ജെ.പിയിലെത്തി അസം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മ്മയുടെ നിലപാടുകളില്‍ ഈ വെറുപ്പിന്റെ രാഷ്ട്രീയം എല്ലാ അര്‍ഥത്തിലും നിഴലിക്കുന്നുണ്ട്. സനാതന സംസ്‌കാരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉദ്‌ഘോഷങ്ങള്‍ ശ്രദ്ധിക്കുക. മുസ്‌ലിംകളെ ബംഗാളികളെന്ന് മുദ്രകുത്തി കുടിയൊഴിപ്പിക്കുമ്പോള്‍ അദ്ദേഹം അസമിയ സനാതന സംസ്‌കാരത്തിന്ന് വിരുദ്ധര്‍ എന്ന പ്രതിഛായ അവരുടെ മേല്‍ സ്ഥാപിക്കുന്നു. അദ്ദേഹം പറഞ്ഞതിങ്ങനെ; നാം പശുവിനെ ആരാധിക്കുന്നു. മഞ്ഞളും പയറും അഭിഷേകം ചെയ്ത് അവയെ പൂജിക്കുന്നു. നമുക്ക് മൂന്ന് ആഘോഷങ്ങളുണ്ട്. ഇങ്ങനെയൊക്കെയുള്ള സനാതന സംസ്‌കാരം പുലര്‍ത്തുന്ന നമ്മുടെ ഭൂമിയില്‍വച്ച് അവര്‍ ഗോമാംസം തിന്നുന്നത് നമുക്ക് പൊറുക്കാമോ?'. ഉത്തരം വളരെ വ്യക്തം. നമ്മുടെ മണ്ണില്‍ പശു മാംസം തിന്നുന്നയാള്‍ വേണ്ട. ഇസ്‌ലാം വിരോധം എന്ന ഭീകരത അടിച്ചേല്‍പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.


ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഈ ഇസ്‌ലാം വിരോധത്തിന്റെ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരുന്ന കഴിഞ്ഞ ഭരണകാലത്താണ് എഴുനൂറ് മദ്‌റസകള്‍ അടച്ചുപൂട്ടിയത്. അസം അടക്കമുള്ള ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മദ്‌റസകള്‍ എന്നറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. ഹിന്ദുക്കളടക്കം അവിടെ പഠിക്കുന്നു. അതോടൊപ്പം സംസ്‌കൃത സ്‌കൂളുകളും അടച്ചുപൂട്ടിയെങ്കിലും അതിനു പിന്നിലുള്ള അജന്‍ഡ മുസ്‌ലിംകളുടെ ആധുനിക, മത വിദ്യാഭ്യാസത്തെ ഇല്ലായ്മ ചെയ്യുക എന്നതു തന്നെയായിരുന്നു. മിയാ ഭാഷക്കെതിരായി കൈക്കൊണ്ട നടപടികളിലും ഇത് പ്രകടം.

ഇസ്‌ലാം ഭീതി


അസമില്‍ മുസ്‌ലിംകള്‍ക്കെതിരായി ഇപ്പോള്‍ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പിന്നിലുള്ളത് ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹം സൃഷ്ടിക്കുന്ന സാമ്പത്തിക അസന്തുലിതത്വമോ അവസര നഷ്ടങ്ങളോ അല്ല. അതൊരു ഘടകമായി വര്‍ത്തിച്ചേക്കാമെന്നു മാത്രം. ഹിന്ദുത്വശക്തികള്‍ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ നടത്തിയ നിരന്തരമായ പ്രചാരണങ്ങളും പിന്നീട് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഉണ്ടായ സാമൂഹ്യ മാറ്റങ്ങളും അസം രാഷ്ട്രീയത്തിന്ന് വര്‍ഗീയമുഖം നല്‍കി. അതോടെ അസമിലെ മുസ്‌ലിം ജനസംഖ്യയുടെ പെരുപ്പം വലിയൊരു പ്രശ്‌നമായി അവതരിപ്പിക്കപ്പെട്ടു. 2001-2011ലെ എണ്ണത്തില്‍ നിന്ന് മുസ്‌ലിം ജനസംഖ്യ 29 ശതമാനമായി വര്‍ധിച്ചു എന്നതാണ് പ്രധാന പ്രചാരണായുധം. 2011 ല്‍ 34.22 ശതമാനമായിരുന്നു മുസ്‌ലിം ജനസംഖ്യ, 3.12 കോടി. അത് 2021 ല്‍ 14.61 കോടിയാവുമെന്നും ജനസംഖ്യയുടെ 40.03 ശതമാനമായിത്തീരുമെന്നും കണാക്കപ്പെടുന്നു. എന്നാല്‍ നാഷനല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ കണക്ക് മറ്റൊരു ചിത്രമാണ് കാഴ്ചവയ്ക്കുന്നത്. 2005-2006 മുസ്‌ലിം അമ്മമാര്‍ പ്രസവിക്കുന്നതിന്റെ നിരക്ക് ഒരാള്‍ക്ക് 3.6 ശതമാനമായിരുന്നത് 2019- 20 ല്‍ 2.4 ആയി കുറഞ്ഞു. 1. 3 ശതമാനമാണ് കുറവ്: എന്നാല്‍ ഇതേ കാലത്ത് ഹിന്ദു ജനസംഖ്യയില്‍ വന്ന കുറവ് 0.4 ശതമാനം മാത്രമാണ്. ഈ കണക്കുവച്ചു നോക്കുമ്പോള്‍ മുസ്‌ലിംകളുടെ എണ്ണപ്പെരുപ്പമെന്ന ദേശീയതലത്തിലുള്ള ആസൂത്രിത പ്രചാരണത്തിന്റെ ഭാഗമാണിത്. രാജ്യത്തുടനീളം ജനസംഖ്യാ വര്‍ധനവിന്റെ തോത് കുറയുന്നത് ജാതി, മതാതീതമായാണെന്ന് എന്‍.എസ് മാധവന്‍ കണക്കുകള്‍ ഉപയോഗിച്ച് സമര്‍ഥിക്കുകയുണ്ടായി.


എന്നാല്‍ അസം സര്‍ക്കാര്‍ മുസ്‌ലിംകളുടെ ജനസംഖ്യാ വര്‍ധനവ് ഗുരുതര പ്രശ്‌നമായാണ് അവതരിപ്പിക്കുന്നത്. പോപ്പുലേഷന്‍ ആര്‍മി എന്ന പേരില്‍ യുവാക്കളുടെ ഒരു സംഘത്തെ നിയോഗിച്ച് ബോധവല്‍ക്കരണം നടത്താന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മുസ്‌ലിം ഭൂരിപക്ഷ പ്രശ്‌നങ്ങളിലാണ് ബോധവല്‍ക്കരണം. അസമിലെ ഇപ്പോഴത്തെ സാമുദായിക വിടവിന്റെയും പൗരത്വപ്രശ്‌നം സൃഷ്ടിച്ച കാലുഷ്യത്തിന്റെയും ബി.ജെ.പി ഭരണകൂടം നടത്തുന്ന മുസ്‌ലിംവിരുദ്ധ പ്രചാരണത്തിന്റെയും പശ്ചാത്തലത്തില്‍ ഇത് പ്രതിലോമ ഫലങ്ങളാണുളവാക്കുക. മാത്രമല്ല പോപ്പുലേഷന്‍ ആര്‍മിയുടെ പ്രവര്‍ത്തനങ്ങള്‍ ബോധവല്‍ക്കരണത്തിലവസാനിക്കുകയില്ല എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഭയപ്പെടുകയും ചെയ്യുന്നു. സ്റ്റേറ്റ് ടെററിസം കുടുംബാസൂത്രണത്തിലൂടെ കടന്നുവന്ന അനുഭവം നമ്മുടെ മുന്‍പിലുണ്ടല്ലോ.

ദുരന്തം ആവര്‍ത്തിക്കുമോ?


അതിഭീകരമായ ദുരന്താനുഭവങ്ങളിലൂടെ കടന്നുപോയ ചരിത്രമാണ് അസമിലെ ന്യൂനപക്ഷങ്ങളുടേത്. 1983ല്‍ നെല്ലിയിലുണ്ടായ കൂട്ടക്കൊല ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ വംശഹത്യകളിലൊന്നാണ്. മൂവായിരത്തോളം മുസ്‌ലിംകളാണ് കുട്ടക്കൊല ചെയ്യപ്പെട്ടത്.
2012 ല്‍ ഉണ്ടായ ബോദോ കലാപങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും അതിലുമേറെപ്പേര്‍ തുരത്തിയോടിക്കപ്പെടുകയും ചെയ്തു. പൗരത്വ പരിശോധന കൂടി ആയപ്പോള്‍ ലക്ഷക്കണക്കിനാളുകളുടെ ഭാവി തുലാസില്‍ ആടുകയാണ്. വിദേശികളെന്ന് മുദ്രകുത്തപ്പെട്ട് തങ്ങള്‍ തടങ്കല്‍പ്പാളയങ്ങളില്‍ അടയ്ക്കപ്പെടുമോ എന്ന ഭീതിയിലാണവര്‍. നൂറ്റാണ്ടുകളായി അസമിന്റെ മണ്ണില്‍ താമസിച്ചുവരുന്ന ഈ മനുഷ്യരുടെ ഭീതി ധോല്‍പൂര്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ധിക്കുകയേയുള്ളൂ. ഭരണകൂട ഭീകരതയായി ധോല്‍പൂര്‍ വെടിവയ്പ്പിനെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ അപലപിക്കുന്നത് തീര്‍ച്ചയായും അസമിന്റെ ചരിത്രവും രാഷ്ട്രീയവും കണക്കിലെടുത്തുകൊണ്ടുതന്നെയാണ്. നമുക്ക് കൈക്കോട്ടിനെ കൈക്കോട്ടെന്നു തന്നെ വിളിക്കുക

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago