ഇബ്‌റാഹീം മുതല്‍ മുറാദ് വരെ
സാദിഖ് ഫൈസി താനൂർ
കഅ്ബാലയത്തെ ഇബ്‌റാഹീമീ മാതൃകയില്‍ പുതുക്കിപ്പണിയണമെന്നത് മുഹമ്മദ് നബി(സ)യുടെ ആഗ്രഹമായിരുന്നു. പക്ഷേ, ഇസ്‌ലാമുമായി വലിയ തഴക്കമില്ലാത്ത മക്കയിലെ പുതുവിശ്വാസികളുടെ അവസ്ഥ പരിഗണിച്ച്, സമുദായത്തില്‍ അതു കാരണം അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ പാടില്ലെന്ന നിര്‍ബന്ധം കാരണം പ്രവാചകന്‍ ആ പദ്ധതിയില്‍ നിന്ന് പിന്മാറി.
പിന്നീട് അറേബ്യ ഇസ്‌ലാമിന്റെ വേരുറച്ച മണ്ണായി മാറുകയും തലമുറമാറ്റം സംഭവിക്കുകയും ചെയ്തപ്പോള്‍, മക്കയുടെ ഭരണാധികാരിയും പ്രമുഖ സ്വഹാബിയുമായ അബ്ദുല്ലാഹിബിന്‍ സുബൈര്‍(624-692) മുന്നോട്ടുവന്നു. 682ല്‍ അദ്ദേഹം പ്രവാചകന്‍ ആഗ്രഹിച്ച പോലെ കഅ്ബ പുനര്‍ നിര്‍മിച്ചു. ഹത്വീം എന്നും ഹിജ്‌റ് ഇസ്മാഈല്‍ എന്നും അറിയപ്പെടുന്ന ഭാഗം കഅ്ബയുടെ അകത്താക്കി. കിഴക്കും പടിഞ്ഞാറുമായി കഅ്ബക്ക് തറനിരപ്പില്‍ നിന്നുതന്നെ രണ്ടു വാതിലുകള്‍ വച്ചു.
എന്നാല്‍, പിന്നീട് മക്കയില്‍ ഗവര്‍ണറായി വന്ന ഹജ്ജാജ് ബിന്‍ യൂസുഫിന് വലിയ മതബോധമോ ഇക്കാര്യത്തില്‍ ധാരണയോ ഉണ്ടായിരുന്നില്ല. ഖുറൈശി മാതൃക വലുതായിക്കണ്ട ഹജ്ജാജ് 692 ല്‍, കഅ്ബ പഴയ ഖുറൈശി മോഡലിലേക്ക് തന്നെ മാറ്റി പണിതു. ഹിജ്‌റ് കഅ്ബയുടെ പുറത്താക്കുകയും രണ്ടു വാതില്‍ മാറ്റി, തറനിരപ്പിനും മുകളില്‍ ഒറ്റ വാതില്‍ സ്ഥാപിക്കുകയും ചെയ്തു.
അന്നത്തെ ഭരണാധികാരിയും ഖലീഫയും അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍ (646_705) ആയിരുന്നു. അദ്ദേഹം ആദ്യഘട്ടത്തില്‍ ഹജ്ജാജിന്റെ പദ്ധതികളെ പിന്തുണച്ചു. എന്നാല്‍ അദ്ദേഹം വളരെ വൈകിയാണ്, ഹജ്ജാജ് നടപ്പാക്കിയ പദ്ധതി പ്രവാചക തിരുമേനിയുടെ ആഗ്രഹത്തിനു വിരുദ്ധമായിരുന്നു എന്നും ഇബ്‌നു സുബൈര്‍ നടപ്പാക്കിയതാണ് പ്രവാചകന്റെ ആഗ്രഹമെന്നും അറിയുന്നത്. എങ്കിലും പുതിയ കെട്ടിടം എന്ന നിലക്ക് അത് തുടര്‍ന്നു.
പിന്നീട് അബ്ബാസി ഭരാണികാരി ഹാറൂന്‍ റശീദ്(766-809) അധികാരത്തില്‍ വന്നപ്പോള്‍, ഹജ്ജാജിന്റെ നിര്‍മിതി പൊളിച്ചു ഇബ്‌നു സുബൈര്‍ ഉണ്ടാക്കിയ പോലെ ഉണ്ടാക്കാന്‍ ഖലീഫ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ഇമാം മാലിക്(711-795) നോട് അദ്ദേഹം അഭിപ്രായം തേടിയപ്പോള്‍ ഇമാം പറഞ്ഞു: 'നിങ്ങള്‍ മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ കഅ്ബയില്‍ കൈവയ്ക്കുന്നത്, അതിന്റെ മഹത്വത്തിനെ കളങ്കപ്പെടുത്തലാണ്...' അതു കേട്ടപ്പോള്‍ അബ്ദുല്‍ മലിക് ആ ഉദ്യമത്തില്‍ നിന്ന് പിന്മാറി. നിലവിലെ രൂപത്തില്‍ തന്നെ നിലനിര്‍ത്തി.
ഇബ്‌റാഹീം നബിക്കുശേഷം അമാലിക്ക, ജുര്‍ഹൂം, ഖുസയ്യ്, ഖുറൈശ്, ഇബ്‌നു സുബൈര്‍, ഹജ്ജാജ് എന്നിവരാണ് കഅ്ബ പുനര്‍നിമിച്ചത്. അതിനുശേഷം കാലപ്പഴക്കം കാരണം, 1626ല്‍ ഉസ്മാനി ഖലീഫ മുറാദ് നാലമന്‍ നിലവിലുള്ള പ്രകാരം തന്നെ പുതുക്കിപ്പണിതു. ആ നിര്‍മിതിയാണ് ഇപ്പോഴും നിലവിലുള്ളത്. പിന്നീടു വന്നവര്‍ അതിനെ മോടിപിടിപ്പിക്കുകയും മിനുക്കുപണികള്‍ നടത്തുകയും മാത്രമാണ് ചെയ്തത്.
(ഹുസൈന്‍ ബാസ്ലാമ:
താരീഖുല്‍ കഅബ പേജ് 55,
ഇബ്‌നു രിഫ്അ: അല്‍ ഈള്വാഹ്.
പേജ് 77)
വിവരദോഷിയുടെ ഹജ്ജ്
ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലെ ബഗ്ദാദിലെ പ്രമുഖ പണ്ഡിതനും ന്യായാധിപനുമായ മഅറൂഫുല്‍ ഖാള്വിയും സംഘവും ഹജ്ജിനെത്തിയതാണ്. മഹാ പണ്ഡിതന്മാരും ജ്ഞാനികളും ഹജ്ജിന്റെ അനുഷ്ഠാന കര്‍മങ്ങളോരോന്നും സൂക്ഷ്മമായി നിര്‍വഹിക്കുന്നു. അദബും ചിട്ടയും പാലിച്ചുകൊണ്ട് പ്രാർഥിക്കുന്നു. അവരുടെ പ്രാർഥന കേള്‍ക്കാന്‍ തന്നെ ചന്തവും വൃത്തിയുമുണ്ട്.
തുര്‍ക്കുമാനിസ്ഥാനില്‍ നിന്നെത്തിയ സാധാരണക്കാരനായ ഒരു ഹാജി അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. മറ്റുള്ളവരുടെ ആരാധനയുടെ ചിട്ടയും പ്രാർഥനയുടെ രാഗവും വൃത്തിയും കണ്ടപ്പോള്‍ തുര്‍ക്കുമാനിക്കു സങ്കടമായി. തനിക്ക് ഇവരെ പോലെ വിവരമില്ല. മനോഹമായ ഭാഷയില്‍ പ്രാർഥിക്കാനുള്ള കഴിവില്ല. ചിട്ടയില്‍ കര്‍മങ്ങള്‍ സമഗ്രമാക്കാനുള്ള അഗാധജ്ഞാനമില്ല... അറിയാതെ ആ മനുഷ്യന്‍ കരഞ്ഞുപോയി.
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അയാള്‍ ഇത്രമാത്രം പടച്ചവനോട് പറഞ്ഞു: 'അല്ലാഹുവേ, എനിക്ക് ഇവരെ പോലെ പ്രാർഥിക്കാന്‍ വിവരമില്ല. അതുകൊണ്ട് ഇവരെല്ലാം നിന്നോട് ചോദിക്കുന്നത് എനിക്കും നല്‍കേണമേ...'
ഹജ്ജ് കഴിഞ്ഞു പിരിഞ്ഞപ്പോള്‍ മഅ്റൂഫുല്‍ ഖാള്വി ഉള്‍പ്പെടെ സച്ചരിതരായ പല പണ്ഡിതന്മാരും ആ വര്‍ഷത്തെ മുഴുവന്‍ ആളുകളുടെയും ഹജ്ജ് സ്വീകരിക്കപ്പെട്ടതായി സ്വപ്‌നം കണ്ടു. അതിന്റെ കാരണം സാധാരണക്കാരില്‍ സാധാരണക്കാരനായ പാവം തുര്‍ക്കുമാനിയുടെ കണ്ണീരില്‍ കുതിര്‍ന്നതും ആത്മാർഥത നിറഞ്ഞതുമായ ആ ഒറ്റവരി പ്രാർഥനയായിരുന്നത്രെ!
(ശിഹാബുദ്ദീന്‍ അബ്ശീഹി:
അല്‍ മുസ്തത്വിരിഫ് 2 /533)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."