ബി.ജെ.പിയും സി.പി.എമ്മും കൈകോര്‍ത്തു; കോട്ടയം നഗരസഭയില്‍ യു.ഡി.എഫ് ഭരണം പോയി
സ്വന്തം ലേഖകന്‍
കോട്ടയം: ബി.ജെ.പി പിന്തുണയില്‍ എല്‍.ഡി.എഫ് കോട്ടയം നഗരസഭയില്‍ യു.ഡി.എഫ് ഭരണം അവിശ്വാസപ്രമേയത്തിലൂടെ വീഴ്ത്തി. എസ്.ഡി.പി.ഐ പിന്തുണയില്‍ ഈരാറ്റുപേട്ട നഗരസഭയില്‍ യു.ഡി.എഫ് ചെയര്‍പേഴ്സണെ പുറത്താക്കിയതിനു പിന്നാലെയാണ് ബി.ജെ.പി പിന്തുണയില്‍ കോട്ടയത്ത് സി.പി.എം നേതൃത്വത്തില്‍ അട്ടിമറി നടത്തിയത്.
52 അംഗ കൗണ്‍സിലില്‍ യു.ഡി.എഫ് ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യനെതിരേ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം 29 അംഗങ്ങളുടെ പിന്തുണയിലാണ് വിജയിച്ചത്. എല്‍.ഡി.എഫിലെ 22 അംഗങ്ങളില്‍ 21 കൗണ്‍സിലര്‍മാരും എട്ടു ബി.ജെ.പി അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചു വോട്ട് ചെയ്തു. സി.പി.എം സ്വതന്ത്രന് പി.ഡി സുരേഷിന്റെ വോട്ട് അസാധുവായി. യു.ഡി.എഫിലെ 22 അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ല. ഡി.സി.സി അധ്യക്ഷന്‍ നാട്ടകം സുരേഷ് വിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നത്.
കോണ്‍ഗ്രസ് വിമതയായി ജയിച്ച ബിന്‍സി സെബാസ്റ്റ്യനെ അധ്യക്ഷയാക്കിയാണ് ഒന്‍പതു മാസം മുമ്പ് യു.ഡി.എഫ് ഭരണം പിടിച്ചത്. നറുക്കെടുപ്പിലൂടെയാണ് നഗരസഭാ ഭരണം യു.ഡി.എഫ് നേടിയത്. നഗരകാര്യ ജോയിന്റ് ഡയരക്ടര്‍ ഹരികുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷനേതാവ് സി.പി.എമ്മിലെ ഷീജ അനിലാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. അവിശ്വാസത്തെ പിന്തുണച്ച് ബി.ജെ.പി കൗണ്‍സിലര്‍മാരും ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്തു.
സി.പി.എം- ബി.ജെ.പി അവിശുദ്ധ കൂട്ടുക്കെട്ട് സാക്ഷര കേരളത്തിന് അപമാനമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ പറഞ്ഞു. എന്നാല്‍ ബി.ജെ.പി അവിശ്വാസത്തെ പിന്തുണച്ചതില്‍ ഒരു തെറ്റുമില്ലെന്ന് ഷീജ അനില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."