ചാന്‍സലര്‍ ബില്‍ പരിശോധിക്കാന്‍ ഗവര്‍ണര്‍; നിയമോപദേശം തേടി
തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിന്മേല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമോപദേശം തേടി. രാജ്ഭവന്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലിനോടാണ് നിയമോപദേശം തേടിയത്. ജനുവരി മൂന്നിന് തിരുവനന്തപുരം എത്തുമ്പോഴേക്കും നിയമോപദേശം ലഭിക്കും. ഇതിനുശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.
14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതാണ് ബില്‍. ബില്‍ തിരിച്ചയക്കാതെ തീരുമാനം നീട്ടിക്കൊണ്ടുപോകാനോ അല്ലെങ്കില്‍ രാഷ്ട്രപതിക്ക് അയക്കാനോ ആകും ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം. കഴിഞ്ഞ സമ്മേളനം പാസാക്കിയ വിസി നിയമന സെര്‍ച്ച് കമ്മിറ്റിയില്‍ നിന്നും ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലില്‍ ഇതുവരെ രാജ്ഭവന്‍ തീരുമാനമെടുത്തിട്ടില്ല. സര്‍വകലാശാല അപ്പലേറ്റ് ട്രിബ്യൂണല്‍ നിയമഭേദഗതി ബില്‍ 2021 ഒക്ടോബര്‍ മുതല്‍ രാജ്ഭവനില്‍ കെട്ടിക്കിടക്കുകയാണ്.
ഉന്നത വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍, സംസ്ഥാന നിയമസഭയ്ക്ക് മാത്രമായി തീരുമാനം എടുക്കാന്‍ കഴിയുമോ എന്നതാണ് പ്രധാന തര്‍ക്കം. ബില്ല് രാജ്ഭവനില്‍ തടഞ്ഞുവയ്ക്കാന്‍ പാടില്ലെന്ന നിലപാടാണ് ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷത്തിനും. ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുകയായിരിക്കും ഗവര്‍ണര്‍ക്ക് മുന്നിലുള്ള മറ്റൊരു മാര്‍ഗം. ഇങ്ങനെ വന്നാല്‍ ബില്ലിന്മേല്‍ തീരുമാനമുണ്ടാകുന്നത് അനന്തമായി നീളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."