HOME
DETAILS
MAL
മന:സാക്ഷിയോട് എതിരിടരുതേ..
backup
September 26 2021 | 04:09 AM
കഴിവും യോഗ്യതയും വേണ്ടുവോളമുണ്ടായിട്ടും അധികാരികള്‍ അദ്ദേഹത്തെ ദാക്ഷിണ്യമേതുമില്ലാതെ പുറത്താക്കി. പുറത്താക്കാന്‍ പുറത്തുപറഞ്ഞ കാരണം യഥാര്‍ഥ കാരണമായിരുന്നില്ല. കോഴ വാങ്ങാന്‍ കൂട്ടുനില്‍ക്കുന്നില്ലെന്നതായിരുന്നു പ്രശ്‌നം. തനിക്കു നിഷേധിച്ച സീറ്റിനുവേണ്ടി നിയമപോരാട്ടം നടത്താനൊന്നും അദ്ദേഹം പോയില്ല. തോറ്റവന്റെ സങ്കടത്തോടെയല്ല, ജയിച്ചവന്റെ ആവേശത്തോടെ തന്നെ അദ്ദേഹം പുറത്തുപോന്നു.
വീട്ടുകാര്‍ ചോദിച്ചു: ''വെറുതെ ഒരു ജോലി നഷ്ടപ്പെടുത്തിയില്ലേ..?''
അദ്ദേഹം പറഞ്ഞു: ''ജോലിയേ നഷ്ടപ്പെട്ടിട്ടുള്ളൂ; വ്യക്തിത്വം ഇപ്പോഴും കളങ്കമേശാതെ നില്‍കുന്നുണ്ട്. ഒരു ജോലി പോയാല്‍ മറ്റൊരു ജോലി കിട്ടും. വ്യക്തിത്വം നഷ്ടപ്പട്ടാല്‍ തിരിച്ചുകിട്ടാന്‍ പാടാണ്..''
നിഷ്‌കളങ്കത കാരണം ജോലി പോകുന്നതല്ല; ജോലി കാരണം നിഷ്‌കളങ്കത പോകുന്നതാണു കഷ്ടമേറിയ നഷ്ടം. സത്യസന്ധത കാരണം കച്ചവടം കുറഞ്ഞാലും കച്ചവടം കാരണം സത്യസന്ധത ഒട്ടും കുറയരുത്. ധാര്‍മകിതയുടെ പേരില്‍ സ്ഥാനം തെറിക്കുന്നത് അഭിമാനമാണെങ്കില്‍ സ്ഥാനത്തിന്റെ പേരില്‍ ധാര്‍മകിത തെറിക്കുന്നത് അപമാനമാണ്. ചെറിയ ലാഭത്തിനു വലിയ നഷ്ടം ഏറ്റുവാങ്ങുകയെന്നത് അവിവേകികള്‍ മാത്രം കാണിക്കുന്ന വേലയാണ്. ഏതു ഭീഷണിക്കുമുന്നിലും തന്റെ വിശ്വാസാദര്‍ശത്തെ കൈയൊഴിയാത്തവരാണല്ലോ ചരിത്രത്തില്‍ വീരപുരുഷന്മാരായിട്ടുള്ളത്.
കുതിരയുടെ വാലാകുന്നതിലും ഭേദം കഴുതയുടെ തലയാകുന്നതാണെന്നു പറയാറുണ്ട്. മന:സാക്ഷിക്കു വഴങ്ങാത്ത ഉയര്‍ന്ന ജോലിയെക്കാളും നല്ലത് മനസിനിണങ്ങുന്ന താഴ്ന്ന ജോലി തന്നെ. അരുതായ്മകള്‍ക്കു കൂട്ടുനിന്നില്ലെങ്കില്‍ പദവി പോകുമെങ്കില്‍ ആ പദവി പോകട്ടെയെന്നു വയ്ക്കുന്നിടത്തുനിന്ന് ഉയര്‍ന്ന പദവികള്‍ നിങ്ങളെ കാത്തിരിക്കും. അനീതിക്കൊപ്പം നിന്നാല്‍ കിട്ടുന്ന ലാഭത്തിന്റെ സ്ഥാനം അനീതിക്കെതിരില്‍ നിലയുറപ്പിക്കുമ്പോഴുണ്ടാകുന്ന നഷ്ടത്തിന്റെ താഴെയാണ്. നുണ പറഞ്ഞു കിട്ടുന്ന പത്തു രൂപ സത്യം പറഞ്ഞു കിട്ടുന്ന ഒരു രൂപയെ നോക്കി അസൂയപ്പെടുന്ന കാലം വിദൂരമൊന്നുമല്ല. ബല്‍ആം കണ്ട ലാഭം അവനെ നാശത്തിലാക്കിയിട്ടേയുള്ളൂ. പ്രത്യക്ഷത്തില്‍ നോക്കിയാല്‍ ആസിയ ബീവിക്ക് ഭര്‍ത്താവിന്റെ നയങ്ങള്‍ക്കൊപ്പം ചേരലായിരുന്നു ലാഭം. പക്ഷേ, ഒരുവിധ പ്രലോഭനങ്ങളിലും അവര്‍ വീണില്ല. ആദര്‍ശത്തിനുവേണ്ടി ജീവന്‍ ബലി നല്‍കേണ്ടി വന്നെങ്കിലും മരിക്കാത്ത ഓര്‍മയായി അവര്‍ ഇന്നും സുമനസുകളില്‍ വാഴുന്നുണ്ട്.
എനിക്കു പറ്റില്ലെന്നു പറയാനുള്ള ചങ്കൂറ്റം അകത്ത് ശത്രുക്കളെ സൃഷ്ടിക്കുമെങ്കിലും പുറത്ത് മിത്രങ്ങളെ ഏറ്റിയേറ്റിത്തരും. തുടര്‍ജീവിതത്തില്‍ ആ ശത്രുക്കള്‍ നമുക്ക് പാരകളായി വന്നേക്കാം. എന്നാലും നമ്മുടെ ഭാരങ്ങളേറ്റാല്‍ മിത്രങ്ങളില്ലാതിരിക്കില്ല. രാജാവ് നഗ്നനാണെന്നു വിളിച്ചുപറയാനുള്ള നിഷ്‌കളങ്കമനസ് ലാഭമേ നേടിത്തരൂ.
വാഹനം തെറ്റായ ദിശയിലൂടെയാണു സഞ്ചരിക്കുന്നതെങ്കില്‍ താങ്കള്‍ക്കു പിഴച്ചിരിക്കുന്നുവെന്ന് ഡ്രൈവറോട് പറയാന്‍ ഒരു യാത്രികനെങ്കിലും മനസ് കാണിക്കണം. അല്ലെങ്കില്‍ അതിന്റെ വില നല്‍കേണ്ടി വരിക മുഴുവന്‍ യാത്രികരുമായിരിക്കും. സ്ഥാപനം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്ന് വ്യതിചലിക്കുന്നുവെങ്കില്‍ അതുണര്‍ത്താന്‍ ഒരാള്‍ പോലും ഇല്ലാതിരിക്കുന്നത് കഷ്ടമാണ്. സംഘനടയ്ക്കകത്തെ കൊള്ളരുതായ്മകള്‍ ന്യായീകരിച്ചുകൊണ്ടല്ല, തിരുത്തിക്കൊണ്ടോ തിരുത്തിച്ചുകൊണ്ടോ ആണ് ശരിപ്പെടുത്തേണ്ടത്. അവിടെ നായകനെ ഭയന്ന് മൗനം പാലിച്ചിരിക്കുകയാണെങ്കില്‍ ആ മൗനം സംഘടനയുടെ കഴുത്തില്‍ വീഴുന്ന മൂര്‍ച്ചയേറിയ കത്തിയായിരിക്കുമെന്നോര്‍ക്കണം.
അരുതായ്മകളുടെ കൂത്തരങ്ങായി നില്‍ക്കുന്ന തൊഴിലിടത്തിലാണ് എത്തിപ്പെട്ടതെങ്കില്‍ അവിടെ ഒന്നുകില്‍ കോഴിമുട്ടയാകാം. അല്ലെങ്കില്‍ ഐസാകാം. അതുമല്ലെങ്കില്‍ ചായപ്പൊടിയാകാം. കോഴിമുട്ട ദുര്‍ബലവസ്തുവാണ്. നിലത്തുവീണാല്‍ പൊട്ടിച്ചിന്തും. സൂക്ഷിച്ചു മാത്രമേ കൈകാര്യം ചെയ്യാവൂ. എന്നാല്‍ ചുടുവെള്ളത്തിലിട്ടാല്‍ അതിന്റെ സ്വഭാവം മാറുന്നതു കാണാം. അതിനകത്തുള്ള ദ്രാവകാവസ്ഥ ഖരാവസ്ഥയിലേക്കു മാറും. ചൂടില്‍ അതു സ്വയം തകരുകയല്ല, ഉറച്ചുനില്‍ക്കുകയാണു ചെയ്യുക എന്നര്‍ഥം. ഐസ് ഉറപ്പേറിയ വസ്തുവാണ്. പക്ഷേ, ചൂടുവെള്ളത്തിലിട്ടാല്‍ അതുരുകും. സ്വന്തം വ്യക്തിത്വം നശിച്ച് വെള്ളത്തിന്റെ ഭാഗമായി അതു മാറും. ചായപ്പൊടി ഖരാവസ്ഥയില്‍നില്‍ക്കുന്ന വസ്തുവാണെങ്കിലും അത്ര സുശക്തമൊന്നുമല്ല. പക്ഷേ, ചുടുവെള്ളത്തില്‍ വീണാല്‍ അതു വെള്ളത്തിന്റെ സ്വഭാവത്തെ മാറ്റിമറിക്കും. രുചിയിലും വാസനയിലും നിറത്തിലുമെല്ലാം അത് ആധിപത്യം ചൊലുത്തും. പ്രതിസന്ധികളിലും അരുതായ്മകളിലും ചിലര്‍ കോഴിമുട്ട പോലെ ഉറച്ചുനില്‍ക്കുന്നവരാണ്. നിലനില്‍ക്കുന്ന സാഹചര്യത്തോട് സമരസപ്പെടാന്‍ അവര്‍ ഒട്ടും ഒരുക്കമായിരിക്കില്ല. വേറെ ചിലര്‍ സുശക്തരാണെങ്കിലും പ്രതിസന്ധികളിലും പ്രയാസങ്ങളിലും അവര്‍ ഐസ് പോലെ ഉരുകിപ്പോകും. നിലനില്‍ക്കുന്ന സാഹചര്യത്തിന്റെ ഭാഗമായി സ്വന്തം വ്യക്തിത്വം നഷ്‌പ്പെടുത്തുകയാണവര്‍ ചെയ്യുക. ചായപ്പൊടി പോലുള്ള ചില മനുഷ്യരുണ്ട്. സാഹചര്യം അവരെ ഭരിക്കുകയല്ല, അവര്‍ സാഹചര്യത്തെ ഭരിക്കുകയാണു ചെയ്യുക. അവര്‍ ഒരു മേഖലയിലേക്കു കയറിയെത്തിയാല്‍ അവരുടെ സ്വാധീനമായിരിക്കും പിന്നീടുണ്ടാവുക. ചായപ്പൊടിയാകുന്നതാണു ധീരത. അതിനു കഴിയില്ലെങ്കില്‍ കോഴിമുട്ടയാവുക. ഒരിക്കലും ഐസായി ഇല്ലാതാകരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."