'ചോദിക്കുന്നത് സൗജന്യമോ ഔദാര്യമോ അല്ല, ന്യായമായ നികുതി വിഹിതം'; കേന്ദ്രം ശത്രുതാപരമായ സമീപനം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി
കേന്ദ്രം ശത്രുതാപരമായ സമീപനം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി
മലപ്പുറം: കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന് ലഭിക്കാനുള്ള പണം കേന്ദ്രം തടഞ്ഞുവയ്ക്കുകയാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കേന്ദ്രം സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കി ശ്വാസം മുട്ടിക്കുകയാണ്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംസ്ഥാനത്തിന്റെ ആവശ്യങ്ങളെ തമസ്‌കരിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്നെ വസ്തുതാ വിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നമ്മള്‍ സൗജന്യത്തിനോ ഔദാര്യത്തിനോ ആവശ്യപ്പെടുന്നില്ല. ന്യായമായി നമുക്ക് ലഭിക്കേണ്ട നികുതി വിഹിതം കിട്ടണം എന്ന ആവശ്യമേ ഉന്നയിക്കുന്നുള്ളൂ. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളോട് ആരോഗ്യപരമായ സമീപനം ആയിരിക്കണം കേന്ദ്രസര്‍ക്കാരിന് ഉണ്ടാകേണ്ടത്. ശത്രുതാപരമായ സമീപനം അവസാനിപ്പിക്കണം എന്നതാണ് നമ്മുടെ ആവശ്യം. ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതിയുടെവിഹിതവും ഗ്രാന്റും അര്‍ഹതപ്പെട്ടത് കിട്ടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളം സാമൂഹിക ഉന്നമനത്തിന്റേതായ എല്ലാ സൂചികകളിലും മുന്നിലാണ്. ആ മുന്നേറ്റത്തെ ഒരു ശിക്ഷാ മാര്‍ഗമായി കാണുകയാണ് കേന്ദ്ര സര്‍ക്കാര്‍. ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കേണ്ട വിഹിതം വര്‍ഷങ്ങളായി ഗുണഭോക്താക്കള്‍ക്ക് കേരളമാണ് വിതരണം ചെയ്യുന്നത്. ഇനി കുടിശ്ശികയില്ല. എന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന യഥാര്‍ത്ഥത്തില്‍ തെറ്റിദ്ധരിപ്പിക്കലാണ്. പണം അകാരണമായി വര്‍ഷങ്ങള്‍ തടഞ്ഞുവെച്ച ശേഷം നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് 2021 ജനുവരി മുതല്‍ 2023 ജൂണ്‍ വരെയുള്ള കേന്ദ്രത്തിന്റെ വിഹിതം തടഞ്ഞു വെച്ചത് ഇപ്പോള്‍ റിലീസ് ചെയ്യേണ്ടി വന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."