ലഹളകള്‍ മുസ്‌ലിം സമുദായത്തെ തുരത്തിയപ്പോള്‍ നാട്ടില്‍ ശേഷിപ്പായൊരു പള്ളിയെ പരിപാലിച്ച്, അഞ്ചുനേരം ബാങ്കു മുഴക്കി ഹിന്ദു സഹോദരങ്ങള്‍
പട്‌ന: കേള്‍ക്കുമ്പോള്‍ വിശ്വസിക്കാനായില്ലെന്നു വരാം. പ്രത്യേകിച്ചും വംശവെറിയും മതവെറിയും ആള്‍ക്കൂട്ടക്കൊലപാതകളും ഏറെ കേട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത്. എന്നാല്‍ കാതങ്ങല്‍ക്കപ്പുറെ അങ്ങ് ബിഹാറിലെ മാഡി എന്ന ഗ്രാമത്തില്‍ ഒരു പള്ളിയുണ്ട്. ഹിന്ദുക്കള്‍ മാത്രം പരിപാലിച്ചു പോരുന്ന ഒരു പള്ളി. ഒരു മുസ്‌ലിം പോലുമില്ല ആ നാട്ടില്‍. ലഹളകള്‍ക്കു പിന്നാലെ നാട്ടുവിട്ടതാണ് എല്ലാരും.
ഒരു കാലത്ത് തങ്ങള്‍ക്കേറെ പ്രിയരായിരുന്ന മുസ്‌ലിം സഹോദരങ്ങളുടെ സ്‌നേഹ ശേഷിപ്പായി പരിപാലിക്കുകയാണ് പള്ളി. ദിവസവും അഞ്ചുനേരെ അവിടെ ബാങ്കൊലി മുഴങ്ങുന്നു. നാലു പതിറ്റാണ്ടുമുന്‍പ് ഗ്രാമം വിട്ടുപോയ തങ്ങളുടെ സഹോദരങ്ങളുടെ ഓര്‍മകള്‍ മാഡിയിലെ ഹിന്ദു സമൂഹം മായാതെ കൊണ്ടുനടക്കുന്നത് ഇങ്ങനെയാണ്.
1981ലെ സാമുദായിക ലഹളകളെത്തുടര്‍ന്നാണ് ബിഹാറിലെ മാഡി ഗ്രാമത്തില്‍നിന്ന് അവസാനത്തെ മുസ്‌ലിം കുടുംബവും നാടുവിട്ടത്. അതിനുശേഷം ഒറ്റ മുസ്‌ലിം കുടുംബവും അങ്ങോട്ട് തിരികെച്ചെന്നില്ല.
ഗ്രാമത്തിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള പള്ളി കൃത്യമായി പരിപാലിച്ചുപോരുന്നു ഗ്രാമീണര്‍. റെക്കോര്‍ഡ് ചെയ്തുവച്ച ബാങ്ക് അഞ്ചുനേരവും നിസ്‌കാരസമയങ്ങളില്‍ സമയനിഷ്ഠയോടത്തന്നെ അവര്‍ പ്രക്ഷേപണവും ചെയ്യും.
ഈ പള്ളി തങ്ങള്‍ക്ക് ജീവനുള്ള ദൈവമാണെന്ന് നാട്ടുകാരനായ ഉദയ്കുമാര്‍ പറയുന്നു. വെള്ളപ്പൊക്കമടക്കം ഒട്ടനവധി പ്രകൃതിദുരന്തങ്ങള്‍ ബിഹാറിനെ തകര്‍ത്തുകളഞ്ഞപ്പോഴെല്ലാം കാര്യമായ നാശനഷ്ടങ്ങളില്ലാതെ മാഡി പിടിച്ചുനിന്നു. ദുരന്തങ്ങളുടെ കാലത്തെല്ലാം ഒട്ടും പോറലില്ലാതെ തങ്ങളെ കാത്തത് ഈ പള്ളിയാണെന്നാണ് നാട്ടുകാരെപ്പോലെ ഉദയും വിശ്വസിക്കുന്നത്.
പള്ളി പരിപാലനത്തിനു വേണ്ട പണം നാട്ടുകാരില്‍നിന്നു പിരിച്ചെടുക്കുകയാണ് പതിവ്. ഓരോ വീട്ടില്‍നിന്നുള്ള പങ്കും അതിലുണ്ടാകും. ഗ്രാമത്തില്‍ വിശേഷപ്പെട്ട എന്തു കാര്യം നടക്കുകയാണെങ്കിലും പള്ളിയില്‍നിന്നായിരിക്കും തുടക്കം. പള്ളിമുറ്റത്തെത്തി പ്രാര്‍ത്ഥനകളോടെ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കും. ആ ശുഭാരംഭം മാത്രം മതി എല്ലാം മംഗളകരമാകാനെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു.
ഏകദേശം മൂന്നു നൂറ്റാണ്ടു മുന്‍പ് തന്നെ മുസ്‌ലിം അധിവാസമുണ്ടായിരുന്ന പ്രദേശമാണ് മാഡിയെന്ന് ഇവിടെ വേരുകളുള്ള ഖാലിദ് ആലം ഭൂട്ടോ പറയുന്നു. നളന്ദയുടെ തലസ്ഥാനമായ ബിഹാര്‍ ശരീഫിലാണ് ഇപ്പോള്‍ ഖാലിദും കുടുംബവും കഴിയുന്നത്. മാണ്ടിയെന്നായിരുന്നു ഗ്രാമത്തിന്റെ പേര്. പിന്നീടത് മാഡിയാകുകയായിരുന്നു. 1946ലെ സാമുദായിക ലഹളയെത്തുടര്‍ന്നാണ് ഇവിടെനിന്ന് മുസ്‌ലിം കുടുംബങ്ങള്‍ കൂട്ടത്തോടെ അന്യദേശങ്ങളിലേക്ക് പലായനം ആരംഭിച്ചത്. അന്ന് ബിഹാര്‍ ശരീഫിലെത്തി താമസമാരംഭിച്ചതാണ് ഖാലിദ് ആലമിന്റെ മുത്തച്ഛന്‍. ഖാലിദിന്റെ കുടുംബത്തിന് ഇപ്പോഴും മാഡിയില്‍ 15 ഏക്കറോളം കൃഷിഭൂമിയുണ്ട്.
ഗ്രാമത്തില്‍ തന്നെ വേരുകളുള്ള മറ്റൊരാളാണ് മുഹമ്മദ് ബഷീര്‍. ബഷീറും ഇപ്പോള്‍ കഴിയുന്നത് ബിഹാര്‍ ശരീഫിലാണ്. 45 വീതം മുസ്‌ലിം, കുര്‍മി കുടുംബങ്ങളും മറ്റു വിഭാഗങ്ങളില്‍നിന്നുള്ള പത്തു കുടുംബങ്ങളുമായിരുന്നു 1945 വരെ ഇവിടെയുണ്ടായിരുന്നതെന്ന് ബഷീര്‍ പറയുന്നു. 1946ലെ വര്‍ഗീയ ലഹളയ്ക്കു പിറകെ ബഹുഭൂരിഭാഗം മുസ്‌ലിം കുടുംബങ്ങളും നാടുവിട്ടു. ഒടുവില്‍ ബാക്കിയായവരാണ് 1981ലെ ലഹളക്കാലത്ത് വീടും സ്വത്തുക്കളുമെല്ലാം വിറ്റ് മറ്റു നാടുകളിലേക്ക് താമസം മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."