HOME
DETAILS
MAL
ഉര്‍ദു ഹിന്ദു ഹൈന്ദവ മസ്‌നവി രചയിതാക്കള്‍ അടയാളപ്പെടുത്തിയത്
backup
September 26 2021 | 09:09 AM
ഇന്ത്യന്‍ മണ്ണില്‍ പിറവിയെടുത്ത ഭാരത സംസ്‌കാരത്തിന്റെ മതേതര ഭാഷയാണ് ഉര്‍ദു. ഈ ഭാഷയില്‍ മസ്‌നവി എഴുതിത്തുടങ്ങിയതിനെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. ആധികാരികതയുള്ളതും അവസാനമായി നടന്നതുമായ ഗവേഷണത്തിലെ കണ്ടെത്തലുകള്‍ പ്രകാരം ദക്ഷിണ ഇന്ത്യയിലെ (ബീജാപൂര്‍) ശിഹാബുദ്ദീന്‍ അഹമ്മദ് ശാഹ്‌വലി ബഹ്മനി (മലയാളത്തില്‍ പലപ്പോഴും ബാമിനി എന്നെഴുതാന്‍ കാരണം ഇംഗ്ലീഷില്‍ ആമവാശ എന്നതിനെ പിന്തുടര്‍ന്നതുകൊണ്ടാണ്) യുടെ കാലഘട്ടത്തില്‍ (1422 സെപ്റ്റംബര്‍ 22 മുതല്‍ 1436 ഏപ്രില്‍ 17 വരെ) ഫഖ്‌റുദ്ദീന്‍ നിസാമി രചിച്ച മസ്‌നവിയാണ് 'കദം റാവു പദം റാവു'. ഇത് രചിക്കുന്നത് 1430-35 ന്റെ ഇടയില്‍ ബിദറി (അന്ന് ബിജാപൂരിന്റെ തലസ്ഥാനം ഗുല്‍ബര്‍ഗയില്‍ നിന്ന് ബിദറിലേക്ക് മാറ്റിയിരുന്നു) ലായിരുന്നു.
ഹൈന്ദവ സമുദായത്തിലെ ഒരു ബ്രാഹ്മണ്‍ കവി നുസ്‌റത്തി 1657ല്‍ രചിച്ച 'ഗുല്‍ശനെ ഇശ്ഖ്' ആണ് ആദ്യത്തെ അമുസ്‌ലിം രചയിതാവിന്റെതായ മസ്‌നവി. ഇക്കാര്യം ഫ്രഞ്ച് ഓറിയന്റലിസ്റ്റായ ജോസഫ് ഗാരിസണ്‍ ദെറ്റാസി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഉര്‍ദുവിന്റെ പിതാവ് എന്നറിയപ്പെടുന്ന മൗലവി അബ്ദുല്‍ ഹഖ് തന്റെ ഗവേഷണത്തില്‍ നുസ്‌റത്തി മുസ്‌ലിം ആയിരുന്നു എന്ന് തെളിയിച്ചിട്ടുണ്ട്. പിന്നീട് നടന്ന ഗവേഷണത്തിലെല്ലാം ബോധ്യപ്പെടുന്നത് ഉര്‍ദുവിലെ ആദ്യത്തെ ഹിന്ദുഖണ്ഡകാവ്യ രചയിതാവ് റാം റാവു സേവയാണെന്നാണ്. ബീജാപൂരിലെ അവസാന ചക്രവര്‍ത്തിയായിരുന്ന സിക്കന്തര്‍ഷായുടെ കാലഘട്ട (1673-1686) ത്തിലാണ് ഈ മസ്‌നവി രചിക്കപ്പെട്ടത്. കര്‍ബലയില്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് റാം റാവു സേവ ഈ മസ്‌നവി രചിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ തൂലികാ നാമമാണ് 'സേവ'. റൗസത്തുല്‍ ശുഹ്ദ എന്നായിരുന്നു അദ്ദേഹം രചിച്ച മസ്‌നവിയുടെ പേര്. ഉത്തരേന്ത്യയിലെ ആദ്യത്തെ ഹൈന്ദവ ഉര്‍ദു ഖണ്ഡകാവ്യ രചയിതാവ് കവി മുന്‍ഷി ഝുമ്മന്‍ലാല്‍ ആണ്. ഖോജ മീര്‍ ദര്‍ദ് (1720-1785) ന്റെ ശിഷ്യനായിരുന്നു അദ്ദേഹം. മീര്‍ദര്‍ദ് അക്കാലത്തെ പ്രശസ്ത ഉര്‍ദു കവിയായിരുന്നു. 1806ന് മുമ്പായിരുന്നു മുന്‍ഷി ഝുമ്മന്‍ലാല്‍ ബഹാരെ ദാനിശ് എന്ന കൃതി ഉര്‍ദു മസ്‌നവി രൂപത്തില്‍ രചിച്ചത്.
ആരാം മുന്‍ഷി മഖന്‍ലാല്‍ ഒരു കായ്‌സ്ത് ഹിന്ദു ആയിരുന്നു. അദ്ദേഹം 'സിംഖാസന്‍ ബത്തീസി' എന്ന പേരില്‍ ഒരു മസ്‌നവി രചിച്ചിട്ടുണ്ട്. ഇക്കാര്യം പല ഉര്‍ദു സാഹിത്യചരിത്രത്തിലും കാണാന്‍ കഴിയും. എന്നാല്‍ ഇതുസംബന്ധമായ ഒരു മാതൃക എവിടെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ പല ചരിത്രഗ്രന്ഥങ്ങളിലും ഇദ്ദേഹത്തെകുറിച്ചും പരാമര്‍ശമുണ്ട്. ഇന്നത്തെ ഡല്‍ഹി ആയ ശാഹ്ജഹാനാബാദ് ആയിരുന്നു അദ്ദേഹത്തിന്റെ നാട്. 1858ല്‍ മരണപ്പെട്ടു.
ഉര്‍ദു ഗസല്‍ ശാഖയിലെ പ്രശസ്ത ഗസല്‍ രചയിതാക്കളില്‍ അറിയപ്പെടുന്ന വ്യക്തിയാണ് പണ്ഡിറ്റ് അമര്‍നാഥ് ഹാലു ആശിഫ്ത. എന്നാല്‍ അദ്ദേഹം നല്ല ഒരു മസ്‌നവി രചയിതാവാണ് എന്ന് പലരും അറിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ 'ഗുല്‍ശനെ ഹഫ്ത് രംഗ്' എന്ന മസനവിയില്‍ ഹാതിം തായിയുടെ കഥയാണ് പറയുന്നത്. ഇത് ഇരുനൂറോളം പേജുകളുള്ള കൃതിയാണ്. പണ്ഡിറ്റ് ഹര്‍ ഗോപാല്‍ ഖസ്തയുടെ നിരീക്ഷണത്തിലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഹംദും മുനാജത്ത് കൊണ്ടുമാണ് ആരംഭിക്കുന്നത്. ഈ മസ്‌നവിക്ക് വലിയ പ്രശസ്തിയാണ് ലഭിച്ചിട്ടുള്ളത്. തൂലികാ നാമമായി 'ആശിഫ്ത' എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.
1871ല്‍ മുന്‍ഷി ജ്വാല ശങ്കര്‍ രചിച്ച മസ്‌നവി ആയിരുന്നു 'കഥ അസ്ത നാരായന്‍ മഅ്‌റൂഫ്', ബ ദഫയെ അസാബ്, എന്ന പേരില്‍ നാനൂറ്റമ്പതോളം ഈരടികള്‍ ഉണ്ട്. അമീര്‍ എന്നായിരുന്നു ഇദ്ദേഹത്തിന്റെ തൂലികാ നാമം. ഉത്തര്‍പ്രദേശിലെ ബറേലിക്കാരന്‍ ആയ ഇദ്ദേഹത്തിന്റെ പിതാവ് മുന്‍ഷി ഗംഗാദത്ത് ആ കാലഘട്ടത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വം ആയിരുന്നു. അതുപോലെ ഖൈറാബാദ് (ഉത്തര്‍പ്രദേശ്) ലെ അറിയപ്പെടുന്ന ഉര്‍ദു കവിയായിരുന്നു മുന്‍ഷി പൂരന്‍ ചന്ത്. ഇന്‍ത്തിസാര്‍ ആയിരുന്നു തൂലികാ നാമം. മുന്‍ഷി കവല്‍ ലാലിന്റെ ശിഷ്യനായിരുന്നു ഇദ്ദേഹം. 1880ല്‍ ജനിച്ച അദ്ദേഹം 'തോ ത്ത മൈന' എന്ന പേരില്‍ ഒരു മസ്‌നവി രചിച്ചിട്ടുണ്ട്. ഖൈറാബാദ് മുനിസിപ്പാലിറ്റിയില്‍ ക്ലാര്‍ക്കായിരുന്ന അദ്ദേഹം 1929ല്‍ മരണപ്പെട്ടു.
'മന്‍സൂമയെ ഫറൂഖ്' എന്ന പേരില്‍ മുന്‍ഷി ഗിര്‍ധാരിലാല്‍ (1864-1921) ഒരു മസ്‌നവി രചിച്ചിട്ടുണ്ട്. അന്‍ജൂം എന്നായിരുന്നു അദ്ദേഹത്തിന്റെ തൂലികാ നാമം. അപരരില്‍ കുറ്റങ്ങള്‍ കണ്ടെത്തുന്നവരെ കുറിച്ചാണ് ഇത് എഴുതിയിട്ടുള്ളത്. ഉപമകള്‍ നിരത്തിയുള്ള സാമൂഹ്യവിമര്‍ശനവും ബോധവത്ക്കരണവുമാണ് ഇതിലൂടെ നിര്‍വഹിച്ചിരിക്കുന്നത്. ലഖ്‌നൗവിലെ ഒരു വിദ്യാസമ്പന്ന കുടുംബത്തില്‍ ജനിച്ച മുന്‍ഷി ഗിര്‍ധാരി ലാല്‍ ഉര്‍ദു ഭാഷയുടെ മാധുര്യം അനുഭവേദ്യമാകും വിധമാണ് രചനകള്‍ നടത്തിയിട്ടുള്ളത്.
അയവിറക്കുന്ന 'തസ്‌ക്കിറ'
ഉര്‍ദു ഭാഷാ സാഹിത്യത്തില്‍ കവികളെ കുറിച്ചുള്ള ജീവചരിത്രപരമായ ഓര്‍മക്കുറിപ്പുകള്‍ ധാരാളമുണ്ട്. 'തസ്‌ക്കിറ' എന്ന പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ നിന്നാണ് ഇതിന്റെ തുടക്കം. മീര്‍ തക്കിമീര്‍ ന്റെ 'നുകാത്തുല്‍ ശുഅ്‌റാ'യാണ് ശ്രദ്ധേയമാണ്. 1752 ലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഈ ജീവചരിത്ര പുസ്‌കത്തില്‍ നൂറ് കവികളെ കുറിച്ച് പറയുന്നുണ്ട്. ഇതില്‍ പതിനൊന്ന് ഉര്‍ദു കവികള്‍ ഹിന്ദു വിശ്വാസികളാണ്. 1774ല്‍ ലഖ്‌നൗവില്‍ നിന്ന് പ്രസിദ്ധീകരിച്ച മീര്‍ ഹസന്റെ തസ്‌ക്കിറയില്‍ പതിനേഴ് ഹിന്ദു കവികളെ കുറിച്ചാണ് വിവരണം.
ഉര്‍ദു സാഹിത്യത്തിലെ ഹിന്ദു എഴുത്തുകാര്‍ ധാരാളം 'തസ്‌ക്കിറ' കള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'തസ്‌ക്കിറ ബസാറെ സുഖാന്‍ സറീന്‍' ശ്യാം പ്രസാദ് സുന്ദര്‍ലാല്‍, 'നുസ്ഖയെ ദില്‍കുശാ' 'ജനം ജൈ മിത്രാ' 'അയാറുല്‍ ശുഅ്‌റ' ഖൂബ്ചന്ത് സക്ക, 'തസ്‌ക്കിറയെ ബേജി ഗര്‍', 'ഖൈറാത്തി ലാല്‍ ജിഗര്‍', 'സഫീനയെ ഇശ്‌റത്ത്', ദുര്‍ഗദാസ് ഇശ്‌റത്ത്', 'ഹമേശ ബഹാര്‍' കിശന്‍ ചന്ത് ഇഖ്‌ലാസ്, 'അനീസുല്‍ ഹബ്ബ' 'മോഹന്‍ ലാന്‍ അനീസ്', ഖംഖാനയെ ജാവേദ്, ലാലാ ശ്രീറാം, തുടങ്ങിയ ധാരാളം പേര്‍ അതിനകത്തെ ചിലരാണ്. ധാരാളം ഹിന്ദു-മുസ്‌ലിം കവികളും അവര്‍ രചിച്ച മസ്‌നവികളും ഇതില്‍ പ്രതിപാദ്യമാണ്.
മുസ്‌ലിം എഴുത്തുകാരുടെ 'തസ്‌ക്കിറ'കളും ധാരാളമുണ്ട്. അതിലെല്ലാം ഹെന്ദവ കവികളെക്കുറിച്ചും അവര്‍ രചിച്ച മസ്‌നവികളെക്കുറിച്ചും ധാരാളമുണ്ട്. 'തസ്‌ക്കിറ ഹിന്ദു ശുഅ്‌റായെ ബിഹാര്‍' ഫസീയുദ്ദീന്‍ ബല്‍ഖി, 'ദക്ക്‌നി ഹിന്ദു ഔര്‍ ഉര്‍ദു' 'നസീറുദ്ദീന്‍ ഹാശ്മി', 'ഹിന്ദു വോ മെ ഉര്‍ദു', 'റഫീഖ് മാര്‍ ഹര്‍വി', 'ഉര്‍ദു കെ ഹിന്ദു ശുഅ്‌റ', അബ്ദുസലാം ഖുര്‍ശിദ്, ഹിന്ദുശുഅ്‌റ, അബ്ദു റഊഫ് ഇശ്‌റത്ത്, 'ഉര്‍ദു കെ ഹിന്ദും അദീബ്', നാസിര്‍ കാക്കേരി, തുടങ്ങിയ മുസ്‌ലിം രചയിതാക്കള്‍ തയ്യാറാക്കിയ ജീവചരിത്ര സ്മരണകളില്‍ ഒറ്റ മുസ്‌ലിം കവികളെയും ഉള്‍പ്പെടുത്തിയിട്ടില്ല.
അങ്ങനെയുള്ള ഗ്രന്ഥങ്ങളില്‍ മസ്‌നവി രചയിതാക്കളെ മാത്രം നോക്കുമ്പോള്‍ അതിലെല്ലാം ഒന്നിലധികം ഉര്‍ദു ഖണ്ഡകാവ്യ രചയിതാക്കളായ അമുസ്‌ലിം രചയിതാക്കളെ കാണാനാവും. മുന്‍ഷി സൂരജ് ബഖ്ശ് (1853-1918) ഉത്തര്‍പ്രദേശിലെ സിത്താപൂരില്‍ വസിച്ചിരിരുന്ന പൗരപ്രമുഖനായ മുന്‍ഷി പ്യാരിലാല്‍ ബഖ്ശി ശ്രീവാസ്തവയുടെ മകനാണ്. അദ്ദേഹം ആറോളം മസ്‌നവികള്‍ രചിച്ചിട്ടുണ്ട്. മസ്‌നവി ബഖ്ശി, മഹാരാജ് നാമ, പഹേലി നാമ, തില്‍സം നാമ, ഹയ്യാത്ത് നാമ, അന്‍ജൂം നാമ, തുടങ്ങിയവയാണ്. ഡല്‍ഹിയിലെ ഒരു കായസ്ത ഹിന്ദു കുടുംബത്തില്‍ ജനിച്ച വലിയൊരു പണ്ഡിതനായിരുന്നു മുന്‍ഷി മൂല്‍ ചന്ദ്‌ലാല്‍. ഉര്‍ദു ഭാഷാ സാഹിത്യത്തില്‍ അഗാധ പാണ്ഡിത്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഖിസയെ ഖുസ്‌റുവാനെ അജം (1810) സാംനാമ (1812) ഹീര്‍ വ രാഞ്ച (1813) ഇങ്ങനെ മൂന്ന് മസ്‌നവികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. പ്രവാചകനെ പ്രകീര്‍ത്തിക്കുന്ന നാഅ്ത്ത് ആമുഖമായിട്ടാണ് ഈ മസ്‌നവി ആരംഭിക്കുന്നത്.
മസ്‌നവിയായി വിവര്‍ത്തനങ്ങള്‍
ഷേക്‌സ്പിയറിന്റെ റോമിയോ ജൂലിയറ്റ് ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്ത് 'മഅ്ശൂഖയെ ഫിറംഗ്' എന്ന പേരില്‍ മസ്‌നവി രൂപത്തിലാക്കിയ കവിയാണ് 'മുന്‍ഷി ജ്വാല പ്രശാദ് ബര്‍ഖ്'. അദ്ദേഹത്തിന്റെ മറ്റൊരു മസ്‌നവിയാണ് 'മസ്‌നവി ബഹാര്‍'. ഇത് സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ വായിച്ച് അദ്ദേഹത്തെ വളരെയധികം പ്രശംസിച്ചു. 1863 ഒക്‌ടൊബര്‍ 21ന് ഉത്തര്‍പ്രദേശിലെ ലഖീംപൂരില്‍ ജനിക്കുകുയും 1882ല്‍ ലഖ്‌നൗവില്‍ നിന്ന് ബി.എയും 1884ല്‍ എല്‍.എല്‍.ബിയും ജയിച്ച മുന്‍ഷി ജ്വാല പ്രശാദ് ബര്‍ഖ് 1908ല്‍ കോടതിയില്‍ ജഡ്ജിയാവുകയും ചെയ്തു. 1911 മാര്‍ച്ച് 26ന് ലഖ്‌നൗവില്‍ വച്ചായിരുന്നു അദ്ദേഹം മരണപ്പെട്ടത്.
സീത്താപൂരില്‍ വസിച്ചിരുന്ന ശിരസ്തിദാര്‍ മുന്‍ഷി കിഷന്‍ പ്രസാദിന്റെ മകനായി 1871ല്‍ ജനിച്ച ശ്യാം സുന്ദര്‍ ഷേക്‌സ്പിയറുടെ 'കിങ് ലയര്‍' എന്ന നാടകം ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്ത് 'ശാഹ് ലയര്‍' എന്ന പേരില്‍ മസ്‌നവി രചിച്ചു. ഇദ്ദേഹം തന്നെ 'സലിക് മര്‍വാരിദ്' എന്ന പേരില്‍ മറ്റൊരു മസ്‌നവിയും രചിക്കുകയുണ്ടായി. അതുപോലെയുള്ള മറ്റൊരു മസ്‌നവി രചയിതാവായിരുന്നു ബറേലിയിലെ പ്രശസ്ത അഭിഭാഷകന്‍ കൂടിയായ ഉര്‍ദുവിലെ പ്രഗത്ഭ എഴുത്തുകാരന്‍ മുന്‍ഷി ജഗ്വേശ്വര്‍ നാഥ് വര്‍മ. 'ബേതാബ്' എന്നായിരുന്നു അദ്ദേഹത്തിന്റെ തൂലികാ നാമം. ധാരാളം ഉര്‍ദു രചനകള്‍ നിര്‍വഹിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം. അതില്‍ മസ്‌നവിയെകുറിച്ച് മാത്രമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. 'അമര്‍ കഹാനി' എന്ന പേരില്‍ അദ്ദേഹം ഒരു മസ്‌നവി രചിച്ചു. ശ്രീരാമന്റെ കഥയാണിത്. പരിസാദ് ആണ് മറ്റൊരു മസ്‌നവി. പ്രശസ്ത കഥയായ ശകുന്തള യുടെ കാവ്യരൂപമാണ് ഈ രചന. മസ്‌നവി ആസ്വാദകരുടെ ആവര്‍ത്തിച്ചുള്ള വായനക്ക് വിധേയമായ മസ്‌നവിയാണ് പരിസാദ്. അവാച്യമായ ശൈലിയിലാണ് ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
ഇന്ത്യയിലൊരിടത്തും ലഭിക്കാത്ത ധാരാളം മസ്‌നവികളാണ് ലണ്ടനിലെ ഇന്ത്യാ ഓഫീസ് ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ളത്. 1804നും 1889 നുമിടയിലുള്ള കാലയളവില്‍ പുറത്തിറങ്ങിയ 'മസ്ഹബെ ഇശ്ഖ്' എന്ന മസ്‌നവിയുടെ വ്യത്യസ്തമായ ഇരുപതിലേറെ കോപ്പികള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇത് മുന്‍ഷി നിഹാല്‍ ചന്ത് രചിച്ചതാണ്. ഗുലെബക്കൗലി എന്ന കഥയെ ആസ്പദമാക്കി രചിക്കപ്പെട്ടതാണ് ഇത്.
ലഖ്‌നൗവിലെ കായസ്ത കുടംബത്തില്‍ ജനിച്ച മുന്‍ഷിറാം സഹായ് (1854-1932) 'തമന്ന' എന്ന നാമത്തില്‍ പ്രശസ്തനായ ഉര്‍ദു കവിയായിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരായ മുന്‍ഷി മാത്ത പ്രശാദ്, മുന്‍ഷി ദ്വാരക പ്രശാദ്, എന്നിവരും അക്കാലഘട്ടത്തിലെ അറിയപ്പെടുന്ന കവികളായിരുന്നു. മൂന്ന് സഹോദരന്‍മാരും ഒരു കാലഘട്ടത്തിലെ ഉര്‍ദുവിലെ തിളങ്ങുന്ന നക്ഷത്രങ്ങളായിരുന്നു. മുന്‍ഷിറാം സഹായ് വിദ്യാഭ്യാസ വകുപ്പില്‍ ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. കാവ്യരചനയില്‍ തന്റെ അമ്മാവന്‍ മുന്‍ഷി ശങ്കര്‍ ദയാല്‍ ഫര്‍ഹത്ത് ആയിരുന്നു ഗുരുനാഥന്‍. മുന്‍ഷി റാം സഹായ് നിരവധി മസ്‌നവികളാണ് രചിച്ചിട്ടുള്ളത്. ശ്രീരാമന്റെയും ലക്ഷ്മണന്റെയും വനവാസത്തിന്റെ കഥയാണ് 'റാംലീല'. ഗീതയുടെ മസ്‌നവി രൂപമാണ് 'ഗീത'. ഷേക്‌സ്പിയറിന്റെ 'റോമിയോ ജൂലിയറ്റ്' നാടകത്തിന്റെ മസ്‌നവി ഭാഷ്യമാണ് 'ഗുല്‍സാറെ ഫിറംഗ്'. വിക്‌ടോറിയ രാജ്ഞി ലഖ്‌നൗവില്‍ വന്നതിനെ കുറിച്ച് രചിക്കപ്പെട്ട മസ്‌നവിയാണ് 'ഗുല്‍കിശ്‌ത്തെ ബാഗെ ലഖ്‌നൗ'. നേപ്പാളിലെ രാജാവിന്റെ മരണത്തോടനുബന്ധിച്ച്, രാജപത്‌നിമാരുടെ സതി അനുഷ്ഠാനത്തെ കുറിച്ച് രചിച്ചതാണ് സമ്പലിസ്താനെ ഹൈരത്ത് എന്ന മസ്‌നവി. മഹാരാജ ബല്‍റാം പൂരിന്റെ ജീവചരിത്രമാണ് 'നസം ദില്‍ പസീര്‍'.
രാമായണവും ഗീതയും
1852ല്‍ ആദ്യമായി മുന്‍ഷി ജഗന്നാഥ് ലാല്‍ ഖുശ്ത്തര്‍ എന്ന ഉര്‍ദു കവിയാണ് രാമായണം മസ്‌നവി രൂപത്തില്‍ രചിച്ചത്. 1867ല്‍ രാമായണത്തിന്റെ ഉര്‍ദു വിവര്‍ത്തനം മസ്‌നവി രൂപത്തില്‍ രചിച്ചത് മുന്‍ഷി ശങ്കര്‍ ദയാല്‍ ആയിരുന്നു. 1880ല്‍ മുന്‍ഷി ബാങ്കെലാല്‍ മസ്‌നവി രൂപത്തിലുള്ള രാമായണം രചിച്ചു. 1883ല്‍ മുന്‍ഷി റാം സഹായിയും ഇത് മസ്‌നവി രൂപത്തില്‍ രചിച്ചിട്ടുണ്ടായിരുന്നു. അതുപോലെ തന്നെ മഹാഭാരതത്തിന്റെ ഉര്‍ദു വിവര്‍ത്തനം മസ്‌നവി രൂപത്തില്‍ രചിച്ച മഹാവ്യക്തിയായിരുന്നു മുന്‍ഷി തോത്ത റാം ശായാന്‍. 1910ല്‍ ഗീതയുടെ മസ്‌നവി രൂപം രചിച്ചത് മുന്‍ഷി ലക്ഷ്മണ്‍ പ്രസാദ് ആയിരുന്നു. 'ഖുര്‍ശീദ് മഅ്ര്‍ഫത്ത്' എന്ന പേരിലാണ് ഇത് രചിക്കപ്പെട്ടത്. 1919ല്‍ മുന്‍ഷിലാല്‍ ആജിസ് അസീമാബാദി ഗീതയുടെ മസ്‌നവി രൂപം രചിച്ചു. 1920ല്‍ മസ്‌നവി രൂപത്തിലേക്ക് ഗീതയെ വിവര്‍ത്തനം ചെയ്തത് മുന്‍ഷി ദേവുകി നന്ദലാല്‍ ആണ്. 1925ല്‍ മുന്‍ഷി പ്രഭു ദയാല്‍ 'ഗിസായെ റൂഹ്' എന്ന പേരില്‍ ഗീതയെ മസ്‌നവി രൂപത്തിലാക്കി. 1926ല്‍ മുന്‍ഷി ബജ്‌റംഗ് സഹായിയും ഗീതയുടെ മസ്‌നവി കാവ്യമെഴുതി. 1931ല്‍ മുന്‍ഷി റാം സഹായ്, 1932ല്‍ മുന്‍ഷി രാജ് കിഷോര്‍ അഹ്ക്കര്‍, 1934ല്‍ യോഗിരാജ് 1935ല്‍ മുന്‍ഷി ബിഷ് വേഷര്‍ പ്രശാദ്, എന്നിവരും മസ്‌നവി യായി ഗീതയെ ഭാഷാന്തരം ചെയ്തിട്ടുണ്ട്.
ഉര്‍ദുവിലെ ഹൈന്ദവ മസ്‌നവി രചയിതാക്കളുടെ പട്ടിക സുദീര്‍ഘമാണ്. ചുരുക്കം ചിലരെ പരിചയപ്പെടുത്താനാണ് മുകളില്‍ നടന്ന ശ്രമം. മീററ്റിലെ മുന്‍ഷി ഹിരലാല്‍, പഞ്ചാബിലെ മുന്‍ഷി ജദുനന്ദന്‍ സഹായ്, ലഖ്‌നൗവിലെ മുന്‍ഷി ബന്‍സിധര്‍, മുന്‍ഷി മാത പ്രശാദ്, മുന്‍ഷി കാം ത പ്രശാദ് ഡല്‍ഹിയിലെ മുന്‍ഷി മന്‍സാറാം, റായ് ബറേലിയിലെ ജാനകി പ്രശാദ്, സഹാറന്‍പൂരിലെ മുന്‍ഷികുന്തന്‍ ലാല്‍, ഇങ്ങനെ നീണ്ടുപോകുന്നതാണ് ആ പട്ടിക. ഇവിടെ പരാമര്‍ശിച്ചവരില്‍ സ്ഥിരമായി പറയാറുള്ള ഹൈന്ദവ മസ്‌നവി രചയിതാക്കളെ ആരെയും സൂചിപ്പിച്ചിട്ടില്ല. ഉര്‍ദു സാഹിത്യത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ എപ്പോഴും ഉദ്ധരിക്കാറുള്ള 'പണ്ഡിറ്റ് ദയ ശങ്കര്‍ നസീം', പണ്ഡിറ്റ് ബ്രിജ്‌മോഹന്‍ കൈഫി, മഹാരാജ കൃഷ്ണപ്രസാദ്, തുടങ്ങി ധാരാളം പേരെ പരാമര്‍ശിക്കാതെ അറിയപ്പെടാത്ത ഖണ്ഡകാവ്യ രചയിതാക്കളെ അവതരിപ്പിക്കുകയാണ് ചെയ്തത്.
എല്ലാം വര്‍ഗീയവത്ക്കരിക്കപ്പെടുന്ന പുതുകാലത്ത് രാജ്യത്തിന്റെ പാരമ്പര്യത്തിലും സംസ്‌കാരത്തിലും ഇഴുകിചേര്‍ന്ന ഈ മണ്ണില്‍, ജനിച്ച നാടിന്റെ സ്വന്തം ഭാഷയും അതിന് വിധേയമാകുകയാണ്. മതമൈത്രിയിലൂടെ വികാസം പ്രാപിച്ച് വളര്‍ന്നുവന്ന ഭാഷയാണ് ഉര്‍ദുവെന്ന് എല്ലാവരും ഓര്‍ക്കണം. മത ഭേദമന്യേ സര്‍വരുടെയും സ്‌നേഹം ഏറ്റുവാങ്ങിയ ഭാഷയാണ് ഉര്‍ദു. മീററ്റിലെ മുന്‍ഷി ഹര്‍ചന്ദ് റായിയെ പോലെയുള്ളവരെ പഠിക്കുകയാണ് ഇന്ന് പ്രസക്തം. 1846നും 1867നുമിടയില്‍ അഞ്ച് മസ്‌നവികളാണ് അദ്ദേഹം രചിച്ചത്. ഗുല്‍സാരെ ബേഖാര്‍, അഫ്‌സാനായെ ഗം, സിത്തം നാമ, നാമായെ ഇശ്ഖ്, കശഫുല്‍ ദഖായഖ്, എന്നിവയാണ് അവ.
ബിസ്മിയും ഹംദും മുനാജത്തും കഴിഞ്ഞാണ് ഈ മസ്‌നവികള്‍ ആരംഭിക്കുന്നത്. മുന്‍ഷി ഹര്‍ചന്ദ് റായ് ഒരു ഉദാഹരണം മാത്രമാണ്. ഇങ്ങനെയുള്ള ധാരാളം മസ്‌നവി രചയിതാക്കളുണ്ട്. യഥാര്‍ഥത്തില്‍ ഇവരാണ് ഭാരത്തിന്റെ മതേതരത്വം കാത്തുസൂക്ഷിച്ചവര്‍. ചരിത്രത്തെ എത്ര വക്രീകരിക്കാന്‍ ശ്രമിച്ചാലും ഈ മസ്‌നവി രചയിതാക്കളെ ഇന്ത്യയുടെ അകതാരില്‍ നിന്ന് മായ്ച്ചുകളയാന്‍ ഒരാള്‍ക്കുമാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."