HOME
DETAILS
MAL
വാക്കിന്റെ വേര്
backup
September 26 2021 | 09:09 AM
പ്രദീപ് രാമനാട്ടുകര
മുറുകെപ്പിടിക്കുന്ന
വിരലുകള്‍ കൊണ്ടമ്മ
മകനില്‍ ജന്മത്തിന്റെ
കരുതല്‍ നിറച്ചിട്ടും
മരണം പതുങ്ങുന്ന
മൗനമായ് വളരുന്നു
നിലത്തു കാലൂന്നാതെ
ചുറ്റിലും നടക്കുന്നു.
മഴയില്‍ ജനാല തന്‍
ചില്ലുകള്‍ നനയുന്നു
മിഴികള്‍ നിറച്ചവന്‍
അമ്മയെപ്പുണരുന്നു.
മരിക്കുമോ ഞാനെന്ന
ചോദ്യത്തില്‍ പിടഞ്ഞവന്‍
അമ്മയെ കണ്ണീരിന്റെ
കടലില്‍ ഒഴുക്കുന്നു.
മരുന്നിന്‍ലയം ചേര്‍ത്ത്
മൂളുന്നു വെന്റിലേറ്റര്‍
മയക്കം കണ്ണുകളില്‍
പതുക്കെ മുളയ്ക്കുന്നു .
യന്ത്രങ്ങള,ളക്കുന്ന
മിടിപ്പിന്‍ രഹസ്യത്തില്‍
കണ്ണുകള്‍ തറച്ചമ്മ
അനക്കം പകര്‍ത്തുന്നു
മകനെ നെഞ്ചത്തിട്ട്
തിളച്ച കാലം വീണ്ടും
ഓര്‍മയിലുരുകുന്നു
ഉള്‍ക്കനല്‍ ചിതറുന്നു
വിയര്‍ത്തു വിറയ്ക്കുന്ന
ഉടലിന്‍ പെരുക്കത്തില്‍
ഉലയാതുള്ളില്‍ നിന്ന
നാളവുമണയുന്നു.
ഭ്രാന്തമായ് നൃത്തം വച്ച്
അക്കങ്ങള്‍ കറങ്ങുന്നു
ജീവനെ തൊടാനാഞ്ഞ്
പെട്ടെന്ന് നിലയ്ക്കുന്നു.
മരണം ചിന്തേരിട്ട
സാക്ഷ്യപത്രത്തില്‍
എന്തോ ...
പറയാന്‍ വെമ്പും ചുണ്ട്
തേടുന്നൂ...... വാക്കിന്‍ വേര്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."