നോട്ടക്കു പിറകെ ഒാടുന്ന കമ്യൂണിസം
പ്രേം ചന്ദ്രന്‍
കമ്യൂണിസം എന്ന 'പാവപ്പെട്ടവന്റെ ഉയര്‍ച്ചയ്ക്കു വേണ്ടിയുള്ള' പ്രസ്ഥാനം ഇന്ത്യയില്‍ ഇന്ന് എവിടെ എത്തി നില്‍ക്കുന്നു എന്നത് അങ്ങാടിപ്പാട്ടാണ്. കേരളത്തില്‍ ഉയര്‍ന്നുനിന്ന തലയുടെ അടിയില്‍, ദേശീയ തലത്തില്‍ ശൂന്യതയുടെ മോഹഭംഗം കുറെ നാളായി പ്രകടവും ആയിരുന്നു. ഇവിടെയും ഇന്ന് തലകുനിക്കലിന്റെ പടിയില്‍ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. അതിനിടെ വന്ന ഗുജറാത്ത്, ഹിമാചല്‍, ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വീണ്ടും നമുക്ക് കാഴ്ച്ചവച്ചത് നോട്ടയുടെ പിറകെയോടി മുന്നിലെത്താന്‍ പാടുപെടുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയാണ്. ചോദ്യം ഇതാണ്. യെച്ചൂരിയും കാരാട്ടും പിണറായിയും കൂടി കമ്യൂണിസം എന്ന പ്രസ്ഥാനത്തെ എവിടെ എത്തിച്ചിരിക്കുന്നു. ഒരു രാഷ്ട്രീയ പ്രസ്ഥാനം കാലത്തിന്റെ ഗതിയില്‍ ഓരം ചേര്‍ന്നിരിക്കുന്നത് എവിടെ?
കമ്യൂണിസത്തിന്റെ രണഭൂമിയായ കേരളത്തില്‍പോലും ഇന്ന് ഈ പ്രസ്ഥാനത്തിന് ചൂടുംചൂരും പകരുന്നത് സ്ഥാപിത താല്‍പര്യങ്ങളുടെ ഒരു ശൃംഖലതന്നെ ആണെന്നതും അങ്ങാടിപ്പാട്ടാണ്. യൂനിയനിസ് ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ഒരു വശത്തും പല സര്‍ക്കാര്‍ സ്ഥാപനങ്ങളെയും 'നേര്‍വഴിക്കു' നടത്തുന്ന ട്രേഡ് യൂനിയന്‍ നേതാക്കള്‍ മറ്റൊരു വശത്തും പ്രസ്ഥാനത്തിന്റെ മുഖമുദ്രയായ ഇക്കാലത്ത് ഉള്ളവനെ കൂടുതല്‍ കനപ്പിക്കുക എന്നതു ഈ പ്രസ്ഥാനത്തിന്റെ പ്രധാന ഉദ്ദേശ ലക്ഷ്യമായിമാറിയിട്ടുണ്ട്.
ബാങ്കിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങുന്നവര്‍ ആദ്യം സമരത്തിന്റെ ദിവസമാണോയെന്ന് അന്വേഷിക്കേണ്ട സ്ഥിതിയാണ് ഇന്നുള്ളത്. അല്ലെങ്കില്‍ തന്നെ ബാങ്കുകള്‍ക്ക് വാരിക്കോരി അവധിയുണ്ട്. അന്തസായി കഴിയാനുള്ള ശമ്പളവും മറ്റുആനുകൂല്യങ്ങളും നേരിട്ടും സമരങ്ങളിലൂടെയും അവര്‍ സ്വയത്തമാക്കിയിട്ടുമുണ്ട്. എങ്കിലും, അവര്‍ക്കു കൂടുതല്‍ വാങ്ങി കൊടുക്കാന്‍ മുന്നില്‍ നില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം കോണ്‍ഗ്രസോ ബി.ജെ.പിയോ അല്ല. വിപ്ലവ പാര്‍ട്ടി തന്നെ. ഇടയ്ക്കിടെ ബാങ്കുകളില്‍ അവകാശ സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇത് നാടിന്റെ സമ്പദ്‌വ്യവസ്ഥയെ എങ്ങിനെ ബാധിക്കുന്നു എന്നത് യൂനിയനുകള്‍ നയിക്കുന്നവരുടെയോ പ്രസ്ഥാനത്തിന്റെയോ ചിന്താവിഷയം അല്ലതാനും.
ഇങ്ങനെ, എല്ലാ രംഗങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്‍പ്പെടെ 'തൊഴിലാളികളെ' സംഘടിപ്പിച്ചു അവകാശ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതു കൊണ്ടാണല്ലോ സി.ഐ.ടി.യുവിന് ഇന്നു 60 ലക്ഷത്തിന്റെ അംഗസംഖ്യ ഉണ്ടെന്ന് പറയുന്നത്. ഇതില്‍ നിന്ന് വര്‍ഷാ വര്‍ഷം പിരിക്കുന്ന ലെവിയും മറ്റും കൂടി പ്രസ്ഥാനത്തിന്റെ കീശയില്‍ വര്‍ഷാ വര്‍ഷം വരുന്ന കോടികള്‍ എവിടെ പോകുന്നു എന്ന ചോദ്യം ഇപ്പോള്‍ ഗൗരവമായി ഉയരുന്നുണ്ട്. കാലത്തിന്റെ മാറ്റം ഉള്‍കൊള്ളാന്‍ കഴിയാതെ പോയ ആനത്തലവട്ടം ആനന്ദനെപ്പോലെ ഉള്ളവര്‍ അവകാശസമരങ്ങളെ കുറിച്ച് വാചാലമാവുന്നത് വലിയ ശമ്പളവും ആനുകൂല്യങ്ങളും വാങ്ങി കഴിയുന്ന നമ്മുടെ വൈദ്യുതി ഉദ്യോഗസ്ഥന്മാരെക്കുറിച്ചും മറ്റും ആണ് എന്നുകൂടി വരുമ്പോള്‍ ഈ വിരോധാഭാസത്തിന് തമാശയുടെ പരിവേഷം വന്നുപോകും.
ഇന്ത്യയില്‍ കമ്യൂണിസത്തിന്റെ ഇപ്പോഴത്തെ നേതൃത്വം കരുത്തില്ലാത്തവരുടെ കൈയില്‍ അകപ്പെട്ടതിനെക്കുറിച്ചും പല ചര്‍ച്ചകളും കേരളത്തിലും ബംഗാളിലും നടക്കുന്നുണ്ട്. കേരളത്തില്‍ ആരെയും കൂടെ കൂട്ടി ഭരണത്തില്‍ എത്തുക, കിട്ടിയ കസേരയില്‍ കൂടുതല്‍ കാലം ഇരിക്കുക എന്ന 'വണ്‍ പോയിന്റ് പ്രോഗ്രാം' ആണ് പിണറായി വിജയനെയും കൂട്ടരെയും നയിക്കുന്നതെന്ന് വ്യക്തം. ആ ത്വരയുടെ ഫലമായി പാവപ്പെട്ടവന് കിറ്റുകള്‍ കിട്ടി. കിട്ടേണ്ടാത്തവനും ഇതുകിട്ടി. അങ്ങനെ പിണറായി വിജയന്‍ കസേര ഉറപ്പിച്ചു എന്നൊക്കെ ഓര്‍ക്കുമ്പോള്‍ തന്നെ വീണ്ടും അഞ്ചു വര്‍ഷത്തെ ഭരണ തുടര്‍ച്ചയ്ക്കുവേണ്ടി പുതിയ അടവുകള്‍ അണിയറയില്‍ മെനയപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്.
രമേശനെയും വി.ഡി സതീശനെയും ഒക്കെ നമുക്ക് പുഷ്പം പോലെ കൈകാര്യം ചെയ്യാം എന്ന മട്ടില്‍ മുഖ്യമന്ത്രി ഇരുന്നപ്പോള്‍, ഒരുവേളയില്‍ ശശി തരൂര്‍ രംഗപ്രവേശം ചെയ്തു. തരൂര്‍ പ്രത്യക്ഷത്തില്‍ എല്ലവര്‍ക്കും സ്വീകാര്യനാണെന്ന ഒരു ധാരണ പരന്നു. അദ്ദേഹത്തിന്റെ യോഗങ്ങളില്‍ ആരും ക്ഷണിക്കാതെ വണ്ടിയില്‍ ആളിറക്കാതെ ജനം ഒഴുകിയൊഴുകിയെത്തി. കോണ്‍ഗ്രസുകാര്‍ക്കു മൊത്തത്തില്‍ പുതിയ ഒരു ആവേശം വന്നു. ചില തെരഞ്ഞെടുപ്പ് വിജയങ്ങള്‍ യു.ഡി.എഫിന് പ്രതീക്ഷ നല്‍കുകയും ചെയ്തിരുന്നുവല്ലോ. ഇതിനെ ഒക്കെ നേരിടാന്‍ വലിയ വെപ്രാളത്തില്‍ അടച്ചുവച്ച പുതിയ തന്ത്രം എം.വി ഗോവിന്ദനെക്കൊണ്ട് മുഖ്യമന്ത്രി പുറത്തെടുപ്പിച്ചു. മുസ്ലിം ലീഗ് വര്‍ഗീയ കക്ഷിയല്ല എന്ന പ്രസ്താവന വലിയ സഖാക്കളുടെ ഉള്ളിലിരുപ്പ് വ്യക്തമാക്കി. ജനങ്ങളില്‍ നിന്നകലുന്ന പ്രസ്ഥാനത്തിന് അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ വീണ്ടും ഒരുഏച്ചുകെട്ടല്‍ വേണ്ടിവരുമെന്ന ബോധോദയം ഇതിനുപിന്നില്‍ പലരും കണ്ടു. വര്‍ജിക്കപ്പെട്ട കേരളാ കോണ്‍ഗ്രസിനെ കൂടെകൂട്ടിയതുവഴി കഴിഞ്ഞ തവണ ഭരണം നിലനിര്‍ത്തി. അടുത്ത അടവ് ഇങ്ങനെ. ഇത്തരം നിലപാടുകള്‍ ഇന്നത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു.
നമ്മുടെ നാട്ടില്‍ പലര്‍ക്കും കീശ നിറയെ പണമുണ്ട്. പക്ഷെ ജനങ്ങളുടെ അംഗീകാരമില്ല. കള്ള് മുതലാളിക്കും കള്ളക്കടത്തുകാരനും പണം കൊണ്ടാറാട്ട്. പക്ഷെ അവരെ നേരില്‍ കാണുമ്പോള്‍ ജനം നെറ്റി ചുളിക്കും. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ സംബന്ധിച്ചും ഏതാണ്ട് ഈ ഒരു അവസ്ഥ സംജാതമായിക്കൊണ്ടിരിക്കുന്നു. അധികാരം ഉണ്ട്, അഭിമാനം ഇല്ല. അഭിമാനബോധം ഇല്ലാത്തവര്‍ക്ക് അധികാരത്തിന്റെ ബലത്തില്‍ മേനി ചമയാന്‍ പറ്റുമോ?
തൊഴിലാളികളുടെ വിയര്‍പ്പുകൊണ്ടുണ്ടാക്കിയ പണമായാലും ഇവിടെ നിന്നയച്ചു കൊടുക്കുന്ന പണമായാലും കേന്ദ്രത്തിലെ പാര്‍ട്ടിക്ക് ആളില്ലെങ്കില്‍പോലും കാര്യങ്ങള്‍ പൊടിപൂരം തന്നെ. മാസാ മാസം നേതാക്കള്‍ പറന്നിറങ്ങുന്നു. മീറ്റിങ്ങുകള്‍ ചേരുന്നു. മോദിയെ നാല് തെറി പറയുന്നു. മതനിരപേക്ഷത അപകടത്തിലെന്ന് മുറവിളികൂട്ടുന്നു. വിലക്കയറ്റത്തെയും തൊഴിലില്ലായ്മയെയും വിമര്‍ശിക്കുന്നു. മൂക്കറ്റം ഉണ്ട്, ഉറങ്ങി തിരിച്ചുപറന്നിറങ്ങുന്നു. ആളില്ലാ സംസ്ഥാനങ്ങളില്‍ പോലും. എല്ലാം ഭേഷ്. ഇത് മതിയോ സഖാക്കളെ എന്ന് മുക്കിലും മൂലയിലും ഇരുന്നു ജനം ചോദിക്കുന്നു. ആരു കേള്‍ക്കാന്‍?
ഈ പ്രസ്ഥാനം ദേശീയതലത്തില്‍ നോട്ടയിലേക്കു എത്തിയതില്‍ അതിന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് ഒരു ജാള്യവും ഇല്ല. തൊലിക്കട്ടി അത്രക്കുണ്ട് എന്നുവ്യക്തം. ഈ തളര്‍ച്ചയുടെ അടുത്ത ദിവസവും യെച്ചൂരി ഉണര്‍ന്നെഴുന്നേറ്റത് സ്വന്തം പാര്‍ട്ടിക്ക് പറ്റിയ തകര്‍ച്ചയുടെ കാരണങ്ങള്‍ അപഗ്രഥിക്കാനല്ല പിന്നെയോ 'മോദിക്ക് ഹിമാചലിലും ഡല്‍ഹിയിലും സ്വാധീനം ഇല്ല എന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചു' എന്ന് ഉദ്‌ഘോഷിക്കാനായിരുന്നു. ഇത്തരം ഞാണിന്മേല്‍ കളികള്‍ ആരെ കബളിപ്പിക്കാന്‍?
അദ്ദേഹം മറുപടി പറയേണ്ട പല ചോദ്യങ്ങളും ഉണ്ട്. അതില്‍ പ്രധാനമായും രാവും പകലും സെക്കുലറിസം ഉറച്ചു ഉരുവിട്ടിട്ടും നോട്ടയ്ക്ക് മുകളിലേക്ക് പാര്‍ട്ടിയെ പിടിച്ചുയര്‍ത്താതിരുന്നത് എന്തുകൊണ്ടാണ്? ജെ.എന്‍.യുവിന്റെ പരിസങ്ങളില്‍ പോലും 'നമ്മുടെ' പാര്‍ട്ടിക്ക് വോട്ടുചെയ്യാന്‍ ആരും എത്തിയില്ല. ഇത് ബംഗാളിലും സംഭവിച്ചുവല്ലോ. വ്യക്തമാക്കുന്നത് അധരവ്യായാമം മാത്രം പോരാ എന്നു മാത്രമല്ല, യെച്ചൂരിയുടെ പോളിസികള്‍ പാളി എന്നുകൂടിയാണ്. മുസ്ലിംങ്ങളെയും മറ്റു പാവങ്ങളെയും 30 വര്‍ഷത്തിലേറെ കബളിപ്പിച്ച ചരിത്രം ബംഗാളില്‍ സ്വര്‍ണ ലിപിയില്‍ എഴുതി വച്ചിട്ടുണ്ടല്ലോ. 'ആളില്ല പാര്‍ട്ടിയുടെ കൂടെ കൂടിനിന്നാല്‍ നമുക്കെന്തു പ്രയോജനം' എന്ന ചോദ്യം ബുദ്ധിയുള്ള ആരും ചോദിച്ചു പോവും.
ദേശീയതലത്തിലും ആദ്യം പാര്‍ട്ടി വളര്‍ത്താന്‍ നോക്കുക. അധരവ്യായാമം കുറച്ച് കര്‍മനിരതരാകണം. ബുദ്ധിജീവികള്‍ ആദ്യം തെളിയിക്കേണ്ടത് തങ്ങള്‍ക്കു സാമാന്യ ബുദ്ധിയുണ്ട് എന്നാണ്. പല സഖാക്കളുടെയും വാചക കസര്‍ത്തുകള്‍ കേട്ടാല്‍, ഇവര്‍ മന്ദബുദ്ധികളോ എന്ന് പലരും പരസ്യമായി ചോദിക്കും. വി.സിമാരുടെ പേരിലുള്ള കലഹംതന്നെ ഒരുദാഹരണം.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചത് പലതും അര്‍ത്ഥമുള്ള കാര്യങ്ങളായിരുന്നു. അതിന്റെ പിറകില്‍ രാഷ്ട്രീയം ഉണ്ടായിരുന്നോ എന്ന ചോദ്യത്തോടൊപ്പം ചോദിക്കേണ്ട കാര്യം അദ്ദേഹത്തിന് മുഖ്യമന്ത്രി കൊടുക്കേണ്ട പരിഗണന കൊടുത്തോ എന്നതുകൂടിയാണ്. വിദേശ പര്യടനത്തിന് പോവുമ്പോള്‍ നേരിട്ട് കണ്ടൊന്നു പറയുക, തിരികെ വരുമ്പോള്‍ പോയി നടന്ന കാര്യങ്ങള്‍ ധരിപ്പിക്കുക എന്നതൊക്കെ പോരായ്മയായി കാണുന്ന ഒരു മുഖ്യമന്ത്രിക്ക് ആ സ്ഥാനത്തിരിക്കാനുള്ള യോഗ്യതയുണ്ടോ എന്ന ചോദ്യവും പ്രസക്തമാകുന്നു. കോവിന്ദിന്റെയോ മുര്‍മുവിന്റെയോ അടുത്തു പോയി പറയേണ്ടത് പറയാനും താണുവണങ്ങാനും മോദിക്ക് ഒരു മടിയും ഉണ്ടായിട്ടില്ല. സ്റ്റാലിന്‍ ഇതു ചെയ്യാറുണ്ട്.
മൊത്തത്തില്‍ ഈ ബലംപിടുത്തതിന്റെ ഫലം നമ്മുടെ സര്‍വകലാശാലകള്‍ കൂടുതല്‍ കുഴപ്പത്തിലായി എന്നതാണല്ലോ. വിനാശ കാലേ വിപരീത ബുദ്ധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."