അസമിലെ ക്രൂരത; മുസ്ലിം ലീഗ് എം.പിമാര്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു
മലപ്പുറം: അസമില്‍ ഭൂമി ഒഴിപ്പിക്കലിന്റെ പേരില്‍ നിരാലംബരായ മനുഷ്യര്‍ക്കുനേരെ ഭരണകൂടം നടത്തിയ അക്രമ നടപടികളില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, മനുഷ്യാവകാശ കമ്മിഷന് ചെയര്മാന് എന്നിവര്‍ക്കു മുസ്ലിം ലീഗ് എം.പിമാര്‍ കത്തയച്ചു.
മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍, എം.പിമാരായ പി.വി അബ്ദുല്‍ വഹാബ്, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, കെ. നവാസ് ഗനി എന്നിവരാണ് കത്തയച്ചത്. കുടിയൊഴിപ്പിക്കലിന്റെ പേരില്‍ നടപ്പാക്കുന്നതു നരനായാട്ടും കൂട്ടക്കൊലയുമാണ്. ഇതു ഞെട്ടിക്കുന്നതും രാജ്യത്തിന് അപമാനകരവുമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
ആളുകളെ വെടിവച്ചു കൊന്നന്നു മാത്രമല്ല, മൃതദേഹങ്ങളോടു പോലും അനാദരവ് കാണിച്ചതു കടുത്ത മനുഷ്യാവകാശ ലംഘനമാണ്. മൃതശരീരങ്ങള്‍ക്കു മേല്‍ നൃത്തം ചവിട്ടുന്ന ജില്ലാ ഭരണകൂടത്തിന്റെ ഫോട്ടോഗ്രഫറും കൂട്ടുനില്‍ക്കുന്ന പൊലിസും കടുത്ത ക്രൂരതയാണ് നടത്തുന്നത്. മുഖ്യമന്ത്രി ഹിമന്ത് ബിശ്വാസ് ശര്‍മയുടെ ആജ്ഞപ്രകാരം നടക്കുന്ന കൊടിയ പാതകം അവസാനിപ്പിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്നും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു നേതൃത്വം നല്കിയ പൊലിസുകാരെ നിയമത്തിനു മുമ്പിലെത്തിക്കുന്നതിനു നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ഇരകള്‍ക്കു നീതി ലഭിക്കുന്നതിനു സാധ്യമായതെല്ലാം ചെയ്യുമെന്നും എം.പിമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."