അനുനയ നീക്കം പാളി; നിലപാടിലുറച്ച് സുധീരന്‍
നേതൃത്വത്തിന്
വീഴ്ചയുണ്ടായെന്ന് സതീശന്‍
തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ച വി.എം സുധീരനെ അനുനയിപ്പിക്കാനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. അടച്ചിട്ട മുറിയില്‍ ഇരുവരും ദീര്‍ഘനേരം സംസാരിച്ചെങ്കിലും തീരുമാനം മാറ്റില്ലെന്ന ഉറച്ച നിലപാടിലാണ് സുധീരന്‍. പ്രതിപക്ഷ നേതാവിനോട് തന്റെ പ്രതിഷേധം സുധീരന്‍ തുറന്നുപറഞ്ഞതായാണ് സൂചന.
സുധീരനുമായുള്ള ചര്‍ച്ചയില്‍ നേതൃത്വത്തിന് വീഴ്ചയുണ്ടായെന്ന് സതീശന്‍ തുറന്ന് സമ്മതിച്ചു. എന്തുകൊണ്ടാണ് രാജിവച്ചതെന്ന് സുധീരന്‍ വ്യക്തമാക്കിയതായി സതീശന്‍ പറഞ്ഞു. ഒരു നിലപാടെടുത്താല്‍ അതില്‍നിന്ന് പിന്‍വാങ്ങാത്തയാളാണ് സുധീരന്‍. അദ്ദേഹത്തിന്റെ നിലപാട് മാറ്റുക എളുപ്പമല്ല. പത്ത് സതീശന്‍ വിചാരിച്ചാലും നിലപാടുമാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, സുധീരനെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് സുധീരന്‍ മാറിനില്‍ക്കുന്നത് ശരിയല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സുധീരന്‍ സമിതിയില്‍ തുടരണം.
അദ്ദേഹത്തിന് വേദനയുണ്ടാക്കിയ കാര്യം എന്താണെന്ന് കണ്ടെത്തി പരിഹരിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിയില്‍ സുധീരന്‍ വേണ്ടത് അനിവാര്യമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. സുധീരന്റെ രാജി ദൗര്‍ഭാഗ്യകരമാണെന്നും കൂടിയാലോചന ഇല്ലെന്ന പരാതി നേതൃത്വം ചര്‍ച്ചചെയ്യണമെന്നും യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു.
ഹൈക്കമാന്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നേതാക്കള്‍ അനുനയശ്രമങ്ങള്‍ ഊര്‍ജിതമാക്കിയത്. ഇന്നലെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തി. സുധീരന് പരാതികളുണ്ടെന്നത് സുധാകരനും സമ്മതിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."