ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 5 വിക്കറ്റ് ജയം
ഗുവാഹാട്ടി: ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ മികവില്‍ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ട്വന്റി 20യില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. സെഞ്ചുറി നേടിയ മാക്‌സ്‌വെല്‍ അവസാന പന്തില്‍ ബൗണ്ടറി നേടി ഓസീസിന് അഞ്ചു വിക്കറ്റിന്റെ ജയം സമ്മാനിക്കുകയായിരുന്നു. 48 പന്തുകള്‍ മാത്രം നേരിട്ട മാക്‌സ്‌വെല്‍ എട്ട് വീതം സിക്‌സും ഫോറുമടക്കം 104 റണ്‍സോടെ പുറത്താകാതെ നിന്നു. ആറാം വിക്കറ്റില്‍ ഒന്നിച്ച മാക്‌സ്‌വെല്‍ ക്യാപ്റ്റന്‍ മാത്യു വെയ്ഡ് സഖ്യമാണ് ടീമിന് ആവേശ ജയം സമ്മാനിച്ചത്. 91 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ഇന്ത്യയില്‍ നിന്ന് ജയം പിടിച്ചെടുക്കുകയായിരുന്നു. വെയ്ഡ് 16 പന്തില്‍ നിന്ന് 28 റണ്‍സോടെ പുറത്താകാതെ നിന്നു.
അവസാന ഓവറില്‍ 21 റണ്‍സായിരുന്നു ഓസീസിന് ജയത്തിലേക്ക് വേണ്ടത്. ഇരുവരും നാല് ഫോറും ഒരു സിക്‌സും പറത്തിയതോടെ ഓസീസ് അനായാസം ജയം കണ്ടു. അക്ഷര്‍ പട്ടേല്‍ എറിഞ്ഞ 19ാം ഓവറില്‍ ഇരുവരും ചേര്‍ന്ന് 22 റണ്‍സടിച്ചിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 21 എന്ന നിലയിലായി.
223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റേത് തകര്‍പ്പന്‍ തുടക്കമായിരുന്നു. ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡും ആരോണ്‍ ഹാര്‍ഡിയും ചേര്‍ന്ന് ഇന്ത്യന്‍ ബൗളിങ്ങിനെ കടന്നാക്രമിച്ചു. എന്നാല്‍ അഞ്ചാം ഓവറില്‍ ഹാര്‍ഡിയെ മടക്ക് അര്‍ഷ്ദീപ് സിങ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. 12 പന്തില്‍ നിന്ന് 16 റണ്‍സായിരുന്നു ഹാര്‍ഡിയുടെ സമ്പാദ്യം. പിന്നാലെ തകര്‍ത്തടിച്ച ഹെഡിനെ മടക്കി ആവേശ് ഖാന്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയേകി. 18 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയടക്കം 35 റണ്‍സെടുത്താണ് ഹെഡ് മടങ്ങിയത്.ജോഷ് ഇംഗ്ലിസിനെ (10) രവി ബിഷ്‌ണോയ് പുറത്താക്കി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച മാക്‌സ്‌വെല്‍ മാര്‍ക്കസ് സ്റ്റോയ്‌നിസ് സഖ്യം 60 റണ്‍സ് ചേര്‍ത്തതോടെ ഓസീസിന് പ്രതീക്ഷ കൈവന്നു. പിന്നാലെ സ്റ്റോയ്‌നിസിനെ സൂര്യയുടെ കൈയിലെത്തിച്ച് അക്ഷര്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 21 പന്തില്‍ നിന്ന് 17 റണ്‍സായിരുന്നു സ്റ്റോയ്‌നിസിന്റെ സമ്പാദ്യം. പിന്നാലെ വമ്പനടിക്കാരന്‍ ടിം ഡേവിഡിനെ (0) അക്കൗണ്ട് തുറക്കാനനുവദിക്കാതെ ബിഷ്‌ണോയ് മടക്കി. തുടര്‍ന്നായിരുന്നു മാക്‌സ്‌വെല്‍ വെയ്ഡ് കൂട്ടുകെട്ട്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ഇന്ത്യ ഋതുരാജ് ഗെയ്ക്വാദിന്റെ കന്നി സെഞ്ചുറി മികവിലാണ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തത്. 57 പന്തുകള്‍ നേരിട്ട ഋതുരാജ് 13 ഫോറും ഏഴ് സിക്‌സും പറത്തി 123 റണ്‍സോടെ പുറത്താകാതെ നിന്നു. ട്വന്റി 20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ എന്ന നേട്ടവും ഋതുരാജ് സ്വന്തമാക്കി. ആദ്യ 22 പന്തുകളില്‍ വെറും 22 റണ്‍സ് മാത്രമെടുത്ത താരം പിന്നീട് നേരിട്ട 35 പന്തുകളില്‍ നിന്ന് അടിച്ചുകൂട്ടിയത് 101 റണ്‍സാണ്.
ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 5 വിക്കറ്റ് ജയം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."