മലയാളികൾ ഇല്ലാത്ത രാജ്യമുണ്ടോ
കൊച്ചി: മലയാളികൾ ഇല്ലാത്ത രാജ്യമുണ്ടോ എന്ന ചോദ്യം പൊലെയാണ് മലയാളികളുടെ കുടിയേറ്റം. 93 ശതമാനം രാജ്യങ്ങളിലും മലയാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. നോര്‍ക്കാ റൂട്ട്‌സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ലോകത്തില്‍ ആകെയുള്ളത് 195 രാജ്യങ്ങളാണ്. അതില്‍ 182 രാജ്യങ്ങളിലും മലയാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎഇയിലാണ് കൂടുതല്‍ പേര്‍ ജോലി ചെയ്യുന്നത്. 2018 മുതല്‍ 2022 വരെ നോര്‍ക്കയില്‍ നടന്ന പ്രവാസി ഐഡി രജിസ്‌ട്രേഷന്‍ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്. അതേസമയം നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാത്ത നിരവധി പേരും വിദേശത്ത് ജോലി ചെയ്യുന്നുണ്ട്.
ലോകത്ത് ആകെ 195 രാജ്യങ്ങളാണുള്ളത്. അതില്‍ 193 രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയില്‍ അംഗങ്ങളാണ്. ബാക്കിയുള്ള രണ്ട് രാജ്യങ്ങള്‍ക്ക് നിരീക്ഷണ രാജ്യ പദവിയാണുള്ളത്.
തൊഴില്‍ അവസരമുള്ള ലോകത്തിലെ മിക്ക രാജ്യങ്ങളിലേക്കും മലയാളികള്‍ എത്തിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ കുടിയേറ്റക്കാരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിന് ആവശ്യമായ സംവിധാനം ഒരുക്കുന്നതിനായി നമ്മൾ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു- നോര്‍ക്ക റൂട്ട്‌സ് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.
4 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പ്രവാസി ഐഡി രജിസ്‌ട്രേഷന്‍ കാര്‍ഡിനൊപ്പമുണ്ട്. മലയാളികള്‍ എവിടെയുണ്ടെന്ന് കണ്ടെത്താനും അപകട സാഹചര്യങ്ങളിൽ അവരുമായി ബന്ധപ്പെടാനും കേരള സര്‍ക്കാരിനെ സഹായിക്കുന്ന കാര്‍ഡാണിത്.
കേരളത്തില്‍ നിന്നുള്ള 4,36,960 പേര്‍ക്ക് പ്രവാസി ഐഡിയുണ്ട്. ഇതില്‍ സ്കിൽഡ് -അൺ സ്കിൽഡ് തൊഴിലാളികളും ഉള്‍പ്പെടുന്നു.
ഇതില്‍ ഭൂരിഭാഗം വരുന്ന മലയാളികളും യുഎഇയിലാണ് ജോലി ചെയ്യുന്നത്. ഏകദേശം 1,80,465 പേരാണ് യുഎഇയിലുള്ളത്. സൗദി അറേബ്യയില്‍ 98,783 പേരാണുള്ളത്. ഖത്തറില്‍ 53,463 മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്.
സംഘര്‍ഷബാധിത രാജ്യങ്ങളിലും മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. റഷ്യയില്‍ 213 മലയാളികളാണ് ജോലി ചെയ്യുന്നത്. യുക്രൈനില്‍ 1227 മലയാളികളും ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇസ്രായേലില്‍ 1036 മലയാളികളും പലസ്തീനില്‍ 4 മലയാളികളുമാണ് ജോലി ചെയ്യുന്നത്. കാനഡയില്‍ 659 മലയാളികളാണുള്ളത്. നോര്‍ക്ക റൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്ത 1,031 പേരാണ് യുകെയില്‍ ജോലി ചെയ്യുന്നത്. അമേരിക്കയില്‍ 954 മലയാളികളാണ് ജോലി ചെയ്യുന്നത്.
അതേസമയം ചൈനയില്‍ 573 മലയാളികളാണ് ജോലി ചെയ്യുന്നത്. മലയാളികള്‍ തീരെയില്ലാത്ത രാജ്യങ്ങളുമുണ്ട്. പാകിസ്ഥാന്‍, ഉത്തരകൊറിയ, എന്നിവിടങ്ങളില്‍ മലയാളികള്‍ തീരെയില്ലെന്നാണ് നോര്‍ക്ക റൂട്ട്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."