ഷെയ്ഖ് സായിദ് റോഡിൽ മൂന്ന് ദിവസത്തെ ഗതാഗത നിയന്ത്രണം; ഈ റോഡുകൾ ഉപയോഗിക്കണമെന്ന് ആർടിഎ
ഷെയ്ഖ് സായിദ് റോഡിൽ മൂന്ന് ദിവസത്തെ ഗതാഗത നിയന്ത്രണം; ഈ റോഡുകൾ ഉപയോഗിക്കണമെന്ന് ആർടിഎ
ദുബൈ: ദുബൈ ഷെയ്ഖ് സായിദ് റോഡിൽ അബുദാബിയിലേക്കുള്ള ഗതാഗതം താൽകാലികമായി തിരിച്ചുവിടുമെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് മുതൽ എക്‌സ്‌പോ ഇന്റർസെക്‌ഷൻ വരെയാണ് ഗതാഗത നിയന്ത്രണം. ഡിസംബർ 1 മുതൽ 3 വരെ മൂന്ന് ദിവസത്തേക്ക് രാവിലെ 7 മുതൽ 11 വരെ ഈ വഴിതിരിച്ചുവിടൽ ഉണ്ടാകും.
യുഎഇയുടെ യൂണിയൻ ദിനാഘോഷങ്ങളോടും യുഎൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസ് COP28 ന്റെ ആതിഥേയത്വത്തോടും അനുബന്ധിച്ചാണ് ഏറ്റവും പ്രധാനറോഡിലെ നിയന്ത്രണങ്ങൾ. എന്നാൽ യാത്രക്കാർക്ക് യാതൊരു വിധത്തിലുമുള്ള പ്രയാസങ്ങളും സൃഷ്ടിക്കാതെയാണ് വഴി തിരിച്ചുവിടൽ നടത്തുക.
ദുബൈയിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) സുഗമമായ ഗതാഗതം ഉറപ്പാക്കാൻ സമഗ്രമായ ട്രാഫിക് പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ്, എമിറേറ്റ്സ് റോഡ്, അൽ ഖൈൽ റോഡ്, ജുമൈറ റോഡ്, അൽ വാസൽ റോഡ്, അൽ ഖൈൽ റോഡ് തുടങ്ങിയ ബദൽ റോഡുകൾ യാത്രക്കാർക്ക് ഉപയോഗിക്കാം.
യാത്രയ്ക്കായി പൊതുഗതാഗതം ഉപയോഗിക്കണമെന്ന് ആർടിഎ പൊതുജനങ്ങളോട് നിർദ്ദേശിക്കുന്നു. താൽക്കാലിക ട്രാഫിക് വഴിതിരിച്ചുവിടലുകളെക്കുറിച്ചും ഇതര റൂട്ട് ഓപ്ഷനുകളെക്കുറിച്ചും ദിശാസൂചനകളും സ്മാർട്ട് സ്‌ക്രീനുകളിലെ അപ്‌ഡേറ്റുകളും പിന്തുടരാനും ആർടിഎ നിർദേശിച്ചു.
നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബൈ എക്‌സ്‌പോ സിറ്റിയിലാണ് COP28 നടക്കുക. പദ്ധതിയുടെ ഭാഗമായി, ഔദ്യോഗിക പ്രതിനിധികൾക്ക് ബ്ലൂ സോണിലുടനീളം ഗതാഗതവും ബിസിനസ്സ് പ്രതിനിധികൾക്കും പൊതുജനങ്ങൾക്കും ഗ്രീൻ സോണിലുടനീളം ആർടിഎ ഗതാഗതം നൽകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."