തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വാങ്ങുന്നു; മഴക്കുറവ് 17 ശതമാനം മഴ കുറഞ്ഞത് ആറു ജില്ലകളില്‍
സ്വന്തം ലേഖകന്‍
തൊടുപുഴ: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വാങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്തെ മഴക്കുറവ് 17 ശതമാനം. കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളിലാണ് മഴക്കുറവുള്ളത്. മറ്റ് ജില്ലകളിലെ മഴ സാധാരണ നിലയിലേക്കെത്തി.
ജൂണ്‍ ഒന്നുമുതല്‍ ഇന്നലെ രാവിലെ വരെയുള്ള കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ (ഐ.എം.ഡി) കണക്കുപ്രകാരം സംസ്ഥാനത്താകെ ശരാശരി 2022.2 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1674.3 മി.മീറ്ററാണ് ലഭിച്ചത്. വയനാട് ജില്ലയിലാണ് കൂടുതല്‍ മഴക്കുറവ് ഇപ്പോഴും തുടരുന്നത്, 32 ശതമാനം. തൊട്ടടുത്ത് പാലക്കാടുണ്ട്, 29 ശതമാനം. മറ്റ് ജില്ലകളിലെ മഴക്കുറവ് ശതമാനത്തില്‍ ഇങ്ങനെയാണ്. കണ്ണൂര്‍ 23, കാസര്‍കോട് 20, മലപ്പുറം 24, തൃശൂര്‍ 23.
ജൂണില്‍ 649.8 മി.മീ, ജൂലൈയില്‍ 726.1 മി.മീ, ഓഗസ്റ്റില്‍ 419.5 മി.മീ, സെപ്റ്റംബറില്‍ 224.2 മി.മീ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാലാവസ്ഥാ വ്യതിയാനത്തില്‍ മഴക്കണക്കുകള്‍ മാറിമറിഞ്ഞിരിക്കുകയാണ്. ഈവര്‍ഷം ജൂണിലാണ് മഴക്കുറവ് കൂടുതല്‍ അനുഭവപ്പെട്ടത്. ഇക്കുറി ജൂണില്‍ 408.3 മി.മീ മാത്രമാണ് പെയ്തത്. 2020 ല്‍ ഇത് 560.4 മി.മീ, 2019 ല്‍ 574.4 മി.മീ, 2018 ല്‍ 750.0 മി.മീ, 2017 ല്‍ 579.8 മി.മീ, 2016 ല്‍ 595.7 മി.മീ, 2015 ല്‍ 563.8 മി.മീ എന്നിങ്ങനെ മഴയാണ് ജൂണില്‍ ലഭിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റാണ് ഇപ്പോള്‍ മഴ ശക്തമാകാന്‍ കാരണം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടും എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീമണ്‍സൂണ്‍ മഴ ശരാശരിക്ക് മുകളില്‍ ലഭിച്ചതും കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം വൈദ്യുതി ഉപഭോഗം കുറഞ്ഞതും അണക്കെട്ടുകളില്‍ ജലശേഖരം ഉയര്‍ന്നു നില്ക്കാന് കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."