ഉച്ചയുറക്കം ശീലമാക്കിയവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്
ഉച്ചയുറക്കം എന്നത് നമ്മളില്‍ പലര്‍ക്കുമുള്ള ശീലമായിരിക്കാം. ഉച്ച ഭക്ഷണത്തിന് ശേഷം അരമണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെയുള്ള ഉറക്കത്തെയാണ് സാധാരണയായി ഉച്ചയുറക്കം എന്ന രീതിയില്‍ കണക്കാക്കാറുള്ളത്. ഉച്ചക്ക് ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന അഭിപ്രായം പൊതുവെയുണ്ട്. കൂടാതെ ഇത് സംബന്ധിച്ച പല പഠന റിപ്പോട്ടുകളും പുറത്ത് വന്നിട്ടുമുണ്ട്.
എന്നാല്‍ ഉച്ചയുറക്കം ആരോഗ്യത്തിന് ദോഷകരമാണെന്നുള്ള പഠനങ്ങളെ പൊളിക്കുന്ന ഒരു പഠന റിപ്പോര്‍ട്ട് ഇപ്പോള്‍ അമേരിക്കയിലെ നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്‍ പുറത്ത് വിട്ടിട്ടുണ്ട്. ഉച്ചക്ക് ശേഷമുള്ള ഉറക്കം നമ്മെ കൂടുതല്‍ ഉന്മേഷമുള്ളവരാക്കിത്തീര്‍ക്കുമെന്നും വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് സ്ലീപ്പ് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്.
ഇത് കൂടാതെ ഉത്കണ്ഠ, പരിഭ്രമം എന്നിവ കുറയ്ക്കുന്നതിനും വൈകാരികമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഉച്ചയുറക്കം ഒരു പരിധിവരെ സഹായിക്കുമെന്നും പ്രസ്തുത റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതിന് പുറമെ നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താനും ഇത് വഴി രോഗങ്ങളെ പ്രതിരോധിക്കാനും ഉച്ചയുറക്കം സഹായിക്കും.ഇതിനെല്ലാം പുറമെ രക്ത സമ്മര്‍ദം കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗം വരാനുള്ള സാധ്യതയേയും ഉച്ചയുറക്കം പരിമിതപ്പെടുത്തുന്നു.
കായിക മത്സരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ബോഡി ബില്‍ഡിങ് മുതലായവ ശീലമാക്കിയവര്‍ക്കും ഉച്ചയുറക്കം വളരെയധികം സഹായകരമാണ് എന്നതാണ് സ്ലീപ്പ് ഫൗണ്ടേഷന്റെ മറ്റൊരു കണ്ടെത്തല്‍. ഇത്തരക്കാരുടെ പേശികള്‍ക്ക് വേണ്ടത്ര വിശ്രമം ഉച്ചയുറക്കത്തിലൂടെ ലഭിക്കുന്നതിനാല്‍ ഇവരുടെ കായിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുന്നു.
Content Highlights:Benefits in afternoon nap
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."