ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടിയുടെ അച്ഛന് താമസിച്ച ഫ്ലാറ്റില്‍ പൊലിസ് പരിശോധന
കുട്ടിയുടെ അച്ഛന് താമസിച്ച ഫ്ലാറ്റില്‍ പൊലിസ് പരിശോധന
കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലിസ് അന്വേഷണം പുരോഗമിക്കുന്നു. കുട്ടിയുടെ അച്ഛന് താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റില്‍ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ അച്ഛനായ റെജി. റെജിയുടെ ഒരു ഫോണ്‍ അന്വേഷണസംഘം കൊണ്ടുപോയെന്നും വിവരമുണ്ട്.
സംഭവത്തില്‍ നാല് ദിവസമായി കുറ്റവാളികള്‍ക്ക് പുറകിലുള്ള പൊലീസിന് ഒരു തുമ്പും കിട്ടിയിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആദ്യം അമ്മയുടെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചിരുന്നു. ഈ നമ്പര്‍ എങ്ങനെ കിട്ടി, പ്രതികള്‍ പത്ത് ലക്ഷം രൂപ മാത്രം നഷ്ടപരിഹാരമായി ചോദിച്ചത് തുടങ്ങി നിരവധി സംശയം പൊലീസിനുണ്ട്. ഇവയെല്ലാം തീര്‍ക്കാന്‍ എല്ലാ വശവും അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.
പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ 10 വര്‍ഷമായി റെജി ജോലി ചെയ്യുന്നുണ്ട്. ഇവിടെയടുത്തുള്ള ഫ്ലാറ്റിലാണ് റെജി താമസിച്ചിരുന്നത്. ഈ കെട്ടിടത്തിലാണ് ഇന്ന് വൈകിട്ടോടെ പൊലീസെത്തി പരിശോധിച്ചത്. റെജി ഉപയോഗിച്ചിരുന്ന ഒരു ഫോണ്‍ ഈ ഫ്ലാറ്റിലുണ്ടായിരുന്നു. അതാണ് പൊലീസ് കൊണ്ടുപോയത്. മറ്റെന്തെങ്കിലും ഇവിടെ നിന്ന് കണ്ടെടുത്തോയെന്ന് വ്യക്തമല്ല.
സംശയങ്ങള്‍ തീര്‍ക്കാന്‍ എല്ലാ സാധ്യതയും പരിശോധിക്കണമെന്ന് പൊലീസ് പറയുന്നു. പ്രതികളുടെ ഉദ്ദേശം മറ്റെന്തെങ്കിലുമായിരുന്നോയെന്നാണ് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അച്ഛന്റെ പശ്ചാത്തലം കൂടി പരിശോധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."