HOME
DETAILS
MAL
തെരഞ്ഞെടുപ്പ് വീഴ്ച: എറണാകുളം സി.പി.എമ്മില്‍ കൂട്ട നടപടി
backup
September 29 2021 | 03:09 AM
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ എറണാകുളത്ത് സി.പി.എമ്മില്‍ കടുത്ത നടപടി. ജില്ലാ നേതൃത്വം തരംതാഴ്ത്തിയ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേരെ സംസ്ഥാന നേതൃത്വം ഇടപെട്ട് സസ്‌പെന്‍ഡ് ചെയ്തു.
സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി.കെ മണിശങ്കര്‍, സെക്രട്ടേറിയറ്റ് അംഗം എന്‍.സി.മോഹനന്‍ ഉള്‍പ്പെടെയുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരേ നടപടി കുറഞ്ഞുപോയെന്ന വിമര്‍ശനത്തിലാണ് ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന്‍. സംസ്ഥാനത്തുണ്ടായ ഇടതുതരംഗത്തിലും എറണാകുളത്ത് പ്രതീക്ഷിച്ച വിജയം സംഭവിക്കാത്തതിന് ചില ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ കാരണമായെന്നാണ് സി.പി.എം നേതൃത്വത്തിന്റെ കണ്ടെത്തല്‍.
അച്ചടക്ക നടപടി കുറഞ്ഞുപോയെന്ന ജില്ലയിലെ ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഇന്നലെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനും പങ്കെടുത്ത യോഗത്തില്‍ നടപടി കടുപ്പിച്ചത്.
തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ മണിശങ്കര്‍, വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെ.ഡി വിന്‍സെന്റ്, പെരുമ്പാവൂരിലെ തോല്‍വിക്കു കാരണക്കാരനായ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്‍.സി മോഹനന്‍, തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് മണ്ഡലം സെക്രട്ടറി സി.എന്‍ സുന്ദരന്‍, ജില്ലാ കമ്മിറ്റി അംഗം ഷാജു ജേക്കബ്, കൂത്താട്ടുകുളത്തെ പാര്‍ട്ടി ഓഫിസ് സെക്രട്ടറി അരുണ്‍ എന്നിവരെയും ലോക്കല്‍, ബ്രാഞ്ച് തലങ്ങളിലെ ആറുപേരെയുമാണ് പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. പിറവത്തെ തോല്‍വിയിലാണ് ജില്ലാ കമ്മിറ്റി അംഗം ഷാജു ജേക്കബിനെതിരേ നടപടി. ജില്ലാ പ്രാദേശിക വ്യത്യാസമില്ലാതെ സസ്‌പെന്‍ഷന്‍ നടപടി ഉറപ്പാക്കണമെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
പെരുമ്പാവൂരിലെ പരാജയത്തിന് ഉത്തരവാദിയായ എന്‍.സി മോഹനെ നേരത്തെ ജില്ലാ കമ്മിറ്റി താക്കീത് ചെയ്യുകയും തൃക്കാക്കരയിലെ പരാജയത്തിന്റെ അടിസ്ഥാനത്തില്‍ മണിശങ്കറെ തരംതാഴ്ത്തുകയുമായിരുന്നു. ഇതിനെതിരേ പെരുമ്പാവൂരിലെ കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥി രംഗത്തുവന്നിരുന്നു. ഗുരുതര വീഴ്ച ഉണ്ടായിട്ടും ഇവര്‍ക്കെതിരേ എടുത്ത നടപടി പുനഃപരിശോധിക്കണമെന്ന് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."