HOME
DETAILS
MAL
ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ വിഭാഗീയത; സി.പി.എം നേതൃത്വത്തിന് വെല്ലുവിളിയായി ആലപ്പുഴ
backup
September 29 2021 | 03:09 AM
ജലീല്‍ അരൂക്കുറ്റി
ആലപ്പുഴ: പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു തുടക്കം കുറിച്ചതോടെ ആലപ്പുഴ ജില്ലയില്‍ സി.പി.എമ്മില്‍ വീണ്ടും വിഭാഗീയ തലപൊക്കുന്നത് നേതൃത്വത്തിനു വെല്ലുവിളിയാകുന്നു. വി.എസ്- പിണറായി പക്ഷങ്ങളായി നിലകൊണ്ട ആലപ്പുഴയിലെ ശാക്തിക ചേരികള്‍ ദുര്‍ബലമായെങ്കിലും ജില്ലാതലത്തിലും പ്രാദേശികതലങ്ങളിലുമുള്ള ഗ്രൂപ്പ് പോരാണ് സംസ്ഥാന നേതൃത്വത്തിന് തലവേദനയായി മാറിയത്.
പ്രാദേശിക ചേരിപ്പോരിന്റെ പേരില്‍ മാറ്റിവയ്ക്കുകയും നിര്‍ത്തിവയ്ക്കുകയും ചെയ്ത ബ്രാഞ്ച് സമ്മേളനങ്ങളുടെ എണ്ണം ജില്ലയില്‍ വര്‍ധിച്ചു. സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷനുള്‍പ്പെടെ ഇടപെട്ട് സമ്മേളനങ്ങള്‍ മാറ്റിവയ്പ്പിക്കുന്നതുവരെ എത്തി ചേരിപ്പോര്. കൊമ്മാടി ലോക്കല്‍ കമ്മിറ്റിയുടെ പരിധിയില്‍ വരുന്ന രണ്ടു ബ്രാഞ്ച് സമ്മേളനങ്ങള്‍ തര്‍ക്കം മൂലം മാറ്റിവച്ചു. ഇന്നലെ ചേര്‍ന്ന കളപ്പുര ബ്രാഞ്ച് സമ്മേളനം ബഹളവും കൈയേറ്റശ്രമവും കാരണം നിര്‍ത്തിവയ്പ്പിച്ചു. ഏരിയാ കമ്മിറ്റിയംഗവും മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണുമായ മേഴ്‌സി ഡയാന മാസിഡോയ്ക്കു നേരെയാണ് കൈയേറ്റശ്രമമുണ്ടായത്. ബഹളത്തെ തുടര്‍ന്ന് കളപ്പുര വെസ്റ്റ് ബ്രാഞ്ച് സമ്മേളനവും മാറ്റിവച്ചിരുന്നു.
വിഭാഗിയ ശക്തമായ അരൂര്‍ ഏരിയാ കമ്മിറ്റിക്കു കീഴിലുള്ള എട്ടു ബ്രാഞ്ച് സമ്മേളനങ്ങളാണ് കഴിഞ്ഞ ദിവസം മാറ്റിവച്ചത്. പാര്‍ട്ടി പത്രത്തിന്റെ വരിക്കാരെ ചേര്‍ക്കല്‍ പൂര്‍ത്തിയാക്കിയില്ലെന്ന് കാരണം പറഞ്ഞാണ് അമ്മനേഴം ബ്രാഞ്ച് സമ്മേളനമടക്കം മാറ്റിവച്ചത്. പോസ്റ്ററടിച്ചു പ്രചാരണം വരെ നടത്തിയ സമ്മേളനങ്ങളാണ് അവസാന നിമിഷം മേല്‍ഘടകം ഇടപെട്ടു മാറ്റിയത്. അരൂക്കുറ്റിയിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ ഇടപെട്ടാണ് മാറ്റിവയ്പ്പിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ക്കെതിരേ സ്വീകരിച്ച അച്ചടക്ക നടപടികളില്‍ ഇടപെട്ടാണ് ഇവിടെ സമ്മേളനം നീട്ടിയത്.
വനിതകള്‍ക്കും യുവാക്കള്‍ക്കും നേതൃതലത്തില്‍ പ്രാതിനിധ്യംനല്‍കണമെന്ന സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ താമരക്കുളം വേടപ്ലാവ് ബ്രാഞ്ച് സമ്മേളനത്തില്‍ സെക്രട്ടറിയായി മത്സരിച്ച സീമയെ വോട്ടെടുപ്പിലൂടെ തോല്‍പ്പിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ ജി.സുധാകരനെ അനുകൂലിക്കുന്നവരും സുധാകരവിരുദ്ധരുമായി നിലകൊണ്ട ജില്ലയിലെ നേതാക്കളെ സമ്മേളനത്തോടെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ സംസ്ഥാന നേതൃത്വം നടത്തുന്നുമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അമ്പലപ്പുഴ മണ്ഡലവുമായി ബന്ധപ്പെട്ട പരാതികളും പാര്‍ട്ടിക്കുള്ളില്‍ ഏറെ വിവാദം സൃഷ്ടിട്ടുണ്ട്. സുധാകരനെതിരേ സംസ്ഥാന കമ്മിറ്റി നിയോഗിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നടപടികള്‍ സ്വീകരിക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് സമവായ സാധ്യത രൂപപ്പെടുത്താനാണെന്ന് വിലയിരുത്തപ്പെടുന്നു. ആലപ്പുഴയില്‍ ജില്ലാ സമ്മേളനം സംസ്ഥാനത്ത് ഏറ്റവും വൈകി ജനുവരി അവസാനവാരമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതും വിഭാഗീയതയും തര്‍ക്കങ്ങളും മുന്നില്‍ കണ്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."