പഴയ പെന്‍ഷന്‍ പദ്ധതി തിരികെ കൊണ്ടുവന്ന് ഛത്തീസ്ഗഡ്; വാഗ്ദാനം നിറവേറ്റി ഭൂപേഷ് ബാഗെല്‍
റായ്പൂര്‍: 2022 ഏപ്രില്‍ ഒന്നിന് ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നവര്‍ പഴയ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാകുമെന്ന് ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2004 നവംബര്‍ ഒന്നിന് ശേഷവും 2022 ഏപ്രില്‍ ഒന്നിനു മുമ്പും നിയമനം ലഭിച്ച ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതിയും പുതിയതും തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും അതില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതവും പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ മാത്രമേ ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതിക്ക് അര്‍ഹതയുള്ളൂ. 2022 ഏപ്രില്‍ ഒന്നു മുതലുള്ള
സര്‍ക്കാര്‍ ജീവനക്കാര്‍ ഛത്തീസ്ഗഡ് ജനറല്‍ പ്രൊവിഡന്റ് ഫണ്ടിലെ അംഗങ്ങളാവും. 2004 നവംബര്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെ എന്‍.പി.എസ് അക്കൗണ്ടില്‍ നിക്ഷേപിച്ച ജീവനക്കാരുടെ സംഭാവനയും അതില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതവും എന്‍.പി.എസ് നിയമങ്ങള്‍ പ്രകാരം ജീവനക്കാരന് നല്‍കും.
ഇടക്കാലത്ത് പുതിയ പെന്‍ഷന്‍ സ്‌കീമില്‍ ചേര്‍ന്നവര്‍ക്ക് ഇഷ്ടമുള്ള പദ്ധതി സ്വീകരിക്കാമെങ്കിലും ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ അത് അന്തിമമായി കണക്കാക്കും. ഇതിനായി, സര്‍ക്കാര്‍ ജീവനക്കാര്‍ നോട്ടറൈസ് ചെയ്ത സത്യവാങ്മൂലത്തില്‍ എന്‍.പി.എസിനു കീഴില്‍ തുടരുകയോ പഴയ പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യം സ്വീകരിക്കുകയോ ചെയ്യുന്നതായി അറിയിക്കണം.
ഈ വര്‍ഷം ആദ്യം നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുമെന്ന് ഭൂപേഷ് ബാഗെല്‍ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."